പാക് സംഘത്തിന്‍െറ നാടകം അലങ്കോലപ്പെടുത്തിയ നാലു ശിവസേനക്കാര്‍ കസ്റ്റഡിയില്‍

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ പാകിസ്താന്‍ നാടക സംഘത്തിന്‍െറ പരിപാടി അലങ്കോലപ്പെടുത്തിയ നാലു ശിവസേന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ ലാഹോര്‍ മാസ് ഫൗണ്ടേഷന്‍ നാടക സംഘത്തിന്‍െറ 'ഭാഞ്ച്' എന്ന നാടകം തുറന്ന വേദിയില്‍ അവതരിപ്പിക്കുന്നതിനിടെയാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. വേദിയില്‍ കയറി പാക് വിരുദ്ധ മുദ്രാവാക്യം വിളിച്ച ശിവസേനക്കാര്‍ തുടര്‍ന്ന് നാടകം തടസപ്പെടുത്തുകയായിരുന്നു.

ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിക്കിടെയായിരുന്നു സംഭവം. നാടകം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു പ്രതിഷേധം അരങ്ങേറിയത്. നാടകത്തിന്‍െറ ഭാഗമായി വേദിയില്‍ സ്ഥാപിച്ച പാക് പതാക നിലത്തിട്ട ശേഷം ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ധാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളും ശിവസേനക്കാര്‍ വിളിച്ചു.

നാടകസംഘത്തെ ക്ഷണിച്ചതിന് പരിപാടിയുടെ സംഘാടകരുമായി പ്രതിഷേധക്കാര്‍ വാക്കേറ്റം നടത്തി. പരിപാടിയുടെ സുരക്ഷയ്ക്കായി രണ്ട് പൊലീസുകാരെ മാത്രം നിയോഗിച്ചത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. സമാധാന സന്ദേശത്തിന്‍െറ ഭാഗമായാണ് നാടകം സംഘടിപ്പിച്ചതെന്നും പരിപാടി തടസപ്പെട്ടതില്‍ വിഷമമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.