മയ പെയ്തു, മയ പെയ്തു, മയയോട് മയ തന്നെ

കെ.ടി.ആർ പാട്ടും പറച്ചിലും തുടരുകയാണ്. പറഞ്ഞുതീർക്കാൻ പറ്റാത്ത അനുഭവങ്ങളുടെ കടലുണ്ട് ഉള്ളിൽ. ഓരോ തിരമാലയും പുതിയ പുതിയ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. ഏറ്റവും പുതുമയുള്ള കാലത്തിനായി കാതോർത്ത് മാഷിവിടെ സജീവമാണ്.

മയപെയ്തു മയപെയ്തു

മയയോട് മയതന്നെ

നല്ലോരു മയയാണെ

നെടുങ്കണ്ടം നിറഞ്ഞിക്ക്

നെടുങ്കണ്ടാ വരമ്പത്ത്

പേക്കാച്ചി ചിലക്ക്ന്ന്

ഓലചാത്തന്മാര് കുറ്റ്യാറ്

കളിക്ക്ന്ന്

ഏലത്ത്മ്മന്ന്ണ്ട്

വെള്ളം മറെയ്ന്ന്

ജാഡി നിറഞ്ഞിക്ക്

ജാന്വോ തിരുമ്പിക്കോ

കന്നൂട്ടിണ്ടാലാന്ന്

തൊണ്ട പൊളക്ക്ന്ന്

പുല്ല് പറിക്കണം

പിരിയോലയിങ് എടുത്തൂട്

പിള്ളറെ കേറിക്കോ പുതുമയ

കൊള്ളണ്ട കുമ്പത്തീം

തലപ്പനിയും പനിയും പിടിക്കണ്ട

കയ്യെങ്കില് അഞ്ചാറ് വള്ളിത്തല

ഇട്ടൂട് മേത്തലെ കൊള്ളൊന്ന്

കൊത്തി കുടുക്കൂട്

ഈറ്റാ ഒരഞ്ചാറ് മയങ്ങ്

പെയ്താല് കെരട്ടിലും

വെള്ളാവും പുല്ലും പൊടിക്കേനും

എന്തോര് മയയായിത്

തിരുവാതിര അടുത്ത്പോയി...

തിരുവാതിര അടുത്ത്പോയി...

മഴയെ സന്തോഷപൂർവം വരവേറ്റ ജനത പിന്നീട് മഴ നിൽക്കാതെയായപ്പോൾ മഴയെക്കുറിച്ചോർത്ത് സങ്കടപ്പെടുകയാണ്. വല്ലാത്ത മഴ. നിൽക്കുന്നില്ല.

എന്തോര് മയയായിത്

എങ്ങോട്ടും കീഞ്ഞൂടാ

എന്തോര് മയയായിത്

ലോകാസാനം അടുത്തോളീ

എന്തോര് മയയായിത്

എങ്ങോട്ടും കീഞ്ഞൂടാ

കോനായി ചളിയായി

ആത്താന്നെ ചോരുന്ന്

പണിയാണേലൊന്നൂല്ല...

ഇള്ളോനോ പൊയ്ക്കൂടാ...

ഇന്നലെ ഞാള്ടെ പട്ടിണി

നിന്നീനാ

നുള്ളീട്ട കുടുക്കേന്ന്

മെനഞ്ഞാന്ന് എടുത്തോയി

രണ്ട് പ്ലാവുള്ള രണ്ടെണ്ണോം

വിറ്റ്വോയി

അല്ലെങ്കിൽ ഒര് നല്ല ചക്ക പറിക്കേന്

എന്തോര് മയയായിത്

എങ്ങോട്ടും കീഞ്ഞൂടാ

കെട്ടിയങ്ങ് എടുത്തോറെ

മാരിക്കുരിപ്പിനെ...

