മാട്ടിറച്ചി നിരോധം: ജമ്മു-കശ്മീര്‍ ഹൈകോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു

ശ്രീനഗര്‍: സംസ്ഥാനത്തെ മാട്ടിറച്ചി നിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജമ്മു-കശ്മീര്‍ ഹൈകോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു. ജസ്റ്റിസുമാരായ മുസാഫിര്‍ ഹുസൈന്‍ അത്തര്‍, അലി മുഹമ്മദ് മാഗ്രെ, താഷി റബ്സ്താന്‍ എന്നിവരടങ്ങുന്ന ബെഞ്ചിനോട് കേസുകള്‍ ഈ മാസം 16ന് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച് ഹൈകോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്തെ മാട്ടിറച്ചി നിരോധം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ജമ്മുവിലെ ഹൈകോടതി ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
ഒരാഴ്ചക്കുശേഷം ശ്രീനഗറിലെ ഡിവിഷന്‍ബെഞ്ച് മാട്ടിറച്ചി നിരോധത്തിന്‍െറ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സമര്‍പ്പിച്ച റിട്ട് ഹരജി ഫയലില്‍ സ്വീകരിക്കുകയും വിഷയത്തില്‍ സംസ്ഥന സര്‍ക്കാറിന്‍െറ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.
നിരോധത്തിന്‍െറ കാര്യത്തില്‍ ഇരു ബെഞ്ചുകളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ സഹായം തേടിയത്. ഇതേതുടര്‍ന്നാണ് പ്രത്യേക ബെഞ്ച് രൂപവത്കരിച്ച് കേസുകള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.