രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസ്; 'ഭാരത് ടാക്സികൾ' ജനുവരി ഒന്ന് മുതൽ ഡൽഹിയിൽ

ന്യൂഡൽഹി: സ്വകാര്യ ടാക്സി സർവീസ് രംഗത്തെ പ്രമുഖരായ ഒല, ഊബർ തുടങ്ങിയ കമ്പനികളുടെ ആധിപത്യത്തിന് വെല്ലുവിളിയുയർത്തിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്സി സർവീസായ ഭാരത് ടാക്സി ജനുവരി ഒന്ന് മുതൽ ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കും.

കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ അനിയന്ത്രിതമായി വർധിക്കുന്ന നിരക്കുകൾ മൂലം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് സർക്കാർ മേൽനോട്ടത്തിലുള്ള ബദൽ സംവിധാനമാകുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

കാറുകൾ, ഓട്ടോറിക്ഷകൾ, ബൈക്കുകൾ എന്നിവ ഉൾപ്പെടുന്ന സേവനം ആൻഡ്രോയിഡ്, ഐ.ഒ.എസിലും പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് പിക്ക്-അപ്പ്, ഡ്രോപ്പ് ഓഫ് സ്ഥലങ്ങൾ നൽകാനും റൈഡ് തിരഞ്ഞെടുക്കാനും സാധിക്കും. കൂടാതെ, യാത്രയുടെ തത്സമയ ട്രാക്കിങ് സംവിധാനവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്തൃ സൗഹൃദ മൊബൈൽ ബുക്കിങ്,സുതാര്യമായ നിരക്ക് ഘടന, തത്സമയ വാഹന ട്രാക്കിങ്, ബഹുഭാഷാ ഇന്റർഫേസ്, 24x7 ഉപഭോക്തൃ പിന്തുണ തുടങ്ങിയ സവിശേഷതകൾ ആപ്പ് വാഗ്ദാനം ചെയ്യുന്നു. തിരക്കേറിയ സമയങ്ങളിൽ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കുന്നതിനൊപ്പം, ഡ്രൈവർമാർ യാത്ര നിരസിക്കൽ, ബുക്കിങ് റദ്ദാക്കൽ തുടങ്ങിയ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിൽ പൂർണമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക, യാത്രക്കാർക്ക് സർക്കാർ മേൽനോട്ടത്തിലുള്ള സുരക്ഷിതവും സുതാര്യവുമായ ബദൽ നൽകുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. നിലവിലെ സ്വകാര്യ ടാക്സി പ്ലാറ്റ്‌ഫോമുകളിൽ ഡ്രൈവർമാരിൽ നിന്ന് 25 ശതമാനം വരെ കമീഷൻ ഈടാക്കുന്ന സാഹചര്യത്തിലാണ് പുതിയ മാതൃക അവതരിപ്പിക്കുന്നത്.

ഭാരത് ടാക്സിയിൽ കമീഷൻ സംവിധാനം പൂർണമായും ഒഴിവാക്കി, പകരം അംഗത്വ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഡ്രൈവർമാർ പ്രതിദിനം, പ്രതിവാരം അല്ലെങ്കിൽ പ്രതിമാസം നിശ്ചിത ഫീസ് അടച്ചാൽ മതി. ഇതുവഴി ഡ്രൈവർമാർക്ക് 80 ശതമാനം വരെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഭാരത് ടാക്സി ഒരു സഹകരണ സംരംഭമായി പ്രവർത്തിക്കും. 2025 ജൂണിൽ 300 കോടി രൂപയുടെ പ്രാരംഭ മൂലധനത്തോടെ രൂപീകരിച്ച ‘സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്’ ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുക.

Tags:    
News Summary - The country's first cooperative taxi service; 'Bharat Taxis' to be on the roads from January 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.