എന്തിനേ കൊട്ടിയടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ

പാട്ടുവരികളിൽ പ്രത്യക്ഷമാവുന്ന ശബ്‌ദസ്ഥലത്തിന് ഏറെ പ്രാധാന്യമുണ്ട്. പാട്ടിലെ പ്രകൃതിയുടെ ഭാഗമായിട്ടുള്ള ശബ്‌ദരാശി (Sound Scape) ആണിത്. പാട്ടിൽ യാഥാർഥ്യ പ്രകൃതി ഉളവാക്കാനും അന്തരീക്ഷ നിർമിതിക്കും ആഖ്യാനത്തെ വികസിപ്പിക്കാനും വൈകാരിക പാഠമായി മാറാനുമൊക്കെ പാട്ടെഴുത്തുകാർ ഈ ശബ്‌ദശ്രദ്ധയെ സൂക്ഷ്മമായി നിലനിർത്തുന്നു. പാട്ടുവരികളിലെ ഒരു പ്രധാന പാളിയായി ശബ്‌ദം മാറുന്നു. ആന്തരിക ജീവിതത്തിന്റെ ഭാവങ്ങൾ സൂചിപ്പിക്കുന്ന ഭാവനാത്മകമായ ശബ്‌ദങ്ങൾ പാട്ടിലെ വരികളിൽ അവർ ഉപയോഗിച്ചു. പാട്ടുവരികളിലെ ശബ്‌ദസ്ഥലികൾ കഥാസന്ദർഭങ്ങളെ കൂടുതൽ വിശദമാക്കാനും പൊലിപ്പിക്കാനും സഹായിച്ചു. ശബ്‌ദ കൽപനകളുടെ ഒരു ആകാരം കൂടിയായി മാറുകയാണ് ഗാനവരികൾ. മലയാളത്തിലെ ഗാനരചയിതാക്കളിൽ ഈ ശബ്ദശ്രദ്ധ പാട്ടിലെ വരികളിൽ സന്നിവേശിപ്പിച്ചവരിൽ പ്രധാനിയാണ് ഒ.എൻ.വി കുറുപ്പ്. അദ്ദേഹത്തിന്റെ പാട്ടു സ്വരൂപത്തിൽ ശബ്‌ദസ്ഥലത്തിന്റെ വലിയൊരു സാന്നിധ്യം അനുഭവിക്കാനാവും. ഒ.എൻ.വിപ്പാട്ടിലെ പ്രകൃതിയാണ് ഈ ശബ്‌ദസ്ഥലം സൃഷ്‌ടിക്കുന്ന പ്രധാന ഘടകം. സാന്ദർഭികവും ഫലദായകവുമായ ശബ്‌ദ പഥം വരികളിൽ വിന്യസിക്കുകയായിരുന്നു ഒ.എൻ.വി.

‘മൂളി മൂളിപ്പാടും മുളയുടെ നീലപ്പീലി കുറുനിരയിൽ ഏത് ചിലമ്പിൻ മുത്തുകിലുങ്ങും താളം ലാസ്യ താളം’ എന്ന വരികളിൽ ശബ്‌ദത്തിന്റെ സൂചക ധർമങ്ങൾ കാണാം. മുളയുടെ മൂളി മൂളിപ്പാടലും മുത്തുകിലുങ്ങും ചിലമ്പിൻ താളവും ചേർന്നുനിൽക്കുന്ന അപൂർവ ശബ്‌ദ വാങ്മയമുണ്ട്. ഇത് പാട്ടിന് അപൂർവ സ്വരലയം സമ്മാനിക്കുന്നു. ‘ആടും പദങ്ങളെ കെട്ടിപ്പുണരുന്ന പാദസരങ്ങളും പാടി’ എന്ന വരിയിലെ ശബ്‌ദസീമകൾ ശ്രദ്ധേയമാണ്. ‘അതിലോലമെൻ ഇടനാഴിയിൽ നിൻ കളമധുരമാം കാലൊച്ച കേട്ടു’ എന്ന വരിയിലെ ‘കാലൊച്ച’ എന്ന ശബ്‌ദമാധുര്യത്തിന്റെ തികവാണ് ആ പാട്ടിനെ പ്രണയ സുന്ദരമാക്കുന്നത്. ‘ഇറ്റിറ്റുവീഴും നീർത്തുള്ളി തൻ സംഗീതം ഹൃത്തന്ത്രികളിൽ പകർന്ന നേരം’ എന്ന വരിയിലെ ഇറ്റിറ്റുവീഴുന്ന മഴത്തുള്ളി ശബ്‌ദത്തിന്റെ നിറവാണ് ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ’ എന്ന പാട്ടിനെ സൗമ്യ ശ്രുതിയിലേക്കുയർത്തുന്നത്.