ഇത്രയും വായിച്ചുകഴിയുേമ്പാൾ ആളെ തിരിച്ചറിഞ്ഞിരിക്കും. അതെ, കെ.ടി. രാധാകൃഷ്ണൻ മാസ്റ്ററെക്കുറിച്ച് തന്നെയാണ്. ഈ നാടൻപാട്ട് ഏതെങ്കിലും വേദികളിൽനിന്നോ, സമൂഹ മാധ്യമങ്ങൾ വഴിയോ കേൾക്കാത്തവർ ചുരുക്കമാണ്. കാരണം, വടക്കൻ പാട്ടിന്‍റെ ചൂടും ചൂരും ഉൾക്കൊണ്ട് മാഷ് പാടുേമ്പാൾ കേട്ടിരിക്കുക മാത്രമല്ല, കൂടെ പാടിപ്പോകും. അങ്ങനെ, പാട്ടിലൂടെ കൂടെ കൂട്ടലാണ് മാഷിന് പ്രിയം. കെ.ടി.ആർ എന്ന ചുരുക്കപ്പേരിലാണ് കേരളത്തിലെ അധ്യാപക സമൂഹവും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരും സ്നേഹപൂർവം വിളിക്കുന്നത്. വേറിട്ട് നടന്ന അധ്യാപക ജീവിതത്തിന്‍റെയും ശാസ്ത്ര പ്രചാരണത്തിന്‍റെയും പൊതുപ്രവർത്തനത്തിന്‍റെയും കഥയാണ് കെ.ടി.ആറിന് പറയാനുള്ളത്. ശാസ്ത്ര ക്ലാസുകൾ, സംവാദങ്ങൾ, അധ്യാപക പരിശീലന കളരികൾ എല്ലാം മാഷിന്‍റെ പ്രിയപ്പെട്ട ഇടങ്ങളാണ്. കൊയിലാണ്ടി പൊയിൽകാവ് യു.പി സ്കൂൾ അധ്യാപകനിൽനിന്ന് തുടങ്ങിയ ജീവിതയാത്ര പല തലത്തിലേക്ക് വളർന്നു. പതിറ്റാണ്ടുകൾ പിന്നിട്ട ജീവിത വഴികളെക്കുറിച്ച് സംസാരിക്കുേമ്പാൾ, മാഷിപ്പോൾ വലിയ സങ്കടത്തിലാണ്. പരിഷത്തിന്‍റെ എല്ലാമെല്ലാമായ ഡോ. എം.പി. പരമേശ്വരന്‍റെ ദേഹവിയോഗമാണ് പ്രയാസപ്പെടുത്തുന്നത്. മരണം ഉറപ്പാണെങ്കിലും മാഷിന്‍റെ ജീവിതവഴികളെ മാറ്റിമറിച്ച എഴുത്തിന്‍റെയും പ്രഭാഷണത്തിന്‍റെയും സംഘാടനത്തിന്‍റെയും വഴികാട്ടിയാണ് എം.പി. പരമേശ്വരൻ. ഗുരുനാഥനെന്നാണ് എം.പി. പരമേശ്വരനെ മാഷ് വിശേഷിപ്പിക്കുന്നത്. മുമ്പ് പാഠപുസ്തക നിർമാണ സമിതിയിൽ മാഷുണ്ടായിരുന്നു. കുട്ടികളെ അറിഞ്ഞ്, കുട്ടികളിൽ ഒരാളായി മാറുന്ന അധ്യാപനമാണ് മാഷിന് ഇഷ്ടം. മാഷോട് സംസാരിക്കുേമ്പാൾ ആവർത്തിക്കുന്ന വാക്ക്, ഞാനൊരു സാധാരണക്കാരനാണ് എന്നതാണ്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യനോട് ചേർന്നുനിൽക്കുകയാണ് തന്‍റെ ദൗത്യമെന്ന് മാഷ് പറയാതെ പറയുന്നുണ്ട്. മാഷാവണം എന്ന് കരുതിയിരുന്നില്ല. അറിയാതെ, ടി.ടി.സി പാസാവുകയും അധ്യാപകനാവുകയുമായിരുന്നെന്ന് മാഷ് പറയുന്നു. ഇതിനകം ’97ലെ സംസ്ഥാന അധ്യാപക അവാർഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾ മാഷെ തേടിയെത്തി. 2009ൽ സർവിസിൽ നിന്നും വിരമിച്ചു. എന്നാൽ, വിശ്രമമെന്തെന്ന് മാഷ് അറിഞ്ഞിട്ടില്ല. അങ്ങനെയൊന്ന് മോഹിക്കാതെ പൊയിൽകാവ് ‘പ്രസന്നം’ വീട്ടിൽ മാഷുണ്ട്...തിരക്കുകളിൽനിന്ന് തിരക്കുകളിലേക്കുള്ള വിളിക്ക് മറുപടിയുമായി...

