പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ഹിമാചലും ബ്രിട്ടനുമായി ധാരണ

ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലഘട്ടത്തിലെ അപൂര്‍വമായ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ബ്രിട്ടനുമായി കൈകോര്‍ക്കുന്നു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഡേവിഡ് എലിയട്ട് സെപ്റ്റംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങുമായി കൂടിക്കാഴ്ച നടത്തും.

1864 മുതല്‍ 1947 വരെ ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല ഭരണകേന്ദ്രമായിരുന്ന ഷിംലയിലെ പൈത്യക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തേതന്നെ ബ്രിട്ടന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഷിംലയിലും സംസ്ഥാനത്തിന്‍െറ വിവിധയിടങ്ങളിലുമുള്ള പൈതൃകങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാന്‍ ബ്രിട്ടന്‍െറ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരിന്‍െറ ലക്ഷ്യം.

ബ്രിട്ടീഷ്-ഇന്ത്യയിലെ പ്രമുഖ കെട്ടിടമായ ഷിംലയിലെ 'വൈസ്റീഗല്‍ ലോഡ്ജ്' ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ പ്രധാന പൗരാണിക കെട്ടിടങ്ങളിലൊന്നാണ്.  മഹാത്മാ ഗാന്ധി, 1922ല്‍ ലോര്‍ഡ് റീഡിംഗുമായും 1931ല്‍  ലോര്‍ഡ് വെല്ലിംഗ്ടണുമായും കൂടിക്കാഴ്ച നടത്തിയത് ഇവിടെ വെച്ചായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് പ്രമുഖ സ്ഥാനമാണുള്ളത്. 1945ല്‍ പ്രശസ്തമായ ഷിംല കോണ്‍ഫ്രന്‍സ് നടന്നതും ഇവിടെ വെച്ചാണ്. ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രവര്‍ത്തിക്കുന്നത്.


സ്വാതന്ത്ര്യലബ്ധിക്കുശേഷം ഷിംല ആദ്യം പഞ്ചാബിന്‍െറയും പിന്നീട് ഹിമാചല്‍ പ്രദേശിന്‍െറയും തലസ്ഥാനമായി മാറി. ഇത്തരത്തില്‍ ചരിത്രപ്രസിദ്ധമായ 95 കെട്ടിടങ്ങളാണ് ഇപ്പോള്‍ ഷിംലയില്‍ മാത്രമുള്ളത്. ബ്രിട്ടന്‍െറ സഹായത്തോടെ സംസഥാനത്തെ ടൂറിസം വ്യവസായം മെച്ചപ്പെടുത്തുക എന്നതാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്‍െറ ലക്ഷ്യം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.