സുപ്രീംകോടതി
ന്യൂഡൽഹി: ന്യൂനപക്ഷവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ ഭരണഘടന ബെഞ്ചിന്റെ 2014ലെ ഉത്തരവിനെതിരെ റിട്ട് ഹരജി നൽകിയ സർക്കാറിതര സംഘടനയെ ‘പൊരിച്ച്’ സുപ്രീംകോടതി. യുനൈറ്റഡ് വോയ്സ് ഫോർ എജുക്കേഷൻ ഫോറം എന്ന സംഘടനക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
ആർട്ടിക്ൾ 32 പ്രകാരം ഈ കോടതി വിധിയെ വെല്ലുവിളിച്ച് ഹരജി നൽകുന്നത് കടുത്ത ദുരുപയോഗമാണെന്നും കോടതിയലക്ഷ്യത്തിന് ഉത്തരവിടുന്നില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം കേസുകൾ ഫയൽ ചെയ്ത് ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടരുതെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇത് മറ്റുള്ളവർക്ക് ഒരു സന്ദേശമായിരിക്കട്ടെയെന്നും തങ്ങൾ രോഷാകുലരാണെന്നും ബെഞ്ച് തുറന്നടിച്ചു.
ഇത്തരം കേസുകൾക്ക് നിയമോപദേശം നൽകുന്ന അഭിഭാഷകരെ ശിക്ഷിക്കേണ്ടിവരും. തൽക്കാലം ഹരജിക്കാരന് ലക്ഷം രൂപ പിഴയിൽ ശിക്ഷ ഒതുക്കുകയാണെന്ന് കോടതി പറഞ്ഞു. മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്ന ആർട്ടിക്ൾ 30(1) പ്രകാരം ന്യൂനപക്ഷ സ്കൂളുകൾക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്നായിരുന്നു 2014ലെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.