പാട്ടുവന്ന വഴി

’97ൽ പുതിയ പാഠ്യപദ്ധതി വന്ന കാലം. അതിന്‍റെ ഭാഗമായി അധ്യാപക പരിശീലനം തിരുവനന്തപുരത്ത് നടക്കുകയാണ്. അധ്യാപകർ സൈദ്ധാന്തിക ചർച്ചയിൽ ചൂടുപിടിച്ചിരിക്കുന്ന സമയം. അന്തരീക്ഷമാകെ ചർച്ചകളാൽ കലുഷിതമായി. അപ്പോഴാണ് ഞാൻ ഈ മയപ്പാട്ട് പാടുന്നത്. ആരും പറഞ്ഞിട്ടൊന്നുമല്ല, ഞാൻ വെറുതെ ഉച്ചത്തിൽ പാടി. അന്തരീക്ഷം അപ്പാടേ മാറി. മുന്നിലുള്ളത് മുഴുവൻ അധ്യാപകരാണല്ലോ. 150 ഓളം അധ്യാപകരുണ്ട്, അവരെല്ലാം ഏറ്റുപാടാൻ തുടങ്ങി. പലരും പറയാൻ തുടങ്ങി. മാഷേ, പതുക്കെ പാട്, ഞാള് എഴുതിയെടുക്കട്ടെയെന്ന്...അപ്പോൾ ഞാൻ ഓരോന്നായി വിശദീകരിക്കേണ്ടതായി വന്നു. കാരണം, കേരളത്തിന്‍റെ പലഭാഗത്ത് നിന്നുള്ള അധ്യാപകരാണുള്ളത്. മഴയെന്ന് പാടാൻ അറിയാഞ്ഞിട്ടല്ല. ഇതായിരുന്നു വടകര ഭാഗത്തെ പഴയ ഭാഷ. നാടൻ പാട്ടുകൾ ഇങ്ങനെയായിരുന്നു. കണ്ടം എന്നുപറഞ്ഞാൽ വയൽ, പേക്കാച്ചി എന്ന് പറഞ്ഞാൽ തവള, ജാഡി എന്ന് വെച്ചാൽ വടകര ഭാഗത്ത് പ്രചാരത്തിലുണ്ടായിരുന്ന സിമന്‍റിന്‍റെ വലിയ പാത്രം എന്നിങ്ങനെ ഓരോന്നായി പറയാൻ തുടങ്ങി. നാടൻ പാട്ടുകൾ എന്നുപറഞ്ഞാൽ ഒരു വയലിൽനിന്നും മറ്റൊരു വയലിലേക്ക് വാമൊഴിയായി കൈമാറിപ്പോകുന്നതാണ്. ആദ്യകാലത്ത് എഴുതിവെക്കാൻ ആരും ശ്രമിക്കാറില്ല. പരിഷത്ത് പ്രവർത്തകനായ കൈലാസ് വളയം എന്നയാളാണ് ഈ പാട്ടെഴുതി എനിക്ക് അയച്ചുതന്നത്. പിന്നീട്, യൂറീക്കയിൽ പ്രസിദ്ധീകരിച്ചു. പാട്ട് കൈയിൽ കിട്ടിയ ഉടനെ ഞാൻ തിരിച്ചറിഞ്ഞു, വടകര ഭാഗത്തെ ഭാഷയിൽ മഴയെ സ്നേഹപൂർവം വരവേറ്റതിന്‍റെയും പിന്നീട് തുടർച്ചയായി മഴ പെയ്യുേമ്പാൾ ഉണ്ടാകുന്ന ദുരിതത്തെയും ഒരു ഗ്രാമീണ-കാർഷിക ജനത നോക്കിക്കാണുന്ന അനുഭവമാണിത്. ഈ പാട്ട് പിന്നീട് പാഠപുസ്തകത്തിന്‍റെ ഭാഗമായി. പരിഷത്തിന്‍റെ ബാലവേദിക്കുവേണ്ടി പിന്നീട് വി.കെ.എസിനെ കൊണ്ട് നല്ല താളം കണ്ടെത്തി.

