തിരുവനന്തപുരം: എസ്.ഐ.ആർ എന്യൂമറേഷനിൽ കണ്ടെത്താനാകാത്ത 25.01 ലക്ഷം പേരുടെ പട്ടികയിൽ സംശയവും ചോദ്യങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. ഡിസംബർ ആറിന് ചേർന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ 20 ലക്ഷമായിരുന്നു അത്. കൃത്യം ഒരാഴ്ചക്കിപ്പുറം ഡിസംബർ 15ന് ആകെയുള്ള 2.78 കോടി ഫോമുകളിൽ തിരികെയെത്തിയ 2.77 കോടിയും (99.96 ശതമാനം) ഡിജിറ്റൈസ് ചെയ്തപ്പോഴാണ് കാണാമറയത്തുള്ളവർ 25 ലക്ഷമായത്. ഇത് മൊത്തം വോട്ടർപട്ടികയുടെ എട്ട് ശതമാനം വരും. കണക്കുകൾ ഗൗരവമായി കാണണമെന്നും 2025 ഒക്ടോബറിൽ പട്ടികയിലുണ്ടായിരുന്നവർ എങ്ങനെ ‘കാണാത്തവരായി’ മാറുമെന്നതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗത്തിലുയർന്ന ചോദ്യം.
എന്യൂമറേഷന് അനുവദിച്ച സമയപരിധി നീട്ടിയതോടെ ഈ അധികസമയത്ത് പരമാവധി പേരെ കണ്ടെത്താനായിരുന്നു സി.ഇ.ഒയുടെ നിർദേശം. അതിനാൽ, കണ്ടെത്താനാകാത്തവരുടെ എണ്ണം കുറയേണ്ടതിന് പകരം ആളെണ്ണം കുതിച്ചുയർന്നു. ഇതെങ്ങനെ സംഭവിക്കുമെന്ന് ചോദ്യമുയർന്നു. ഈ കണക്കുകൾ കമീഷന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നതിന് തെളിവാണെന്നാണ് ആരോപണം. രേഖകൾ സമർപ്പിക്കാനായി ആർക്കൊക്കെ നോട്ടീസ് നൽകുമെന്ന കാര്യം കരട് പട്ടികയിൽ പരാമർശിക്കണമെന്ന് യോഗത്തിൽ ആവശ്യവുമുയർന്നു. എന്ത് കാരണാലാണ് നോട്ടീസ് നൽകുന്നതെന്ന് വ്യക്തമാക്കണം. സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി സംഘടിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കമീഷന്റെ കണക്ക് പ്രകാരം 25.01 ലക്ഷത്തിൽ 6.44 ലക്ഷം പേർ മരിച്ചവരാണ്. 1.31 ലക്ഷം പേരുകൾ പട്ടികയിലെ ഇരട്ടിപ്പാണ്. കണ്ടെത്താനാകാത്തവർ 7.11 ലക്ഷം. 8.19 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരാണ്. ഫോം വാങ്ങാത്തവരോ, വാങ്ങിയെങ്കിലും തിരിച്ചേൽപ്പിക്കില്ലെന്ന് അറിയിച്ചവരോ ആയി 1.93 ലക്ഷം പേരുണ്ട്. ഇതിലൊന്നും ഉൾപ്പെടാത്തവരുടെ പട്ടിക കരട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് പ്രത്യേകം പ്രസിദ്ധീകരിക്കണമെന്നും ഇവർക്ക് കരടിൽ ഉൾപ്പെടാൻ അവസരമൊരുക്കണമെന്നും സി.പി.എം പ്രതിനിധി എം.വി ജയരാജൻ, മുസ്ലിം ലീഗ് പ്രതിനിധി അഡ്വ.മുഹമ്മദ് ഷാ എന്നിവർ ആവശ്യപ്പെട്ടു. എന്നാൽ, കണ്ടെത്താനാകാത്തവരുടെ പട്ടിക ചൊവ്വാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ബൂത്ത് തിരിച്ചുള്ള പട്ടിക ബി.എൽ.ഒമാർ ബി.എൽ.എമാർക്ക് നൽകിയിട്ടുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി. ഇതിന് പുറമേ മരിച്ചവരുടെ പട്ടികയിലും സംശയമുയർന്നു. മരിച്ചവർ ആറ് ലക്ഷമെന്ന കണക്ക് ശരിയല്ലെന്നും ഇത് ഏത് രേഖ പ്രകാരമാണെന്നും കോൺഗ്രസ് പ്രതിനിധി എം.കെ റഹ്മാൻ ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടപ്പാക്കിയതിന്റെ ഫലമാണ് കണ്ടെത്താനാകാത്തവരുടെ എണ്ണം കൂടിയതെന്ന് സി.പി.ഐ പ്രതിനിധി സത്യൻ മൊകേരി ചൂണ്ടിക്കാട്ടി. മാത്യു ജോർജ് (കേരള കോൺഗ്രസ്), ആനന്ദ് കുമാർ (കേരള കോൺഗ്രസ്-എം), ജെ.ആർ പത്മകുമാർ (ബി.ജെ.പി), പി.ജി പ്രസന്നകുമാർ (ആർ.എസ്.പി) എന്നിവർ സംബന്ധിച്ചു.
മരിച്ചവർ 6.44 ലക്ഷം
സ്ഥിരമായി താമസം മാറിയവർ 8.19 ലക്ഷം
കണ്ടെത്താനാകാത്തവർ 7.11 ലക്ഷം
ഇരട്ടിപ്പ് 1.31 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.