അ​നീ​ഷ് ഭായ് ഹ​നാ​ൻ​ഷാ​ക്കൊ​പ്പം

സംഗീതത്തിന്റെ ഉൾക്കാഴ്ചകൾ

തെരുവിലും ബോട്ടുകളിലും ചെറിയ കല്യാണവേദികളിലും പാടി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നു ഒരുസമയത്ത് അനീഷ് ഭായി. ലഭിക്കുന്ന ചെറിയ അവസരങ്ങളിൽ പാട്ടും ജീവിതവും ചേർത്തുപിടിച്ച ഈ ഗായകനെ, നേരിൽ കണ്ടിട്ടില്ലാത്തവർപോലും ഇന്ന് തിരിച്ചറിയും. സമൂഹമാധ്യമങ്ങളിലൂടെ അനേകം മനസ്സുകളിലെത്തിയ പാട്ടുകളുമായി കേരളത്തിലും പ്രവാസലോകത്തും ഒരുപോലെ താരമായി മാറിയിരിക്കുകയാണ് അനീഷ് ഭായി ഇന്ന്. ജന്മനാ കാഴ്ചപരിമിതിയുള്ള മലപ്പുറം വെള്ളുവമ്പറം സ്വദേശിയായ അനീഷിന്റെ സംഗീതയാത്രയിൽ വർഷങ്ങളുടെ അധ്വാനവും ഒപ്പം നിന്ന മനുഷ്യരുടെ സ്നേഹവുമുണ്ട്.

വഴിത്തിരിവ്

അനീഷ് ഭായിയുടെ സംഗീത യാത്രക്ക് വഴിത്തിരിവായത് ഗായകൻ ഹനാൻഷായോടൊപ്പം പാടാൻ ലഭിച്ച അവസരമാണ്. തന്റെ കഴിവിൽ വിശ്വസിച്ച് കൂടുതൽ ആളുകളിലേക്കും പുതിയ വേദികളിലേക്കും കൈപിടിച്ചുയർത്തിയ ഹനാൻഷായെ അനീഷ് നന്ദിയോടെ ഓർക്കുന്നു. ആസ്വാദകരുടെ സ്വീകരണവും പാട്ടുകൾക്ക് ലഭിക്കുന്ന കൈയടിയും ഏറെ സന്തോഷത്തോടെയാണ് അനീഷ് കാണുന്നത്. ഓരോ വേദിയും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ആശ്രയം കൂടിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു അദ്ദേഹം.

എട്ടാം വയസ്സിൽ തുടങ്ങിയ സംഗീതയാത്ര

എട്ടാം വയസ്സിലാണ് അനീഷ് പാടിത്തുടങ്ങിയത്. സംഗീതത്തിനൊപ്പം മിമിക്രിയിലും ചെറുപ്പത്തിലേ കഴിവ് തെളിയിച്ചു. 2004-05 കാലഘട്ടത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ അനുഭവം അഭിമാനത്തോടെ ഓർക്കുന്നു. വളർന്നപ്പോൾ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടിവന്നു. അപ്പോഴും പാട്ട് ഒപ്പമുണ്ടായിരുന്നു. തെരുവുകളിലും ബോട്ടുകളിലും ചെറിയ കല്യാണപരിപാടികളിലും ഗാനമേള ട്രൂപ്പുകളിലുമെല്ലാം പാടി. ലഭിക്കുന്ന അവസരങ്ങളിലൂടെ സ്വന്തം കഴിവ് ആളുകളിലേക്കെത്തിക്കാനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും ശ്രമിച്ചു.

കാഴ്ചപരിമിതിയുള്ള ഭാര്യാപിതാവ് കുഞ്ഞഹമ്മദിനൊപ്പം തെരുവിൽ പാടിയ ദിനങ്ങൾ ഈ യാത്രയിലെ അനീഷിന്റെ പ്രധാന ഓർമകളാണ്. അതിനിടെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും അനീഷിന് കഴിഞ്ഞു. എന്നാൽ, സാമ്പത്തിക പ്രയാസങ്ങളും ജീവിതബാധ്യതകളും അവസാനിച്ചില്ല. അവക്കിടയിലും അദ്ദേഹം പാട്ട് തുടർന്നു. ഇന്ന് പ്രവാസവേദികളിൽ കേൾക്കുന്ന ആ സ്വരത്തിനുപിന്നിൽ വർഷങ്ങളായി തുടരുന്ന പരിശ്രമമുണ്ട്.

