കന്നിക്കാവടി പൂനിറങ്ങൾ നിന്നിൽ ചായുറങ്ങി

പലതരം ഭാവനകൾ ഉണ്ടായിരുന്നു ജോൺസൺ എന്ന സംഗീത സംവിധായകനിൽ. മെലഡിയുടെ ആന്തരിക സൗന്ദര്യത്തോടൊപ്പംതന്നെ നിലകൊള്ളുന്ന സംഘഗാനങ്ങളുടെയും ഫോക് ഗാനങ്ങളുടെയുമൊക്കെ ഒരു സമാന്തര ലോകം അവിടെയുണ്ടായിരുന്നു. ജോൺസൺ സംഗീതം നൽകിയ ഫോക് ഗാനങ്ങളിൽ മലയാള സംസ്‌കൃതിയുടെ ഈടുവെപ്പുകൾ പ്രബലമായി. അവിടെ പാട്ട് ഒരു വലിയ ജീവിത മൂല്യം പോലുമായി മാറുന്നു. പാട്ടിനെ പലവിധം പുതുക്കിപ്പണിഞ്ഞ സംഗീത സംവിധായകനാണ് ജോൺസൺ. വെസ്റ്റേൺ സംഗീതത്തിനുമപ്പുറം ഫോക് പാരമ്പര്യത്തിന്റെ ഈണത്തുടർച്ചകളെ പാട്ടിലെ ആശയങ്ങളുടെ അവതരണ സ്ഥാനമാക്കി മാറ്റി അദ്ദേഹം.

വളരെ ലളിതമായ ഈണത്തിന്റെ അടിപ്പടവിൽ നിന്നാണ് ജോൺസൺ ഗാനങ്ങൾ സമൂഹത്തോട് സംവദിച്ചത്. വരികളിലെ ഓരോ ജീവിത മുഹൂർത്തത്തോടും അത്രക്കും സത്യസന്ധമായ സംഗീതമാണ് അദ്ദേഹം പകർന്നുനൽകിയത്. പി. ഭാസ്‌കരൻ, ഒ.എൻ.വി, കാവാലം, കൈതപ്രം എന്നിവരുടെ വരികളിൽ നിലീനമായിരുന്ന ആഴമേറിയ ജീവിത ദർശനബോധത്തെ ജോൺസൺ പ്രകാശനിർഭരമാക്കി. പാരമ്പര്യത്തിൽ വേരോടിയ ഒരു ഭാവുകത്വത്തെയാണ് ജോൺസൺ പാട്ടിൽ പകർന്നത്. ക്ലാസിക്കൽ സംഗീതേതരമായ ഒരു പരിവർത്തനത്തിന്റെ ലാവണ്യാത്മകതകൾ ജോൺസൺ തന്റെ ഗാനങ്ങളിൽ അഭിസംബോധന ചെയ്തു.

ഭാസ്കരൻ, ഒ.എൻ.വി, കാവാലം, കൈതപ്രം എന്നിവരുടെ വരികളിൽ സന്നിഹിതമായ ഫോക് ലോർ ആന്തരിക മൂല്യത്തെ പാട്ടുകളിൽ സൗന്ദര്യാത്മകമാക്കി ജോൺസൺ. എത്രയെത്ര ഗാനങ്ങളാണ് ഇതിന് ദൃഷ്ടാന്തമായുള്ളത്. ‘ഇത്തിരിയിത്തിരിത്തിരയിളകുന്നു’, ‘ഉള്ളിൽ പൂക്കും പൂഞ്ചോലക്കാവിൽ’, ‘കാവേ തിങ്കൾ പൂവേ’, ‘കന്നിക്കാവടിപ്പൂനിറങ്ങൾ’, ‘തെക്കന്നം പാടി നടന്നേ’ (കാവാലം), ‘ മൈനാകപ്പൊൻമുടിയിൽ’, ‘ പള്ളിത്തേരുണ്ടോ’, ‘തങ്കത്തോണി’, ‘കനകം മണ്ണിൽ’, ‘പീലിക്കണ്ണെഴുതി’, ‘വെള്ളാരപ്പൂമല മേലേ’, ‘പൂവാം തുമ്പി’ (കൈതപ്രം), ‘പൂവേണം പൂപ്പട വേണം’, ‘കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം’ (ഒ.എൻ.വി), ‘മാനത്തെ മാമയിലെ’, ‘ദേവകന്യക’ (ഗിരീഷ് പുത്തഞ്ചേരി), ‘കതിരോലപ്പന്തലൊരുക്കി’ (പി.കെ. ഗോപി), ‘മണപ്പുള്ളിക്കാവിലെ വേല കാണാൻ’ (ദേവദാസ്)... കാൽപനികതയിൽ ഫോക് സ്പർശം കലർത്തി പാട്ടിന്റെ മറ്റൊരു വഴിയുണ്ടാക്കുകയായിരുന്നു ജോൺസൺ.

