സയ്യിദ് അലിഷാ ഗീലാനിക്ക് നവാസ് ശരീഫിന്‍െറ ക്ഷണം

ന്യൂഡല്‍ഹി: ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് അലിഷാ ഗീലാനിക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ക്ഷണം. പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിത് വഴിയാണ് അലിഷാ ഗീലാനിക്ക് നവാസ് ശരീഫ് ക്ഷണക്കത്ത് അയച്ചത്. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ വെച്ച് പാക് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ മന്‍സൂര്‍ അഹ്മദ് ഖാനും മറ്റ് ഉദ്യോഗസ്ഥരുമാണ് കത്ത് കെമാറിയത്.

'ഞാന്‍ താങ്കളെ പാകിസ്താനിലേക്ക് ക്ഷണിക്കുകയാണ്. താങ്കളുമായുള്ള കൂടിക്കാഴ്ച ഇപ്പോഴത്തെ കശ്മീരിലെ അവസ്ഥയെ പറ്റി അറിയാന്‍ ഉപകരിക്കും. എത്രയും പെട്ടെന്ന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ താങ്കള്‍ സമയം കണ്ടെ ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്' -ശരീഫ് കത്തില്‍ പറഞ്ഞു.

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാതെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നല്ല ബന്ധം സാധ്യമല്ല എന്ന് ഇന്ത്യയോട് പാകിസ്താന്‍ വ്യക്തമാക്കിയതാണെന്നും ശരീഫ് കത്തില്‍ പറഞ്ഞു. കശ്മീര്‍ എന്നത് വെറും അതിര്‍ത്തി പ്രശ്നമല്ല. രണ്ട് കോടി ജനങ്ങളുടെ സ്വയം നിര്‍ണയത്തിന്‍െറ പ്രശ്നമാണത്. കശ്മീരിന് രാഷ്ട്രീയ, നയതന്ത്ര, ധാര്‍മിക പിന്തുണയും പാകിസ്താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ശരീഫ് കത്തില്‍ വ്യക്തമാക്കി. നവാസ് ശരീഫിന്‍െറ ദൂതുമായെ ത്തിയ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഗീലാനിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

കശ്മീരില്‍ ഉടക്കി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെക്രട്ടറി തല ചര്‍ച്ചകള്‍ കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഭീകരവാദം മാത്രമല്ല കശ്മീരും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു പാകിസ്താന്‍െറ ആവശ്യം. ഇതിനായി വിമതരുമായും ചര്‍ച്ച വേണമെന്ന് പാകിസ്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.