ബംഗാൾ പോരാട്ടം: മമതക്ക് പിന്തുണയുമായി കെജ്‌രിവാൾ; തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷവിമർശനം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമത ബാനർജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ബംഗാളിൽ നടക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ടതും ദുഷ്‌കരവുമായ പോരാട്ടമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

മമത ബാനർജിയുമായി ഫോണിൽ സംസാരിച്ച വിവരം എക്‌സിലൂടെയാണ് (ട്വിറ്റർ) കെജ്‌രിവാൾ പങ്കുവെച്ചത്. കേന്ദ്ര ഏജൻസികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭവാനിപൂർ മണ്ഡലത്തിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലിക്ക് കമ്മീഷൻ അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ റാലികൾക്ക് ആറ് മണിക്കൂറിനുള്ളിൽ അനുമതി ലഭിക്കുമ്പോൾ, ഒരു മുഖ്യമന്ത്രിയായ തനിക്ക് സ്വന്തം മണ്ഡലത്തിൽ അനുമതി നിഷേധിക്കുന്നത് വിവേചനമാണെന്ന് അവർ ആരോപിച്ചു.

പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടമായ ഏപ്രിൽ 23ന് 152 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടമായ 29ന് 142 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസും ആദ്യമായി അധികാത്തിലെത്താൻ ബിജെപിയും തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. 

Tags:    
News Summary - Bengal eletion: Kejriwal supports Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.