രാജ്യത്ത് പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ; ഇ-സ്‌പോർട്‌സിന് രജിസ്‌ട്രേഷൻ നിർബന്ധമാക്കും

ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ ഗെയിമിങ് മേഖലയെ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 'ഓൺലൈൻ ഗെയിമിങ് റെഗുലേഷൻ ആക്ട്' ചട്ടങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്തു. മേയ് ഒന്ന് മുതലാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽവരുക. ഇതോടെ രാജ്യത്ത് ഓൺലൈൻ ഗെയിമിങ് അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കും തുടക്കമാകും.

പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് (Real Money Games) രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. എന്നാൽ സാധാരണ സോഷ്യൽ ഗെയിമുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ഐ.ടി സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചു. ചട്ടങ്ങൾപ്രകാരം, ഭൂരിഭാഗം ഗെയിമുകൾക്കും നിർബന്ധിത രജിസ്‌ട്രേഷൻ ആവശ്യമില്ല. എന്നാൽ ഇ-സ്‌പോർട്‌സ് എന്ന വിഭാഗത്തിൽപ്പെടുന്ന ഗെയിമുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

സാധാരണ സോഷ്യൽ ഗെയിമുകളെ നിയന്ത്രണങ്ങളിൽനിന്ന് പരമാവധി ഒഴിവാക്കി 'റെഗുലേഷൻ ലൈറ്റ്' സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഗെയ്മിങ് അതോറിറ്റി സ്വമേധയാ എടുക്കുന്ന തീരുമാനങ്ങൾ വഴിയോ, ഇ-സ്‌പോർട്‌സ് ഗെയിമുകളുടെ കാര്യത്തിലോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന സോഷ്യൽ ഗെയിമിങ് വിഭാഗങ്ങളിലോ സർക്കാറിന്റെ ഇടപെടലുകൾ ഏതുസമയത്തും ഉണ്ടായേക്കാമെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു.

ഗെയിം കളിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ഫീച്ചറുകൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ-സ്‌പോർട്‌സിനെയും സോഷ്യൽ ഗെയിമിങ്ങിനെയും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

2025 ഒക്ടോബറിൽ ചട്ടങ്ങളുടെ കരട് പുറത്തിറക്കി പൊതുജനങ്ങളിൽ നിന്നും വിവിധ സ്റ്റേക്ക് ഹോൾഡർമാരിൽനിന്നും മന്ത്രാലയം അഭിപ്രായങ്ങൾ തേടിയിരുന്നു. ഏകദേശം 2,500 ഓളം നിർദേശങ്ങൾ പരിഗണിച്ച ശേഷമാണ് അന്തിമ ചട്ടങ്ങൾക്ക് രൂപം നൽകിയത്.

Tags:    
News Summary - New online gaming regulations in the country; Registration will be mandatory for e-sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.