ജീവിതക്കാഴ്ചയായി ഹസീന

അനീഷിന്റെ ജീവിതത്തിലും സംഗീതയാത്രയിലും ഉറച്ച പിന്തുണയായി ഭാര്യ ഹസീനയുണ്ട്. വേദിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ച് എത്തിക്കുന്നതും ജീവിതത്തിലെ ഓരോ ചുവടിലും ഒപ്പം നിൽക്കുന്നതും ഹസീനയാണ്. ഭാര്യയെക്കുറിച്ച് പറയുമ്പോൾ അനീഷിന്റെ വാക്കുകളിൽ സ്നേഹവും നന്ദിയും നിറയുന്നു. ‘കാഴ്ചയില്ലാത്ത എനിക്ക് ഈ ലോകത്തെ കൂടുതൽ പരിചയപ്പെടുത്തുന്നത് അവരാണ്. എന്റെ ജീവിതക്കാഴ്ചകൾ അവളിലൂടെയാണ്’ അദ്ദേഹം പറയുന്നു.

അനീഷിന്റെ പാട്ടുകൾ കൂടുതൽ ആളുകളിലേക്കെത്തിച്ചതിലും ഹസീനക്ക് പ്രധാന പങ്കുണ്ട്. വിദ്യാലയങ്ങളിലെ പരിപാടികൾക്കിടെ അധ്യാപകർ പകർത്തിയ പാട്ടുകളും ഹസീന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകളുമാണ് അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പാട്ടുകൾ ഇഷ്ടപ്പെട്ടവർ അവ മറ്റുള്ളവർക്കും പങ്കുവെച്ചു. അങ്ങനെ ചെറിയ വേദികളിൽ കേട്ടിരുന്ന സ്വരം ദൂരദേശങ്ങളിലേക്കും എത്തിത്തുടങ്ങി.

കൂടെനിന്ന ഹനാൻഷാ

‘കല്യാണി’ ആൽബത്തിലെ ഗാനവും, ‘അള്ളാനെ പാരെ കാൺ...ആദമില്ലാതോരു മാലെ കാൺ...ബദറായൊരു ഞേരി പിരി പാട്ട്’ എന്ന പാട്ടും ഷാഫി കൊല്ലം എഴുതിയ ‘ഒറ്റവാക്കിൽ’ തുടങ്ങിയ പാട്ടുകളുടെ അവതരണങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടി. ചില വിഡിയോകൾ ദശലക്ഷക്കണക്കിന് കാഴ്ചകളിലെത്തിയതോടെ ‘അനീഷ് ഭായ്’ എന്ന പേര് കൂടുതൽ പേർക്ക് പരിചിതമായി. സംരംഭകൻ ഷംസുദ്ദീൻ നെല്ലറ സമൂഹമാധ്യമത്തിലൂടെ അനീഷിനെ പരിചയപ്പെടുത്തിയതും കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിച്ചു. ‘ഈ വളർച്ചയിൽ നിർണായകമായത് പെരിന്തൽമണ്ണയിൽ ഹനാൻഷായോടൊപ്പം പാടാൻ ലഭിച്ച അവസരമാണ്.

ചെറിയ വേദികളിൽ പാടിക്കൊണ്ടിരുന്ന സ്വരം വലിയൊരു ആസ്വാദകസമൂഹത്തിലേക്കെത്തിക്കാൻ ആ പരിപാടി സഹായിച്ചു’-അനീഷ് പറയുന്നു. പിന്നാലെ കൂടുതൽ പേർ തിരിച്ചറിഞ്ഞുതുടങ്ങി; പുതിയ പരിപാടികളിലേക്കുള്ള ക്ഷണവും ലഭിച്ചു. കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും കൂടുതൽ വേദികളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത ഗായകനോടുള്ള നന്ദി അദ്ദേഹം സ്നേഹത്തോടെ പങ്കുവെക്കുന്നു. തിരൂരിലെ ഒരു കോളജ് പരിപാടിയിൽ അനീഷ് ആലപിച്ച

‘ഒറ്റവാക്കിൽ ഞാൻ പറഞ്ഞോട്ടെ പെണ്ണേ...

