കൊൽക്കത്ത: 294 അംഗ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി ഇന്ന് 152 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലെത്തവെ അമ്പരപ്പിക്കുന്ന സേനാ വിന്യാസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എൻ.എസ്.ജി അസം റൈഫിൾസ് എന്നീ സേനകളിൽ നിന്നായി 2.4ലക്ഷം പേരടങ്ങുന്ന 2,407 കമ്പനിയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. വംശീയ കലാപം നിയന്ത്രിക്കാൻ മണിപ്പൂരിൽ നിയോഗിച്ചതിന്റെ എട്ടിരട്ടി വരുമിത്.
അക്രമ സാധ്യതകൾ തടഞ്ഞ് വോട്ടർമാരിൽ ആത്മവിശ്വാസം വളർത്താനും ക്രമസമാധാനം ഉറപ്പാക്കാനുമാണിതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിക്കുമ്പോൾ, ബംഗാളിൽ കേന്ദ്രം നടത്തുന്ന കടന്നു കയറ്റമാണെന്ന് രാജ്യസഭാംഗവും സംസ്ഥാനത്തെ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷനറുമായ ജവഹർ സിർകാർ കുറ്റപ്പെടുത്തുന്നു. മുൻപെങ്ങുമില്ലാത്ത വിധം ഇത്ര വിപുലമായ സൈനിക സാന്നിധ്യം വോട്ടർമാരിൽ സാമൂഹിക-മനഃശാസ്ത്രപരമായ ആഘാതമുണ്ടാക്കുകയും വോട്ടിങ്ങിനെ സ്വാധീനിക്കുകയും ചെയ്തേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2021ലെ തെരഞ്ഞെടുപ്പിൽ കൂച്ച് ബെഹാറിലെ സിതാൽകുച്ഛിയിൽ വോട്ടുചെയ്യാൻ ക്യൂവിൽ നിന്ന അഞ്ചുപേർ കേന്ദ്രസേനയുടെ വെടിയേറ്റ് മരിച്ച സംഭവവും പല വോട്ടർമാരുടെയും മനസ്സിലുണ്ട്.
എന്നാൽ, മുൻകാലങ്ങളിൽ എട്ട് ഘട്ടങ്ങളിലായി നടത്തിവന്ന തെരഞ്ഞെടുപ്പ് ഇക്കുറി രണ്ടു ഘട്ടങ്ങളിലേക്ക് ചുരുക്കിയതിനാലാണ് ഇത്രയധികം സേന ഒരേസമയം ആവശ്യമായി വന്നതെന്നാണ് മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷനർ എൻ.ഗോപാൽ സ്വാമിയുടെ വാദം. എസ്.ഐ.ആർ മുഖേനെ പട്ടികയിൽ നിന്ന് 150 ലേറെ വോട്ടുകൾ നീക്കം ചെയ്യപ്പെട്ട ബൂത്തുകളെ അതീവ പ്രശ്നസാധ്യതാ ഇടങ്ങളായി വിലയിരുത്തി അവിടെയാണ് കൂടുതൽ സേനകളെ നിയോഗിച്ചിരിക്കുന്നത്.
ഏറ്റവുമധികം ആളുകളുടെ പേരുകൾ നീക്കിയ ന്യൂനപക്ഷ ജില്ലയായ മുർഷിദാബാദിലാണ് ഏറ്റവും കൂടിയ സേനാ വിന്യാസം-31600 സേനാംഗങ്ങളാണ് ഇവിടെ നിലയുറപ്പിക്കുക. വോട്ടെണ്ണലിന് ശേഷവും 500 കമ്പനി സേനയെ ബംഗാളിൽ നിലനിർത്താനാണ് കമീഷന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.