ഷീന ബോറ കേസ്: അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്

മുംബൈ: ഷീന ബോറ കൊലക്കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കൊലക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയുടെയും നിലവിലെ ഭര്‍ത്താവ് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ ഫോറന്‍സിക് ഓഡിറ്റിങ് പൂര്‍ത്തിയാവുകയും ഷീനയുടേതെന്ന് കരുതുന്ന ജഡാവശിഷ്ടങ്ങളുടെ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യുന്നതോടെ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് വിവരം.
 മൃതദേഹം ഉപേക്ഷിച്ച പെന്നിലെ ഗാഗൊഡെ ഖുര്‍ദ് ഗ്രാമത്തില്‍നിന്ന് കണ്ടെടുത്ത തലയോട്ടി ഷീനയുടേതിന് സമാനമാണെന്ന് ക്രാണിയോഫേഷ്യല്‍ സൂപ്പര്‍ ഇംപോസിഷന്‍ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. തലയോട്ടിയുടെ മുഖഭാഗവും ആളുടെ ഫോട്ടോയും താരതമ്യം ചെയ്തുള്ള ഡിജിറ്റല്‍ പരിശോധനയാണിത്. നേരത്തേ എല്ലുകള്‍ 22നും 25നും ഇടയിലുള്ള പെണ്‍കുട്ടിയുടേതാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലേ കണ്ടത്തെിയവ ഷീനയുടേതാണെന്ന് ഉറപ്പിക്കാനാകൂവെന്ന് പൊലീസ് വൃത്തങ്ങള്‍
പറഞ്ഞു.
അതേസമയം ഇന്ദ്രാണി മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ പൊലീസ് കസ്റ്റഡി തിങ്കാളാഴ്ച വരെ നീട്ടി. നവമാധ്യമങ്ങളും ആധുനിക സാങ്കേതികവിദ്യയും കൊലപാതകാസൂത്രണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈ മുതല്‍ ലണ്ടന്‍ വരെ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധനയിലാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസംകൂടി ചോദ്യംചെയ്യാനുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ഇന്ദ്രാണിയുടെ അഭിഭാഷക എതിര്‍ത്തെങ്കിലും കോടതി പൊലീസ് കസ്റ്റഡി നീട്ടുകയായിരുന്നു. കൊലചെയ്യാനുള്ള കാരണം സങ്കീര്‍ണമാണെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.
ഇതിനിടെ, ഷീനയും ഇന്ദ്രാണിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നില്ളെന്നും ഇന്ദ്രാണിയെ ഷീന മാനിച്ചിരുന്നില്ളെന്നും വിധി പൊലീസിന് മൊഴി നല്‍കി. ഇന്ദ്രാണിക്ക് സഞ്ജീവ് ഖന്നയിലുള്ള മകളാണ് വിധി. ഇപ്പോള്‍ പീറ്റര്‍ മുഖര്‍ജിയുടെ ദത്തുപുത്രിയാണ്.
അമ്മയും ഷീനയും തമ്മില്‍ പിണങ്ങിയതിനെ തുടര്‍ന്ന് താന്‍ ഇടപെട്ടിരുന്നതായും വിധി മൊഴിനല്‍കിയിട്ടുണ്ട്. അതേസമയം, സഞ്ജീവ് ഖന്നയും ഇന്ദ്രാണിയും ചേര്‍ന്ന് കഴുത്തുഞെരിച്ചാണ് ഷീനയെ കൊന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജഡം കാറിന്‍െറ പിന്‍സീറ്റില്‍ ഖന്നക്കും ഇന്ദ്രാണിക്കും ഇടക്കിരുത്തിയാണ് പെന്നിലേക്ക് കൊണ്ടുപോയതെന്നും സംശയം തോന്നാതിരിക്കാന്‍ ഷീനയുടെ ചുണ്ടില്‍ ഇന്ദ്രാണി ലിപ്സ്റ്റിക് പുരട്ടുകയും മുടി ചീകി ഒതുക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അമ്മയുടെ ചുമലില്‍ തല ചായ്ച്ചുറങ്ങുന്നതുപോലെ ഷീനയുടെ തല ഇന്ദ്രാണിയുടെ ചുമലിലേക്ക് ചരിച്ചുവെക്കുക
യായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.