സത്യചന്ദ്രൻ പൊയിൽകാവ് എഴുതിയ ‘മലയാളം കാണാൻ വായോ... എന്ന കവിതയും ഇത്തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റി. പലരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ പാട്ടെഴുതിയത്. അതാകട്ടെ, 20ഓളം പാട്ടുകൾ വരും. ഇവയിൽ ചിലത് പാഠപുസ്തകത്തിൽ ഇടംപിടിച്ചു. അധ്യാപനത്തിന്‍റെ അടിസ്ഥാനപരമായ സവിശേഷത, അത് പ്രഭാഷണങ്ങളാവരുത് എന്നതാണ്. ഏതൊരു ആശയ വിനിമയവും ഫലപ്രദമാകണമെങ്കിൽ കലയുടെ അംശം വേണം. അതിൽ പാട്ടിന് വലിയ സ്ഥാനമുണ്ട്. പ്രേക്ഷക സമൂഹത്തെ മറ്റ് മുൻധാരണകളൊക്കെ മറന്ന് പാട്ടിലൂടെ ഒരു മനസ്സിന്‍റെ ഭാഗമാക്കാം. കൊടക്കാട്ട് ശ്രീധരൻ മാഷ് എഴുതിയ ‘തീപ്പെട്ടിപ്പാട്ട്’ ഒരുപാട് സ്ഥലത്ത് പാടി. വി.കെ.എസിന്‍റെ നിർബന്ധത്തിന് വഴങ്ങിയാണ് പലപ്പോഴും ഞാൻ പാട്ടുകൾ എഴുതിയത്. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട വേദികളായാൽ പാട്ട് വിടാതെ പിന്തുടരും.

വായന വഴിവെളിച്ചം

’74ൽ അധ്യാപകനായി. തുടർന്നാണ് വായന അനിവാര്യമാണെന്ന് നല്ല ബോധ്യം വന്നത്. എന്‍റെ സ്കൂളിലും നന്നായി പരിശ്രമിക്കുന്ന അധ്യാപകരാണ് ഉണ്ടായിരുന്നത്. സ്കൂളിൽ കലാപ്രവർത്തനത്തിനൊക്കെ വലിയ പ്രാധാന്യം നൽകി. ഹൗസ് തിരിച്ചുള്ള മത്സരം അക്കാലത്തുതന്നെ ഏറെ ശക്തമായിരുന്നു. അങ്ങനെ ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറിയിൽ അംഗമായി. അവിടെനിന്നും നല്ല സുഹൃത്തുക്കളെ ലഭിച്ചു. അങ്ങനെയാണ് ‘ശാസ്ത്ര കേരളം ’എന്ന മാസിക ശ്രദ്ധയിൽപ്പെടുന്നത്. അത്, മറിച്ചുനോക്കുേമ്പാൾ ആദ്യം കാണുന്നത്, കേരളത്തിൽ വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്ന ശാസ്ത്ര ക്ലാസുകളെ കുറിച്ചുള്ള കുറിപ്പാണ്. ഒന്നാമത്തെ ലേഖനം പ്രപഞ്ചം എന്ന പേരിൽ എം.പി. പരമേശ്വരൻ എഴുതിയതാണ്. അത് ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത്, എന്നിൽ വല്ലാത്ത മാറ്റം സൃഷ്ടിച്ചു. അതുവരെ കരുതിയ ലോകമല്ല. പുതിയൊരു ചിന്തയും തെളിച്ചവും ഉള്ളിൽ സൃഷ്ടിച്ചു. പി. ഗോവിന്ദപിള്ളയും എം. സ്റ്റീഫനും ഉൾപ്പെടെയുള്ളവരുടെ ലേഖനം അതിലുണ്ട്. ഇന്ന് ചിന്തിക്കുേമ്പാൾ എം.പി. പരമേശ്വരനോടൊപ്പം നടക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിനും പരിഷത്തിനും കഴിഞ്ഞിട്ടില്ല. ഇതിനുശേഷം പരിഷത്തിന്‍റെ എഴുത്തുകളെല്ലാം വായിക്കാൻ തുടങ്ങി. വായന ശക്തിപ്പെട്ടു. വിദ്യാഭ്യാസത്തെക്കുറിച്ച് ലോകത്താകെ നടന്ന പഠനങ്ങൾ ആഴത്തിൽ മനസ്സിലാക്കി. ഹൈസ്കൂൾ കാലത്ത് പത്രം പോലും വായിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ശരിക്കും മുതിർന്നപ്പോഴാണ് വായന ശീലമാക്കിയത്.