‘വളകിലുക്കം കേൾക്കണല്ലോ ആരാരോ പോണതാരോ’ എന്ന പാട്ടിലെ വളകിലുക്ക ശബ്‌ദത്തിന്റെ സ്വരമാധുര്യമൊന്നു വേറെ. ‘വളകിലുക്കം’ എന്ന ശബ്‌ദസാന്നിധ്യമാണ് ഈ പാട്ടിലെ ആകർഷണീയത. കാഴ്ചകളിൽ കൂടി മാത്രം അടയാളപ്പെടുത്താനാവാത്ത പാട്ടിൽ ഒരു ശബ്‌ദജീവിതത്തിനുകൂടി പ്രാധാന്യമുണ്ടെന്ന് വരുന്നു. പാട്ടിൽ ഒരു സംസ്കാരം നിർണയിക്കാനുള്ള കഴിവുകൂടി ശബ്‌ദത്തിനുണ്ടാവാം. ‘ശംഖൊലി ഉയരും ഗ്രാമം പള്ളി സങ്കീർത്തനം പാടും ഗ്രാമം’, ‘കോവിലിൽ പുലർ വേളയിൽ ജയദേവഗീതാലാപനം’, ‘കുരിശുമലയിൽ പള്ളി മണികളുണരും പുണ്യ ഞായറാഴ്ചകൾ തോറും’, ‘ആയില്യം കാവിലെ പൂരം കഴിഞ്ഞാലും കാതിലീ പഞ്ചാരിമേളം’.... ഇങ്ങനെ പോകുന്നു ശബ്‌ദം പിന്തുടരുന്ന സംസ്‌കൃതികൾ. ശബ്‌ദങ്ങൾ പുതിയൊരു ജീവിതസ്ഥലത്തെ കൊണ്ടുവരുന്നുണ്ട്. അത് പ്രണയജീവിതത്തിന്റെ സ്വഭാവം നിർവചിക്കുന്നുണ്ട്. ‘മെല്ലെയുതിരും വളകിലുക്കം പിന്നെ വെള്ളിക്കൊലുസ്സിൻ മണികിലുക്കം, തേകിപ്പകർന്നപ്പോൾ തേൻമൊഴികൾ നീയെൻ ഏകാന്തതയുടെ ഗീതമായി’ എന്ന വരികളിൽ വളയുടെയും വെള്ളിക്കൊലുസിന്റെയും സാന്നിധ്യം പ്രണയത്തിന്റെ ഒരു മധുര ശബ്‌ദപഥമൊരുക്കുന്നു.

സംഗീതോപകരണങ്ങളുടെ ലയശബ്ദങ്ങൾ ഒ.എൻ.വിയുടെ പാട്ടകങ്ങളെ വേറിട്ടുനിർത്തുന്നു. ‘ആരെയോ മന്ത്രമോതി’ ഉണർത്തുന്ന ആലിൻ കൊമ്പത്തെ ഗന്ധർവൻ ഒ.എൻ.വിപ്പാട്ടിലെ സ്ഥിരം ദൃശ്യങ്ങളിലൊന്നാണ്. ഒ.എൻ.വിയുടെ പാട്ട് ശബ്‌ദാരവങ്ങളുടെ അനുഭവശാലയാകുന്നുണ്ട്. ‘പൂരം കാണാം തുള്ളും ചിലമ്പുമായ് പൂതം വരുന്ന വരവ് കാണാം’ എന്ന വരിയിൽ ദൃശ്യത്തിനിണങ്ങുന്ന ശബ്‌ദസൂചനകൾ കേൾക്കാനാവും. കാറ്റും കാടും കടലും ഏറ്റു പാടുന്ന ഒരു ശബ്‌ദസ്ഥലം അദ്ദേഹത്തിന്റെ എത്രയോ ഗാനങ്ങളിലുണ്ട്. ‘മഴ പാടും താളത്തിൽ ആരോ പാടുന്നു’. ‘മധുരമേതോ മകുടിയുടെ ഒരു നാദം’ ഒ.എൻ.വിപ്പാട്ടിൽ നിറയുന്നു. പുഴയും മുളയും കുയിലുകളും ഒരുമിച്ചു പാടുന്ന ഒരുപാട് മുഹൂർത്തങ്ങൾ ആ പാട്ടുകളിലെ സജീവ ശബ്ദസ്മൃതികളാവുന്നു.