ഒരു നാളും ഞാൻ മറക്കില്ല നിന്നേ...

മറ്റൊരാളിന്റെ മണവാട്ടിയായി നീ...

പോകുന്നതെന്നിൽ സങ്കടമായി...

എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ 25 ലക്ഷത്തിലധികം ആളുകൾ കണ്ടു.

കടൽകടന്ന പാട്ട്

പ്രവാസലോകത്ത് ആദ്യമായി പാടാനെത്തിയത് സൗദി അറേബ്യയിലായിരുന്നു. അവിടെ വിവിധ വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ചു. നാട്ടിൽനിന്ന് ഏറെ ദൂരെയായിട്ടും തന്റെ പാട്ടുകൾ പരിചയമുള്ളവരെയും സ്നേഹത്തോടെ സ്വീകരിക്കുന്നവരെയും കണ്ടത് അനീഷിന് ഏറെ സന്തോഷം നൽകി. സൗദിയിലെ പരിപാടികൾക്കുശേഷം ഡോ. അബ്ദുൽ സലാം ഫോസിലിന്റെ സഹായത്തോടെയാണ് യു.എ.ഇയിൽ പാടാനെത്തിയത്. ‘ഗൾഫിലെ നിരവധി സ്റ്റേജ് പരിപാടികളുടെ ഡയറക്ടറായ സഫീൽ കണ്ണൂർ വിവിധ വേദികളിൽ അവസരം നൽകി. ഷംസുദ്ദീൻ നെല്ലറ സ്വന്തം വീട്ടിൽ ആദരിച്ചു’ ഇതെല്ലാം യാത്രയിലെ ഹൃദ്യമായ അനുഭവമായി -അനീഷ് പറയുന്നു.

പാട്ടിലൂടെ പരിചിതരായ മനുഷ്യർ

യു.എ.ഇ സന്ദർശനത്തിനിടെ ഷാർജയിലെ തെരുവിലൂടെ നടക്കുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞ് അടുത്തെത്തിയതും സ്നേഹത്തോടെ സംസാരിച്ചതും അനീഷിന് തന്റെ പാട്ടുകൾ സഞ്ചരിച്ച ദൂരത്തിന്റെ ഓർമപ്പെടുത്തലായി. കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് അന്തമാൻ നികോബറിൽനിന്നുള്ള ഒരു സ്ത്രീ തിരിച്ചറിഞ്ഞ് സംസാരിച്ചതും അദ്ദേഹം സന്തോഷത്തോടെ ഓർക്കുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത മനുഷ്യർ പാട്ടിലൂടെ തന്നെ അറിയുന്നു എന്നത് വലിയ അംഗീകാരമായാണ് അനീഷ് കാണുന്നത്.

ഒപ്പം മറ്റു കലാകാരന്മാരും

തന്റെ സംഗീതയാത്രയിൽ കാഴ്ചപരിമിതിയുള്ള മറ്റു കലാകാരന്മാരെയും കൂട്ടിയിണക്കാൻ അനീഷ് ശ്രമിക്കുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകുന്ന ‘മലബാർ ബ്ലൈൻഡ് വോയിസ്’ സംഗീതട്രൂപ്പ് അതിനുള്ള വേദിയാണ്. ഒന്നിച്ചുനിന്ന് കഴിവുകൾ അവതരിപ്പിക്കാനും കൂടുതൽ പരിപാടികളിൽ അവസരം കണ്ടെത്താനുമാണ് ഈ കൂട്ടായ്മയുടെ ശ്രമം. ജനപ്രീതി ലഭിച്ചെങ്കിലും ജീവിതബാധ്യതകൾ ഇപ്പോഴും അനീഷിനൊപ്പമുണ്ട്. പാട്ടാണ് തന്റെ ഉപജീവനമാർഗമെന്നും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാൻ തുടർന്നും അവസരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. മറ്റു കലാകാരന്മാർക്കൊപ്പം തങ്ങളെപ്പോലുള്ളവരെയും പരിപാടികളിൽ പരിഗണിക്കണമെന്നാണ് സംഘാടകരോടുള്ള അഭ്യർഥന.

Tags:    
News Summary - Inside the Musical Journey of Aneesh Bhai: Overcoming Visual Impairment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.