പാട്ടിൽ അനുഭൂതിയുടെ സവിശേഷ ഭാഷ നിർമിക്കുന്നതിൽ പ്രധാനിയാണ് ശ്രീകുമാരൻ തമ്പി. വൈവിധ്യ വിസ്തൃതമായ ഒരനുരാഗ പ്രപഞ്ചം പാട്ടിൽ സന്നിവേശിപ്പിച്ചു അദ്ദേഹം. അഭിലാഷ നിർഭരവും നിർവൃതി ദായകവും നിത്യസുന്ദരവുമായ ഒരു കാമുകത്വത്തിന്റെ പ്രേമപൗർണമി ഈ ഗാനങ്ങളിൽ എന്നും മായാതെ തെളിഞ്ഞുനിന്നു. അനുരാഗത്തിന്റെ ആയിരക്കണക്കിന് അനുഭൂതികൾ ശ്രീകുമാരൻ തമ്പി തന്റെ ഗാനങ്ങളിൽ അടയാളപ്പെടുത്തി. മനുഷ്യ മനസ്സിന്റെ തൃഷ്ണാഭരിതമായ ഒരനുരാഗലോകം അദ്ദേഹം പാട്ടിൽ ചമച്ചു. പാട്ടുകളിൽ പല പല അനുപാതങ്ങളിൽ അനുരാഗം വന്നുനിറഞ്ഞു. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളെ ആഴത്തിൽ നിർണയിക്കുന്ന അനുഭൂതിയുടെ അനന്തമായ വിനിമയങ്ങൾ അത്രക്കും ശ്രദ്ധേയമാണ്. മൗനാനുഭൂതിയുടെ മരന്ദ കണങ്ങൾ ആ ഗാനങ്ങളിൽ അനുരാഗം കൊണ്ടുവരുന്നു. ആദ്യാനുരാഗത്തിന്റെ ഹർഷാനുഭൂതിയിൽ ആത്മാവിന്നാരാമം പൂത്തു എന്നാണ് അദ്ദേഹത്തിന്റെ ഒരു പാട്ട് പാടുന്നത്. അനുഭൂതി അംഗനാരൂപമാർന്നവളോടാണ് കവിയുടെ എക്കാലത്തെയും അഭിവാദനം. ഒരു വിരൽത്തുമ്പ് കൊണ്ടുപോലും സിരകളിൽ അനുഭൂതിയുടെ തിരമാലയൊഴുക്കുവാൻ കഴിയുന്നവളോടാണ് കവിക്ക് കടുത്ത ആരാധനയും പ്രണയവും. അനുഭൂതിയെ തിരമാലയായിട്ടാണ് അദ്ദേഹം പല പാട്ടുകളിലും അവതരിപ്പിച്ചിട്ടുള്ളത്.
‘എന്നനുഭൂതിത്തിരമാലകളിലാടി നിൻ കിനാവിന്നോടം, അനുഭൂതികൾ തൻ തിരമാലകളായ് അലിഞ്ഞു നിൻ ചിരിയെന്നിൽ, അനുഭൂതിത്തിരമാല ഞൊറിയുമീ നദികളിൽ ഇരു മലർ തോണികളായ് നമുക്ക് നീന്താം...’ ഇങ്ങനെ ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ അനുഭൂതികൾ തിരമാലത്തരംഗങ്ങളായി തീരുന്നു. അനുരാഗം-അഭിലാഷം-മന്ദഹാസം-ആലിംഗനം-അനുഭൂതി-നിർവൃതി... ഇങ്ങനെ ഒരു ക്രമമോ ശ്രേണിയോ ഒക്കെ ഈ പാട്ടുകളിൽ കാണാം. ഒരു പക്ഷെ, ഇതിലേതെങ്കിലുമൊക്കെ അദ്ദേഹം തന്റെ പാട്ടിന്റെ നിർമാണത്തിനെടുക്കുന്ന സജീവ ഘടകങ്ങൾ തന്നെയാണ്. അനുരാഗത്തിന്റെ പടിപടിയായുള്ള വളർച്ചകൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ നിലീനമാണ്. ‘നീയനുരാഗത്തിൻ വിശ്വ ഹർമ്യം’ എന്ന് ഒരു പാട്ടിൽ പ്രണയിനിയെ കവി അഭിസംബോധന ചെയ്യുകയുണ്ടായി. പ്രപഞ്ചത്തിലെവിടെയും അനുരാഗത്തിന്റെ മണിമുഴക്കമുണ്ടെന്ന് അദ്ദേഹം ഉള്ളിൽ നിനച്ചു. നീയെന്ന രാഗവും ഞാനെന്ന താളവും ചേർന്ന് നിത്യാനുരാഗമാം സംഗീതമായെന്ന അലൗകികമായ ആദർശം പാട്ടുകളിൽ അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. അനുരാഗത്തിന്റെ ഒരു ഖജനാവ് തന്നെയാണ് ഈ ഗാനങ്ങൾ. അനുരാഗത്തിന്റെ സായൂജ്യ ദീപ്തികൾ പാട്ടുകളിൽ ഇത്രയധികം പൊലിപ്പിച്ചെടുത്തവർ ചലച്ചിത്ര സംഗീതത്തിൽ കുറവാണ്.