ഒര് താക്കോല് പോരാ...

ടീച്ചറുടെ കൈയിൽ ഒര് താക്കോല് പോര. പാഠപുസ്തകം പഠിക്കുക. പഠിപ്പിച്ച് കൊടുക്കുക. പകർത്തിയെഴുതുക. ചോദ്യം ചോദിക്കുക. പരീക്ഷ എഴുതുക എന്ന പതിവ് താക്കോൽ പോര. നിരവധി താക്കോൽ വേണം. കാരണം, കുട്ടികൾ ബഹുമുഖമായ ശേഷിയുള്ളവരാണ്. അപ്പോൾ ആ ബുദ്ധിയെ കണ്ടെത്തി പ്രചോദിപ്പിക്കാൻ തക്കതായ താക്കോൽ അധ്യാപകന്‍റെ കൈയിൽ വേണം. പരിഷത്തിന്‍റെ ബാലവേദി പരിശീലനം വലിയ ഉദാഹരണമാണ്. വിവിധ മൂലകൾ ഉണ്ടാകും. കുട്ടികൾ ആഹ്ലാദിച്ചുകൊണ്ട് പഠിക്കുകയാണവിടെ. നിരവധി അധ്യാപകർ അത്തരം ക്യാമ്പുകളുടെ ഭാഗമായി അത് ക്ലാസ് മുറികളിൽ പ്രയോഗിച്ചിട്ടുണ്ട്. അപ്പോഴാണ് ഇത്തരം അംശങ്ങൾ ചേർത്ത് സ്കൂളുകളിലേക്ക് ജാഥ നടത്തണമെന്ന ആശയം പിറന്നത്. അങ്ങനെയാണ് സംസ്ഥാന തലത്തിൽ മൂന്നുതവണ ജാഥ നടത്തിയത്. പാഠഭാഗങ്ങളെ പാവനാടകങ്ങളാക്കുക, വി.കെ.എസ് ഒക്കെ നടത്തിയ കൂട്ടപ്പാട്ടുകൾ, കളിരീതിയിലൂടെ ചോദ്യങ്ങൾ ചോദിക്കുക എന്നത് നിർബന്ധമാണ്. പഠനം പാൽപ്പായസമായിരിക്കണം. ഒരിക്കലും, കാഞ്ഞിരക്കുരുവാകരുത്. അധ്യാപകർ ധാരാളം വായിക്കണം. കൂട്ടായ ചർച്ചകൾക്ക് പ്രാധാന്യം കൊടുക്കണം. അങ്ങനെ വരുേമ്പാഴേ കുട്ടികളെ അടുത്തറിയാനും സ്വയം നവീകരിക്കാനും കഴിയുകയുള്ളൂ. അതിനുള്ള ശ്രമങ്ങളാണ് എപ്പോഴും വേണ്ടത്. എന്‍റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച തൊഴിൽ അധ്യാപനമാണ്. കാരണം, നിരന്തരമായി വികസിച്ചുകൊണ്ടിരിക്കുന്ന കുട്ടികളാണ് നമ്മുടെ മുന്നിലുള്ളത്. ഇന്നലത്തെ കുട്ടിയല്ല, ഇന്നത്തെ കുട്ടി. ഈ തിരിച്ചറിവ് അനിവാര്യമാണ്.

പഠനം കുട്ടിക്കളിയല്ല...