‘കൊട്ടും കുഴൽവിളി മേളവുമായി ഒരുപറ്റം കുയിലുകൾ’ വിരുന്നുവരുന്നുണ്ട് ഒ.എൻ.വിപ്പാട്ടിൽ. പ്രകൃതിയിലെ ശബ്‌ദ ചൈതന്യം മുഴുവൻ പാട്ടിൽ സംക്രമിപ്പിക്കുന്ന ആഖ്യാനത്തിന്റെ ശിൽപവിദ്യയുണ്ട് പാട്ടുകളിൽ. പാട്ടുവരികളിൽ അദ്ദേഹം ഉപയോഗിക്കുന്ന ശബ്‌ദ ഭാഷ ഒന്നു വേറെതന്നെയാണ്. തുടികൊട്ടിപ്പെയ്യുന്ന മുകിലും തിരയടിച്ചാർക്കുന്ന കടലും പാടത്തു ചക്രം ചവിട്ടിപ്പാടുന്ന പാതിരാപ്പാട്ടുകളും കാറ്റിന്റെ താളത്തിലാടുന്ന പൊൻമുളംകാടും മലർമേടും കിളിയാട്ടാൻ വന്നവളുടെ വള പാടുന്ന തന്നാനവുമൊക്കെ ഒ.എൻ.വിപ്പാട്ടിൽ പലതരം ശബ്‌ദ ഭാഷ നിർമിക്കുന്നു. ശബ്‌ദം പാട്ടിന് നൽകുന്ന അധികാർഥ ദീപ്‌തികൾ അങ്ങനെയുള്ളതായിരുന്നു. പാട്ടിൽ ശബ്‌ദം ഹൃദ്യമായ ഒരു ലയം ഉണ്ടാക്കുന്നു. പ്രകൃതിയുടെ സംഗീതം പാട്ടുവരികളിൽ വീണ്ടെടുക്കാൻ ഒ.എൻ.വി ഉപയോഗിച്ച ശബ്‌ദചിത്രങ്ങൾ അനന്യമായിരുന്നു. പ്രകൃതി ശബ്‌ദ സുന്ദരമായി ഒ.എൻ.വിയുടെ വരികളിൽ സർഗാത്മകമാവുകയാണ്. ശബ്‌ദത്തിന്റെ നല്ല വിവരണങ്ങൾ ആ പാട്ടുകളിൽ ഭാവസാന്നിധ്യമായിത്തീരുന്നു.

ഒ.എൻ.വിപ്പാട്ടിലെ സവിശേഷമായ ശബ്‌ദ ചിഹ്നങ്ങൾ അതിന് നൽകുന്ന സ്വാഭാവികതകൾ അത്രത്തോളമാണ്. പ്രത്യേക ശബ്‌ദങ്ങളുടെ മിശ്രണം ആ ഗാനങ്ങളിൽ യാഥാർഥ്യമാകുന്നു. രാവൊച്ചകളുടെ

