സ്വാതന്ത്ര്യ ദിനത്തില്‍ പാകിസ്താന് മോദിയുടെ ആശംസ

ന്യൂഡല്‍ഹി: പാകിസ്താന്‍െറ 69ാമത് സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. വെള്ളിയാഴ്ച ട്വിറ്റര്‍ പോസ്റ്റിലാണ് മോദി പാക് ജനതയെ ആശംസ അറിയിച്ചത്. പഞ്ചാബിലും കശ്മീരിലുമുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം, സ്വാതന്ത്ര്യ ദിനത്തില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലേയും സൈനികര്‍ മധുരം കൈമാറാറുള്ള ചടങ്ങ് ഈ വര്‍ഷം നടന്നില്ല. പാകിസ്താന്‍െറ സ്വാതന്ത്ര്യദിനത്തില്‍ പാക് റൈഞ്ചേഴ്സും ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ബി.എസ്.എഫുമാണ് മധുരം വിതരണം ചെയ്യാറുള്ളത്. കഴിഞ്ഞയാഴ്ചത്തെ അതിര്‍ത്തി കമാന്‍ഡന്‍റ് മീറ്റിങ്ങില്‍ ഈ ചടങ്ങ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച അതിര്‍ത്തി മേഖലയില്‍ പാക് റൈഞ്ചേഴ്സിന്‍െറ മധുരവിതരണം നടന്നില്ളെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, കശ്മീരിലെ വിഘടനവാദി ഗ്രൂപ്പുകള്‍ സംസ്ഥാനത്തിന്‍െറ പലയിടങ്ങളിലും പാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പാക് പതാക ഉയര്‍ത്തിയും പാക് ദേശീയഗാനം ആലപിച്ചുമായിരുന്നു ആഘോഷം. പ്രമുഖ വനിതാ വിഘടനവാദി ഗ്രൂപ്പായ ദുഖ്താരന്‍  മില്ലത്തിന്‍െറ പ്രവര്‍ത്തകര്‍ നടത്തിയ പാക് സ്വാതന്ത്ര്യദിനാഘോഷം ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പാകിസ്താനില്‍ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഇന്ത്യയുമായി സമാധാന പൂര്‍ണമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്‍റ് മഅ്മൂന്‍ ഹുസൈന്‍ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.