പാട്ടിൽ വളരെ ജൈവമായ ഒരീണം സൃഷ്ടിക്കുകയായിരുന്നു ജോൺസൺ, അതിന്റെ സ്വാഭാവിക ലാളിത്യത്തിൽ. പാട്ടിൽ മലയാള സംസ്‌കൃതികൾ കൊണ്ടുവരുന്നതിൽ അദ്ദേഹം ഏറെ വിജയിച്ചു. ജോൺസന്റെ ഗാനങ്ങളിൽ സാഹിത്യം, ഓർമ, ദേശം, ഭാഷ എന്നിവയെല്ലാം ഈണത്തിന്റെ ഒരു അരങ്ങ് തീർക്കുന്നു. ആ ഗാനങ്ങളിൽ നാട്ടനുഭവ സംസ്കൃതികൾ കൊണ്ടുവന്നു. പാട്ടിലെ അഴകും അയവും മിഴിവും കൂട്ടാനുള്ള വായ്ത്താരികൾ, ആവർത്തിത ശബ്‌ദങ്ങളുടെ വിന്യാസങ്ങൾ, വിശ്വാസങ്ങൾ, ആവിഷ്‌കാരങ്ങൾ, പാട്ടുമട്ടുകൾ, കഥന വഴക്കങ്ങൾ, നാട്ടുപ്രകൃതികൾ, കാവ്യ ബോധ്യങ്ങൾ എന്നിവ ജോൺസൺ ഗാനങ്ങളിൽ സൂക്ഷ്മമാകുന്നു. ‘ഉണ്ണിയമ്മച്ചിരുതേവി’, ‘കുഞ്ഞു പാപ്പാത്തി’, ‘കൊല്ലങ്കോട്ടു തൂക്കം’, ‘അമ്പലക്കൊമ്പന്റെ’... അങ്ങനെ എത്രയെത്രെ പാട്ടുകൾ.