(nocturnal Sounds) ഒരു ഭൂമികയാകുന്നുണ്ട് ഒ.എൻ.വി ഗാനങ്ങൾ. മനുഷ്യജീവിതത്തിന്റെ സ്മൃതികൾ ഉണർത്തുന്ന ശബ്‌ദങ്ങൾ ആ ഗാനങ്ങളുടെ ഭാഗമാകുന്നു. അദ്ദേഹത്തിന്റെ പല പാട്ടുകളും സവിശേഷതയാർന്ന ശബ്‌ദസ്ഥലമാകുന്നുണ്ട്. കനമാർന്നൊരു ശബ്‌ദ സൗന്ദര്യശാസ്‌ത്രം അവതരിപ്പിക്കുന്ന ഒരു ഒ.എൻ.വിപ്പാട്ടിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. ‘എന്തിനേ കൊട്ടിയടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ’ എന്ന ഈ ഗസൽ പാടിയത് ഉമ്പായി ആയിരുന്നു (പാടുക സൈഗാൾ പാടൂ എന്ന ആൽബം). ഈ ഗസലിലെ മുഴുവൻ വരികളിലും ശബ്‌ദത്തിന്റെ നിറ സാന്നിധ്യമുണ്ട്. ശബ്‌ദത്തിന്റെ ഒരു നിഘണ്ടുപോലെയാവുകയാണ് ഈ ഗാനം. ‘ജാലകച്ഛായയിൽ പാടാൻ വരും പക്ഷിജാലം പറന്നു പോയോ’ എന്ന വരിയിലാണ് ഈ പാട്ടിന്റെ അനുപല്ലവി തുടങ്ങുന്നത്. തുടർന്നുള്ള വരികളിതാ. ‘പാടവരമ്പത്ത് ചീവീട് രാക്കത്തി രാകുന്നൊരൊച്ച കേട്ടോ’ എന്ന വരിയിലെ ‘രാവൊച്ചകൾ’ ശ്രദ്ധേയമാണ്. തുടർന്നുള്ള വരികളിൽ പാതിരാക്കോഴിയുടെ കൂകലും കാവൽമാടത്തിന്റെ ചൂളവുമുണ്ട്. ആരോ കോലായിൽ മൂളുന്ന രമണന്റെ ഈരടി കേൾക്കാം അടുത്ത വരിയിൽ. ചരണത്തിൽ ഒരു സന്ദേഹ ശബ്‌ദ പംക്തി തന്നെയൊരുക്കുന്നുണ്ട് അദ്ദേഹം. ‘ദൂരെ കാറ്റിൻ ഇരമ്പമുണ്ടോ കാറ്റും കൂടെ കിതക്കുന്നുണ്ടോ’, ‘പൈതലെ തൊട്ടിലിലാട്ടുന്നൊരമ്മതൻ കൈവള പാടുന്നുണ്ടോ’... എന്ന് തുടങ്ങി നീളുന്ന ശബ്ദസുഭഗതകൾ അവസാനിക്കുന്നതിങ്ങനെയാണ്. ‘കോവിലിൽ വൃദ്ധനാം പാണിവാദൻ ഗീതഗോവിന്ദം പാടുന്നുണ്ടോ’, ‘അത്താഴപ്പിൻപയൽ വീട്ടിലാരോ ദൈവപുത്രനെ വാഴ്ത്തുന്നുണ്ടോ’... ഇങ്ങനെ പാട്ടുകളിൽ ശബ്ദത്തിന്റെ സർഗാത്മകമായ ഒരു സന്നിവേശം കവി കൊണ്ടുവരുന്നുണ്ട്.

നിശ്ശബ്‌ദത ഒരു ശബ്‌ദ സാന്നിധ്യം എന്ന പോലെ അദ്ദേഹത്തിന്റെ പാട്ടുകളിൽ നിറഞ്ഞുകിടക്കുന്നത് കാണാം. ‘നിറങ്ങൾ തൻ നൃത്തം’, ‘എന്റെ മൺവീണയിൽ’, ‘നെറുകയിൽ നീ തൊട്ടു’, ‘പാടുവാൻ മറന്നുപോം ഏക താര ഞാൻ’, ‘നീയേതോ മൗനസംഗീതം’... ഇങ്ങനെ ശബ്‌ദങ്ങളുടെ ഒരു വാസ്‌തുശിൽപമായിത്തീരുന്നു ഒ.എൻ.വിയുടെ പാട്ട്. പാട്ടുവരികളിൽ ഒരു ശബ്‌ദ പരിസ്ഥിതി (Accoustic Ecology) ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മനുഷ്യ ജീവിതത്തിന്റെ ആന്തരിക ഭാവങ്ങളെ ഭാവനാത്മകമായി ആവിഷ്‌കരിക്കാൻ പാട്ടുവരിയിൽ അദ്ദേഹം നിർമിച്ച പരിണാമിയായ ശബ്‌ദ പഥത്തിന് വലിയ പ്രാധാന്യമുണ്ട്. പാട്ടെഴുതിയ അവസാന ചിത്രങ്ങളിലൊന്നായ ‘കാംബോജി’യിലെ പാട്ടുവരിയിൽപോലും ഈ ശബ്‌ദ പ്രണയം പ്രകടമാണ്. ‘ശ്രുതി ചേരുമോ, ശ്രുതി ചേരുമോ, എന്റെ ഇടയ്‌ക്ക തൻ നാദത്തിൽ തരള തംബുരു ശ്രുതി ചേരുമോ’... ഈ സന്ദേഹ കൽപനയെ സരളമായി വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം അനുപല്ലവി പൂർത്തിയാക്കിയത് ഇങ്ങനെ: ‘പരസ്പര ലയമല്ലീ ജീവിതം, തംബുരുവും ഇടയ്‌ക്കയും ചേർന്നൊരു മധുര ലയം’. കൂടെ ഇലത്താളം കൊട്ടുന്ന ഒരു കാടും, കാംബോജി പാടുന്നൊരു കാറ്റും പാട്ടിൽ സ്വയമിളവേൽക്കുന്നു. അങ്ങനെ ഒ.എൻ.വിയുടെ പാട്ട് ശബ്‌ദസമൃദ്ധിയുടെ ഒരു സമ്മോഹനസ്ഥലിയായിത്തീരുന്നു.

Tags:    
News Summary - എന്തിനേ കൊട്ടിയടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.