അബ്ദുല്ല എ. റഹ്മാൻ യു.എൻ സമ്മേളനത്തിൽ (ഇടത്തുനിന്ന് ഒന്നാമത്) പ്രതിനിധികൾക്കൊപ്പം
മംഗളൂരു: ചൂഷണമുക്ത സാഹചര്യങ്ങളിലൂടെ മനുഷ്യക്കടത്ത് എങ്ങനെ തടയാം എന്നതിന്റെ പ്രായോഗിക പാഠങ്ങൾ, ന്യൂയോർക്കിൽ യു.എൻ ആസ്ഥാനത്ത് ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കുവെച്ച് മംഗളൂരു ആസ്ഥാനമായ ആന്റി പൊല്യൂഷൻ ഡ്രൈവ് ഫൗണ്ടേഷൻ (എ.പി.ഡി.എഫ്). സന്നദ്ധ സംഘടന സ്ഥാപകനും സി.ഇ.ഒയുമായ കാസർകോട് തളങ്കര തെരുവത്ത് സ്വദേശി അബ്ദുല്ല എ. റഹ്മാനാണ് ദ്വിദിന സമ്മേളനത്തിൽ ബദൽ നിർദേശങ്ങൾ സമർഥിച്ചത്.
2014ൽ ഗാന്ധി ജയന്തി ദിനത്തിൽ രൂപവത്കരിച്ച എ.പി.ഡി.എഫിന്റെ പ്രവർത്തന ഡോക്യുമെന്ററി നേരത്തെ സമർപ്പിച്ചത് യു.എൻ അംഗീകരിച്ചിരുന്നു. തുടർന്നാണ് സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചത്. മറ്റു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ലൈംഗിക ചൂഷണങ്ങൾ ഉൾപ്പെടെ മനുഷ്യക്കടത്ത് മേഖലയിലെ കെടുതികൾ അവതരിപ്പിച്ചപ്പോൾ തനിക്ക് ഫൗണ്ടേഷന്റെ വേറിട്ട അനുഭവങ്ങൾ പങ്കുവെക്കാനായെന്ന് അബ്ദുല്ല എ. റഹ്മാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ആഗോള പ്രവർത്തന പദ്ധതിയെക്കുറിച്ചാണ് സമ്മേളനം ചർച്ച ചെയ്തത്.
മനുഷ്യക്കടത്തിനെതിരെയുള്ള പ്രതിരോധം, സംരക്ഷണം, ബഹുമേഖല പ്രതികരണങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ യു.എൻ ഏജൻസികൾ, അംഗരാജ്യങ്ങൾ, വിദഗ്ധർ എന്നിവർക്കൊപ്പം അംഗീകൃത സിവിൽ സൊസൈറ്റി പ്രതിനിധിയായി ഉദ്ഘാടന വേദിയിലും നിരവധി അനുബന്ധ പരിപാടികളിലും തനിക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. താൻ രേഖാമൂലം അവതരിപ്പിച്ച എ.പി.ഡി ഫൗണ്ടേഷന്റെ ആശയങ്ങൾ സമ്മേളനത്തിൽ പ്രചരിച്ച യു.എൻ ഔദ്യോഗിക ഡോക്യുമെന്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി തകർച്ച, പൊതുജനാരോഗ്യത്തിലെ വിടവുകൾ, ദുർബലമായ നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നഗരവാസികൾക്കിടയിലെ വർധിച്ചുവരുന്ന അപകടസാധ്യതകളുമായി ബന്ധിപ്പിക്കുന്ന സവിശേഷ വീക്ഷണം തന്റെ പ്രബന്ധം പരാമർശിക്കുന്നു. മംഗളൂരുവിലെ മാലിന്യ സംസ്കരണ തൊഴിലാളികളുമായി എ.പി.ഡി നടത്തിയ ദീർഘകാല പ്രവർത്തനങ്ങളിൽനിന്ന് ആർജിച്ച അനുഭവ വിവരണത്തിലൂടെ തൊഴിലിന്റെ അന്തസ്സ് പുനഃസ്ഥാപിക്കുന്നത് ആളുകളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ നിർണായകമായ ചുവടുവെപ്പാണെന്ന് സമർഥിക്കാൻ സാധിച്ചു.
മലിനമായ വായു കാലക്രമേണ പുറം തൊഴിലാളികളെ എങ്ങനെ ദുർബലപ്പെടുത്തുകയും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു, ശുചിത്വക്കുറവ് പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെയും അന്തസ്സിനെയും എങ്ങനെ ബാധിക്കുന്നു, പൊതുഗതാഗതത്തിന്റെ അപര്യാപ്തത ആളുകളെ സുരക്ഷിതമല്ലാത്ത വഴികളിലേക്കും അനിയന്ത്രിതമായ യാത്രാ ശൃംഖലകളിലേക്കും എങ്ങനെ നിർബന്ധിക്കുന്നു എന്നിവ പ്രബന്ധം വിശദീകരിക്കുന്നു.
എല്ലായ്പ്പോഴും ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് പരാജയപ്പെടുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുന്ന ദുർബലതകളിലൂടെയും അന്തസ്സിന്റെ തകർച്ചയോടെയുമാണ് കടത്ത് ആരംഭിക്കുന്നത്.
ഒരു നഗരത്തിലെ അടിസ്ഥാന സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ, ആളുകൾ തുറന്നുകാട്ടപ്പെടുന്നു. വായുവിന്റെ ഗുണനിലവാരം, ശുചിത്വം, ചലനാത്മകത എന്നിവ മെച്ചപ്പെടുത്തുന്നത് പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാത്രമല്ല; അത് ഒരു മനുഷ്യ സംരക്ഷണ തന്ത്രമാണെന്ന് എ.പി.ഡി.എഫ് മംഗളൂരുവിൽ നടപ്പാക്കുന്ന പരിപാടികളുടെ വിവരണങ്ങളിലൂടെ റഹ്മാൻ നിരീക്ഷിച്ചു.
ശക്തമായ സാമൂഹിക സേവനങ്ങൾ, തൊഴിലാളി സംരക്ഷണം, ആരോഗ്യ സംരക്ഷണ പ്രവേശനം, സുരക്ഷിതമായ കുടിയേറ്റ പാതകൾ, പ്രതിരോധശേഷിയുള്ള സമൂഹങ്ങൾ എന്നിവയിലൂടെ ചൂഷണം സംഭവിക്കുന്നതിനുമുമ്പ് കടത്ത് തടയണമെന്ന് യു.എൻ യോഗം അടിവരയിട്ടതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.