ജോൺസൺ ഗാനങ്ങളിലുള്ള സംഘഗീത ശോഭകൾ (Chorus) അത്രക്കും ശ്രദ്ധേയമാണ്. ക്രമബദ്ധമായ ഒരു കോറസ് പാറ്റേൺ ഉണ്ടായിരുന്നു ജോൺസൺ ഗാനങ്ങളിൽ. നാട്ടുഭാഷയുടെ അനലംകൃതമായ ലാവണ്യം നിറഞ്ഞ ഒരുപാട് ഗാനങ്ങൾ ജോൺസനിൽ നിന്നുണ്ടായി. ‘കൂവരംകിളിക്കൂട്’ എന്ന കാവാലം-ജോൺസൺ ടീമിന്റെ ഗാനത്തിൽ കോറസിന്റെ പ്രാധാന്യം ഏറെ വലുതാണ്. ‘അച്ഛൻ കൊമ്പത്ത്’ എന്ന ‘നസീമ’യിലെ പാട്ടിൽ കോറസിന്റെ ക്രമബദ്ധമായ കയറ്റിറക്കങ്ങൾ കാണാം. ‘കാവിൽ ആറാട്ട്, കടവിൽ നീരാട്ട്, മേളം പഞ്ചാരി, താളം തരികിടതോം’ എന്ന വരി കഴിഞ്ഞുള്ള മൃദംഗജതിപ്പെരുക്കങ്ങൾ ഓർക്കേണ്ടതാണ്. ‘ഇവിടെ തുടങ്ങുന്നു’ എന്ന സിനിമയിലെ ‘താനാരോ തന്നാരോ’ എന്ന വായ്ത്താരിയിലെ ആഘോഷ ലഹരി ഒന്നു വേറെത്തന്നെ. ‘ചേരുന്നു ഞങ്ങളൊന്നായ് ചേരുന്നു’ എന്ന പാട്ടിൽ സംഗമലഹരിയുടെ താളമേളങ്ങളുണ്ട്. സംഘഗാനങ്ങളിൽ വൈകാരികത കൂടി ചേർത്താണ് ജോൺസന്റെ പാട്ടവതരണ രീതികൾ. ഇത്തരം പാട്ടുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ‘ചൂളം കുത്തും കാറ്റേ’, ‘ഏലപ്പുലയേലേലോ’, ‘കതിരോലപ്പന്തലൊരുക്കി’, ‘ചെത്തിക്കുണുങ്ങിപ്പാടടേ’, ‘പണ്ട് മാലോകരൊന്നു പോലെ’, ‘അന്തിക്കടപ്പുറത്ത്’, ‘മഞ്ഞിൽ മെനയണം’, ‘അമ്മയും നന്മയുമൊന്നാണ്’... അങ്ങനെയുള്ള പാട്ടുകളിൽ ജോൺസൺ ഇഴപാകുന്ന ഈണ സംസ്‌കൃതികൾ വലുതാണ്.

കോറസ് ഗാനങ്ങളിൽ വായ്ത്താരികളും ഭിന്നതാള സങ്കലനങ്ങളും എല്ലാം അദ്ദേഹം ഉറപ്പാക്കുന്നുണ്ട്. മലയാളത്തെക്കുറിച്ചുള്ള ആഴമേറിയ വിചാരമുള്ള ഒരാൾക്കേ ഇങ്ങനെയാവാൻ കഴിയൂ. നാട്ടുസംസ്‌കൃതികളെ ജോൺസൺ തന്റെ ഗാനങ്ങളിൽ സാക്ഷാത്കരിച്ചു. ഈണത്തിന്റെ സ്വരൂപം കടന്ന് പാട്ടിലെ വാക്കുകൾ അതുല്യമായ ഭാവഭംഗിയിൽ നമ്മുടെ ഹൃദയത്തിലേക്ക് ഒഴുകിനിറയുന്നു. ഗുരുവായ ദേവരാജൻ മാഷിൽ നിന്ന് കിട്ടിയ സംഗീത ശിക്ഷണം ഇതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവാം. ഓരോ കോറസ് ഗാനവും അതത് സിനിമാ സന്ദർഭത്തെ ഔചിത്യപൂർവം അനാവരണം ചെയ്തു. ജോൺസൺ പാട്ടുകളിലെ സമഗ്രതാ ബോധവും സാകല്യവും അത്രക്കുണ്ടായിരുന്നു.

