ജമ്മു കശ്മീരിലും രാജസ്ഥാനിലും മാട്ടിറച്ചി വില്‍പന നിരോധിച്ചു

ശ്രീനഗര്‍: മുംബൈക്ക് പിന്നാലെ ജമ്മു കശ്മീരിലും രാജസ്ഥാനിലും മാട്ടിറച്ചി, മത്സ്യവില്‍പന നിരോധിച്ചു. അഭിഭാഷകനായ പരിമോക്ഷ് സത്തേ് ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ ധീരജ് സിങ് താക്കൂര്‍, ജനക്രാജ് കോട്ട്വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജമ്മു-കശ്മീരില്‍ മാട്ടിറച്ചി വില്‍പന നിരോധിച്ച് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കന്നുകാലികളെ കൊല്ലുന്നത്  വ്യാപകമാണെന്നും ഇത് ചില മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 ജമ്മു കശ്മീരിന് മാത്രം ബാധകമായ രണ്‍ബീര്‍ പീനല്‍ കോഡ് (ആര്‍.പി.സി) പ്രകാരം പശു, കാള, പോത്ത് എന്നീ മൃഗങ്ങളെ കൊല്ലുന്നതും മാട്ടിറച്ചി വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്. നിയമം ലംഘിച്ചാല്‍ ജാമ്യമില്ലാതെ 10 വര്‍ഷം തടവും പിഴയുമാണ് ശിക്ഷ. നിയമം കര്‍ശനമായി നടപ്പാക്കാന്‍ കോടതി ഡി.ജി.പിയോട് നിര്‍ദേശിച്ചു.

അതേസമയം, മീരാഭയന്തര്‍, മുംബൈ നഗരസഭ എന്നിവക്ക് പിന്നാലെ നവിമുംബൈ നഗരസഭയും ഇറച്ചിക്ക് നിരോധമേര്‍പ്പെടുത്തി. ജൈനമതക്കാരുടെ വ്രതാനുഷ്ഠാന ഉത്സവമായ പരിയൂഷാന്‍ പ്രമാണിച്ചാണ് നിരോധം. എന്‍.സി.പി.യാണ് നവിമുംബൈ നഗരസഭ ഭരിക്കുന്നത്. സെപ്തംബര്‍ ഒമ്പത് മുതല്‍17 വരെയാണ് നിരോധം.  

മീരാഭയന്തര്‍, മുംബൈ എന്നീ നഗരസഭകളിലെ ഇറച്ചി വ്യാപാര നിരോധത്തിനെതിരെ എന്‍.സി.പി രംഗത്ത് വന്നിരുന്നു. മുംബൈ നഗരത്തിലെ വാണിജ്യ വ്യവസായ മേഖലയില്‍ ശക്തമായ സാന്നിധ്യവും വിപുലമായ വോട്ട് ബാങ്കും ഉള്ള വിഭാഗമാണ് ജൈനമതക്കാര്‍. തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് നഗരസഭകളില്‍ ബി.ജെ.പി വിവാദപരമായ നിരോധതീരുമാനം കൈക്കൊണ്ടതെന്നായിരുന്നു എന്‍.സി.പി ആരോപിച്ചിരുന്നത്. ഇതിനുപിറകെ എന്‍.സി.പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയും ഇതേ തീരുമാനം കൈക്കൊണ്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ജൈനമത വിശ്വാസികളുടെ ആഘോഷമായ പരിയൂഷാന്‍െറ ഭാഗമായാണ് ഈമാസം 17, 18, 27 തീയതികളില്‍ മത്സ്യ, മാംസ വില്‍പന നിരോധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തങ്ങളുടെ ആഘോഷവേളകളില്‍ മാട്ടിറച്ചിയും മറ്റും വില്‍പന നടത്തുന്നത് നിരോധിക്കണമെന്ന് 1964 മുതല്‍ ജൈനമതക്കാര്‍  ആവശ്യപ്പെട്ടുവരുകയാണ്. നേരത്തേ ബുദ്ധമത വിശ്വാസികളുടെ വ്രതത്തിന്‍െറ ഭാഗമായി ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മാട്ടിറച്ചി നാലു ദിവസത്തേക്ക് നിരോധിച്ചത് വലിയ വിവാദമായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ് ശക്തികള്‍ രംഗത്തത്തെുകയും ചെയ്തിരുന്നു.

അതേസമയം, ബി.ജെ.പിയുടെ സഖ്യകക്ഷികളായ ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും നിരോധത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നിരോധദിനങ്ങള്‍ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുമെന്നും മാംസവില്‍പന തടയുന്നില്ളെന്ന് ഉറപ്പുവരുത്തുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അറിയിച്ചു. എന്നാല്‍ പരിയൂഷാനോട് അനുബന്ധിച്ച് ഇറച്ചിവില്‍പന നിരോധത്തിന് തുടക്കമിട്ടത് 1994ല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബി.ജെ.പിയുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.