ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്നതിനാൽ നിരവധി പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ മിക്കയിടങ്ങളിലും വായുഗുണനിലവാര സൂചിക (എ.ക്യൂ.ഐ) വളരെ മോശം വിഭാഗത്തിലാണെങ്കിലും നിരവധി പ്രദേശങ്ങളിൽ ഗുരുതര വിഭാഗം രേഖപ്പെടുത്തിയിരുന്നു.
അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് വിമാനത്താവളത്തിലും നിരവധി പ്രദേശങ്ങളിലും കനത്ത പുകമഞ്ഞ് രൂപപ്പെട്ടത് യാത്രക്കാരിൽ ആശങ്കയ ഉയർത്തിയിരുന്നു. എന്നാൽ പുകമഞ്ഞിനെ തുടർന്നുള്ള ദൃശ്യപരത വിമാന സർവീസുകളെ ബാധിക്കില്ലെന്നും സേവനങ്ങൾ സാധാരണ രീതിയിൽ തുടരുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.
വായുഗുണനിലവാരത്തിൽ ഈ ആഴ്ച നേരിയ പുരോഗതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ഗുരുതര വിഭാഗത്തിലേക്ക് ഗുണനിലവാരം ഉയർന്നത്. ഏറ്റവും ഉയർന്ന എ.ക്യു.ഐ 435 രേഖപ്പെടുത്തിയത് വാസിർപൂറിലാണ്. തൊട്ടുപിന്നാലെ ജഹാംഗീർപൂരിയിൽ 439, വിവേക് വിഹാർ 437, ആനന്ദ് വിഹാർ 434 എന്നിങ്ങനെ 18 പ്രദേശങ്ങളിൽ എ.ക്യൂ.ഐ 400 ന് മുകളിലാണ് രേഖപ്പെടുത്തിയത്.
ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്തരീക്ഷ മലിനികരണത്തോടൊപ്പം പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങൾ ഗുരുതരമാക്കുകയാണ്. കാറ്റിന്റെ വേഗത, ഉയർന്ന ഈർപ്പം, താപനിലയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങൾ വായു മലിനീകരണ തോത് വർധിക്കാൻ കാരണമാണ്.
ഇതിനിടെ വരും ദിവസങ്ങളിൽ ഡൽഹിയുടെ വായു ഗുണനിലവാരം കൂടുതൽ വഷളാകാനും ‘തീവ്ര’ വിഭാഗത്തിലെത്താനും സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന വായു മലിനീകരണം മിക്ക നഗരത്തിലെയും സാധാരണക്കാരെ കാര്യമായി ബാധിക്കുന്നതാണ്. മാത്രവുമല്ല അന്തരീക്ഷ മലിനീകരണവും നഗരത്തിലെ ശൈത്യകാല വായുവും ഒരുമിച്ചത് അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരത്തിൽ താമസിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ശ്വസന സംബന്ധമായ അസുഖമുള്ളവരെയാണ് കാര്യമായി ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.