സ്കൂൾ വിദ്യാഭ്യാസത്തിൽ ഏറെ ഇടപെടൽ വേണ്ട കാലമാണിത്. കാരണം, പലവിധ കള്ളികളിലേക്ക് കുട്ടികളെ തിരിക്കാൻ ബോധപൂർവ ശ്രമം നടക്കുന്ന കാലമാണിത്. ഇപ്പോൾ, ഡൽഹിയിലെ ജന്തർ മന്തറിൽ മുതിർന്ന കുട്ടികൾ നടത്തിയ പ്രതിഷേധം ഏറെ പ്രതീക്ഷ നൽകിയ അനുഭവമായി നമുക്ക് മുന്നിലുണ്ട്. അത്തരത്തിൽ കുട്ടികൾ വരണമെങ്കിൽ തീരേ ചെറിയ പ്രായത്തിൽ തന്നെ ചോദ്യങ്ങൾ ചോദിക്കാനും അന്വേഷിച്ച് കണ്ടെത്താനും കഴിയുന്നവരാകണം. കൂട്ടായ പ്രവർത്തനത്തിൽ ആഹ്ലാദം കണ്ടെത്തണം. വിമർശന ബുദ്ധിയുള്ള ഒരു തലമുറയെ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസമാണ് ഈ നാടിന് ആവശ്യം. ആരെങ്കിലും പറയുന്നതുകേട്ട് കണ്ണടച്ച് വിശ്വസിക്കുന്നതിലല്ല. അത്, യാഥാർഥ്യത്തെ തൊട്ടറിയുന്നവരായി കുട്ടികൾ മാറണം. മൂന്നുതരം അധ്യാപകർ നമുക്കിടയിലുണ്ട്. ഒന്ന്, പാഠഭാഗങ്ങൾ തീർക്കുന്നവരാണ്. രണ്ട്, പാഠഭാഗം തീർക്കും, പരീക്ഷക്ക് വരുന്ന ചോദ്യങ്ങൾ മുൻകൂട്ടി പരിചയപ്പെടുത്തിക്കൊടുക്കും. മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട അധ്യാപകർ കുട്ടികളെ പ്രചോദിപ്പിക്കുന്ന അധ്യാപകരാണ്. അത്തരം അധ്യാപകരുടെ ക്ലാസ് കഴിഞ്ഞാലും, ആ സ്കൂൾ വിട്ടാലും അത്തരം അധ്യാപകർ പറഞ്ഞ വാക്കുകൾ പിന്തുടർന്നുകൊണ്ടേയിരിക്കും. ഇനി അധ്യാപകൻ പ്രചോദിപ്പിക്കണമെങ്കിൽ അധ്യാപകൻ സ്വയം പ്രചോദിതനാകണം. അതിന് സാമൂഹിക പ്രവർത്തനത്തിന്‍റെ ഭാഗം കൂടിയാകുന്ന അധ്യാപകൻ വേണം. അതാണ്, എല്ലാ കാലവും പുരോഗമന സമൂഹം ആവശ്യപ്പെടുന്നത്...

വാൽക്കഷണം

കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ പാട്ടും പറച്ചിലും തുടരുകയാണ്. മറക്കാനാവാത്ത അനുഭവമായി, മറ്റ് കുട്ടികളുമായി കൂട്ടുകൂടാതെനിന്ന മൂന്നാം ക്ലാസുകാരനുണ്ട് മാഷിന്‍റെ മനസ്സിൽ. അതാണ്, പിന്നീട് ‘കുമ്പളങ്ങാ കൽക്കണ്ടം’ എന്ന പേരിൽ കഥയായി എഴുതിയത്. തനിച്ചൊരു ലോകം സൃഷ്ടിച്ച് അതിനകത്തിരുന്ന കുട്ടിയെ ചിരികളുടെയും കളികളുടെയും ലോകത്തെത്തിച്ച കഥയാണത്. ഇങ്ങനെ, പറഞ്ഞുതീർക്കാൻ പറ്റാത്ത അനുഭവങ്ങളുടെ കടലുണ്ട് ഉള്ളിൽ. ഓരോ തിരമാലയും പുതിയ പുതിയ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കും. ഏറ്റവും പുതുമയുള്ള കാലത്തിനായി കാതോർത്ത് മാഷിവിടെ സജീവമാണ്.

Tags:    
News Summary - The way the song came from

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.