രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻ നഗരങ്ങളിലെ ഗുരുതരമായ വായു മലിനീകരണ വിഷയം ലോക്സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിഷയത്തിൽ ചർച്ചവേണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ശൂന്യവേളയിലായിരുന്നു രാഹുൽ വിഷയം ചൂണ്ടിക്കാട്ടി സംസാരിച്ചത്. ഇത് രാഷ്ട്രീയമോ, പ്രത്യയശാസ്ത്രമോ ആയ വിഷയമല്ല. സർക്കാറിനും പ്രതിപക്ഷത്തിനും യോജിച്ച് പ്രവർത്തിക്കാൻ പറ്റുന്ന അപൂർവം വിഷയങ്ങളിൽ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല നഗരങ്ങളിലും വിഷലിപ്തമായ അന്തരീക്ഷമാണുള്ളത്. അത് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്ക് ശ്വാസകോശ രോഗങ്ങൾക്ക് ഇടവരുത്തുകയും അവരുടെ ഭാവിയെത്തന്നെ ബാധിക്കുകയും ചെയ്യുന്നു. പ്രായമായവരും ദുരിതത്തിലാണ്. മലിനീകരണം രൂക്ഷമായ ഓരോ നഗരത്തിലും അതിന് അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ പ്രതിവിധി കണ്ടെത്താൻ പറ്റുന്ന സമഗ്രമായ പദ്ധതി പ്രധാനമന്ത്രി അവതരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ സംസാരിച്ചതിന് പിന്നാലെ എഴുന്നേറ്റ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഈ വിഷയം രാവിലെ കാര്യോപദേശക സമിതിക്ക് മുമ്പാകെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും ഏത് ചട്ടത്തിന് കീഴിലും ഈ വിഷയം ചർച്ച ചെയ്യാൻ സർക്കാർ ഒരുക്കമാണെന്നും അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ വിഷയവും സഭയിൽ ചർച്ച ചെയ്യാനും രാഹുൽ ഗാന്ധി നയിക്കുന്ന പാർട്ടി ഉൾപ്പെടെ എല്ലാ അംഗങ്ങളുടെയും നിർദേശം കണക്കിലെടുത്ത് പരിഹാരം കണ്ടെത്താനും സർക്കാർ സന്നദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.