‘പൂവേണം പൂപ്പട വേണം’ എന്ന പാട്ടിലുള്ള നാട്ടു സംസ്‌കൃതികൾ, പ്രത്യേകിച്ച് പൂതപ്പാട്ടും കളമെഴുത്തുമൊക്കെയുള്ള അന്തരീക്ഷം പാട്ടിൽ കൊണ്ടുവരുന്നുണ്ട് ജോൺസൺ. ‘തനനനന’ എന്ന വായ്‌ത്താരിയുടെ അകമ്പടിയിലാണ് പാട്ടിന്റെ ജീവൻ. ഇതുതന്നെ പല്ലവിയിലും അനുപല്ലവിയിലുമൊക്കെ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പ്രയോഗത്തിൽ വരുത്തുന്നത്. ‘ഈ ഉത്സവത്തോടുകൂടി നമ്മുടെ സാമ്പത്തിക പ്രശ്‌നങ്ങളൊക്കെ തീരും’ എന്ന കഥാപാത്ര സംഭാഷണത്തുടർച്ചയിൽ നിന്നാണ് ‘വെള്ളാരപ്പൂമല മേലേ’ എന്ന പാട്ടാരംഭിക്കുന്നത്. ‘ഓഹോ ഓഹോ’ എന്ന് തുടങ്ങുന്ന വായ്ത്താരിയിലാണ് പാട്ടിന്റെ തുടക്കം. പിന്നീടങ്ങോട്ട് ചെണ്ടയുടെ ശബ്‌ദവുമെല്ലാം കൂടിക്കലർന്ന ഉത്സവാഘോഷപ്പകിട്ടുകൾ മുഴുവനും ആ പാട്ടിൽ ഇടകലർത്തിയിരിക്കുകയാണ് ജോൺസൺ. കൈതപ്രം വരികളിൽ ചേർത്തുവെച്ച കേരളീയതക്ക് അടിവരയിടുന്ന സംഗീതമാണ് ജോൺസൺ ഈ പാട്ടിൽ പ്രയുക്തമാക്കുന്നത്.

പി.കെ. ഗോപിയുടെ ഗ്രാമീണ ഭംഗി തുളുമ്പുന്ന വരികൾക്ക് ജോൺസൺ സൃഷ്‌ടിച്ച ഈണമാണ് ‘കതിരോലപ്പന്തലൊരുക്കി’ എന്ന പാട്ടിനെ ആകർഷകമാക്കുന്നത്. ചെണ്ടമേളത്തിലാണ് പാട്ട് തുടങ്ങുന്നത്. പിന്നീടുള്ള ഹമ്മിങ്ങിൽ പല്ലവി. ഈ പാട്ടിലെ കോറസും സവിശേഷമാണ്. ‘മേലേ കണ്ടത്തിന്ന തൃതലക്കേൽ അമ്പാരി കണ്ടായോ’ (അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്) എന്ന പാട്ടു ശ്രദ്ധിച്ചാൽ അറിയാം കൈതപ്രത്തിന്റെ വരികളിൽ ജോൺസൺ നിർമിച്ച ഈണത്തിന്റെ തെളിച്ചം. മണ്ണിന്റെ മണമുള്ള പാട്ടിൽ പെടുത്താവുന്ന ഒന്ന്. ഗ്രാമത്തിന്റെ മനസ്സ് മുഴുവനുമുണ്ട് ഈ പാട്ടിൽ. ‘തീയിലുരുക്കി തൃത്തകിടാക്കി’ എന്ന പാട്ട് തുടങ്ങുന്നത് തട്ടാൻ (ശ്രീനിവാസൻ) പൊന്നുരുക്കി അതിനെ ചുറ്റിക കൊണ്ടടിച്ച് നിരപ്പാക്കുന്ന ശബ്‌ദത്തിൽ നിന്നാണ്. പിന്നങ്ങോട്ട് കോറസിന്റെ അനുയാത്രയിൽ പാട്ട് ആഹ്ലാദത്തിന്റെ മറ്റൊരു തലത്തിലേക്കുയരുന്നു.

