കൂട്ട ക്ലാസ്‌ കയറ്റത്തില്‍ പുനരാലോചന

ന്യൂഡല്‍ഹി: എട്ടാം ക്ളാസ് വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കരുതെന്ന നയത്തില്‍ മാറ്റംവരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് (സി.എ.ബി.ഇ) യോഗത്തില്‍ ഇതുസംബന്ധിച്ച് ഏകാഭിപ്രായമുയര്‍ന്നതായും സംസ്ഥാനങ്ങളോട് നിലപാടറിയിക്കാന്‍ നിര്‍ദേശിച്ചതായും കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷ നിര്‍ബന്ധമാക്കുന്ന രീതി പുനരാരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നതായി മന്ത്രി അറിയിച്ചു. എട്ടുവരെ ക്ളാസുകളില്‍ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുന്ന വിഷയത്തില്‍ നടത്തിയ തെളിവെടുപ്പില്‍, വിദ്യാര്‍ഥികളുടെ പഠനനിലവാരം ഏറെ മോശമാകുന്നെന്ന് അഭിപ്രായമുയര്‍ന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടിനെ 18 സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാര്‍ പിന്തുണച്ചു. ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ചും വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം വിശദചര്‍ച്ച നടത്തിയതായി സ്മൃതി അറിയിച്ചു. വിദ്യാഭ്യാസ നയരൂപവത്കരണത്തിന്‍െറ ഭാഗമായി സെപ്റ്റംബറില്‍ മന്ത്രി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. നയത്തിന്‍െറ കരട് ഡിസംബറില്‍ തയാറാവും.

സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്താനും വിദ്യാര്‍ഥികള്‍ പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുന്നത് തടയാന്‍ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചിമുറി നിര്‍മിക്കണമെന്ന നിര്‍ദേശം എല്ലാ സംസ്ഥാനങ്ങളും പാലിച്ചതായി മന്ത്രി പറഞ്ഞു. സ്കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുന്നത് പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഉപകരിക്കുമെന്ന് വനിതാ ശിശുക്ഷേമമന്ത്രി മേനക ഗാന്ധി യോഗത്തില്‍ അഭിപ്രായപ്പെട്ടു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.