‘തൂവൽ വിണ്ണിൻ മാറിൽ’ എന്ന പാട്ടിന്റെ പല്ലവി കഴിഞ്ഞുള്ള ഹമ്മിങ്, ചരണത്തിന് മുമ്പുള്ള സ്വരങ്ങളും തമ്മിലുള്ള ബാലൻസിങ് എന്നിവ ജോൺസന്റെ സംഗീത സമൃദ്ധിയെ വെളിവാക്കുന്നു. കൃഷ്‌ണചന്ദ്രൻ പാടിയ ‘താനാരോ തക്കം താനാരോ’ (കാക്കത്തൊള്ളായിരം) എന്ന നാടൻപാട്ടു ശൈലിയിലെ ഗാനം, ‘ചോതിക്കൊഴുന്നേ’ (നെറ്റിപ്പട്ടം) എന്ന ബാലഗോപാലൻ തമ്പി പാടിയ ഗാനം എന്നിവയിലെല്ലാം വായ്ത്താരികളുടെ സജീവ സാന്നിധ്യമുണ്ട്. ഫോക്കിന്റെ അംശങ്ങൾ ജോൺസന്റെ ഗാനങ്ങളിൽ പലവിധം വന്നു. ‘തലചായ്ക്കാനൊരു താഴ്‌വാരം’, ‘ഉള്ളിൽ പൂക്കും പൂഞ്ചോല’, ‘അങ്ങാടിന്നിങ്ങാടീന്ന്’, ‘മന്ദാരപ്പൂവൊത്ത പെണ്ണാളെ’, ‘ചക്കരപ്പാവിൻ തൈവെട്ടി’, ‘അഷ്‌ട നാഗങ്ങളെ’, ‘ഖൽബിലൊരൊപ്പനപ്പാട്ടുണ്ടോ’, ‘ആശാമരത്തിന്റെ...’ ഉത്സവവും ആചാരവും അയ്യപ്പൻ വിളക്കും കല്യാണരാവും ആഘോഷവുമെല്ലാം ജോൺസന്റെ പാട്ടുകളിൽ കോറസിന്റെ തുറസ്സുകളിലേക്ക് വളരുന്നു. ‘തപ്പും കൊട്ടട തപ്പാണി’, ‘ആഞ്ഞു തുഴഞ്ഞു ചാകര കണ്ടേ’, ‘തുമ്പപ്പൂകോടിയുടുത്തു, ‘കുമ്മിയടിക്കുവിൻ’... ഇങ്ങനെ സംഘമായി പാടുന്ന പാട്ടുകളുടെ ഒരു നിരതന്നെയുണ്ടവിടെ.

ജോൺസൺ പാടിയ പാട്ടുകളിലും ഭാഷയുടെയും ഭാവത്തിന്റെയും ഭാവനയുടെയും സംസ്‌കൃതികൾ കാണാനാവും. ‘ഹിമബിന്ദു പോയ്’ (സൂസന്ന), ‘ആശാനെ’ (ഫുട്ബോൾ), ‘താളം തുള്ളി’, ‘അമ്മാനം ചെമ്മാനം’ (കിസാൻ), ‘താഴേ പാടം’ (ഗുൽമോഹർ), ‘കോഴിപ്പൂവന്റെ’ (ഋഷ്യശൃംഗൻ)... ജോൺസൺ ഗാനങ്ങൾ ഒരു തരത്തിൽ ഫോക് സംസ്കൃതിയുടെ ആർക്കൈവുകളായിത്തീരുന്നു. സംഗീതത്തിന്റെ മഹിത പാരമ്പര്യങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു, അതേതു വിഭാഗമായാലും. ഒരു കാര്യം ഉറപ്പാണ്, തൊണ്ണൂറുകളിൽ വന്ന ഗ്രാമീണവും നാട്ടുമണവുമുള്ള ഒരു കൂട്ടം പാട്ടുകളുടെ പ്രധാന സംഗീത ശിൽപിയായിരുന്നു ജോൺസൺ. അത്തരം സംഗീത സൗന്ദര്യത്തിന്റെ അടയാളമുദ്രകൾ ഇന്നത്തെ പുതിയ തലമുറകളിലേക്ക് സംക്രമിക്കേണ്ടത് കാലത്തിന്റെ ഒരാവശ്യം കൂടിയാണ്.

Tags:    
News Summary - Through the memories of Johnson Mash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.