അനുരാഗത്തിലേക്കുള്ള മധുരക്ഷണമായി കാണാം ശ്രീകുമാരൻ തമ്പിയുടെ ഓരോ പാട്ടിനെയും. പാട്ടിൽ എവിടെയും അനുരാഗത്തിന്റെ പൂവിളികൾ. അനുരാഗിയുടെ അകതാരിൻ ഗന്ധം ചൊല്ലി ശ്രുതിയിണക്കുന്ന മാരുതനുണ്ട് തമ്പിയുടെ ഗാനങ്ങളിൽ. ‘പരിഭവിച്ചോടുന്ന പവിഴക്കൊടി നിന്റെ പരിഭവവും നല്ല കവിത, അഭിലാഷമാണതിന്നാകാരം, അനുരാഗമാണതിന്നലങ്കാരം’ എന്ന വരിയിൽ അഭിലാഷവും അനുരാഗവും തമ്മിലുള്ള ഇണക്കം നാമറിയുന്നു. പരിരംഭണത്തിൻ രതിഭാവങ്ങൾ പല രീതിയിൽ അനുരാഗ സാക്ഷാത്കാരമായിത്തീരുന്നുണ്ട് തമ്പിയുടെ പാട്ടുകളിൽ. ആലിംഗനമെന്നത് ആ ഗാനങ്ങളിൽ അനുരാഗത്തിന്റെ തുടർച്ച തന്നെയായിരുന്നു. ‘ആലിംഗന ലയ നിർവൃതിയേറി ആരാമ പവനൻ പാടുന്നു’ എന്ന വരിയിൽ ഇത്തരമൊരു അനുരാഗ സാകല്യത്തിന്റെ സൂചനയുണ്ട്. ‘ഓർമവെച്ച നാൾ മുതൽ ഞാൻ ആ നാദം കേട്ടിരുന്നു, ആവണിപ്പൊൻ കാറ്റലയായ് ആലിംഗനം ചെയ്തിരുന്നു’ എന്ന് പാടുമ്പോൾ അനുരാഗത്തിന്റെ സുന്ദരമുഹൂർത്തങ്ങൾ പാട്ടിൽ സമീപസ്ഥമാകുകയാണ്. പ്രണയിനിയുടെ മന്ദഹാസത്തിന്റെ പട്ടുതൂവാലകൾ കവിഹൃദയത്തിന് പൊന്നാടയായിത്തീരുന്നു.
‘മറഞ്ഞു പോയി നീയെങ്കിലുമെന്നിൽ നിറഞ്ഞു നിൽപ്പൂ നിൻ മന്ദഹാസം’ എന്ന വരിയിൽ അനുരാഗത്തിലേക്കുള്ള ആദ്യപടിയാകുന്ന മന്ദഹാസത്തിന്റെ മധുര ലയപൂർണിമയുണ്ട്. മൗനരാഗത്തിന്റെ മന്ദസ്മിതത്തിൽ ഏത് മനസ്സാണ് തുളുമ്പാതിരിക്കുന്നത്? എന്ന് കവി ഒരു പാട്ടിൽ വിചാരം കൊള്ളുന്നുണ്ട്. അമ്പലപ്പുഴ പാൽപായസം പോലെ മുന്നിൽ തുളുമ്പുന്ന മന്ദഹാസവും താരുണ്യ സ്വപ്നത്തിൻ താരാപരാഗങ്ങൾ തോരണങ്ങൾ ചാർത്തുന്ന മന്ദഹാസവുമൊക്കെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ തരളമായി തുടരുന്നു. അനുരാഗത്തെ മൃദുമന്ദസ്മിതമാക്കുന്നവളാണ് തമ്പിയുടെ പാട്ടുകളിലെ പ്രണയിനി. പ്രണയിനിയുടെ മന്ദഹാസമധുര ദളമാണ് മലരമ്പായിത്തീരുന്നതെന്ന് പാട്ടുകേൾക്കെ നാം തിരിച്ചറിയുന്നു. പ്രണയിനിയുടെ മന്ദഹാസമെന്ന സൂര്യോദയത്തിൽ അനുരാഗത്തിന്റെ ആനന്ദമുകുളം വിരിയുന്നു എന്നത് പ്രണയിയുടെ എക്കാലത്തെയും സ്വകാര്യ നിനവുകളിൽ ഒന്നാണല്ലോ.
‘പുതിയ കാവിൽ പോയി,
കുറുബാന കണ്ടു ഞാൻ,
പുതുമഴക്കാറ്റിൽ മടങ്ങുമ്പോൾ,
കുരിശിൻ തൊട്ടിയിൽ നിഴലുപോലോമന കുസൃതിച്ചിരിയുമായ് നിന്നിരുന്നു,
മഴയിലെൻ മേനി നനഞ്ഞപ്പോൾ നിന്റെ മന്ദസ്മിതമെന്റെ പൊൻ കുടയായ്’
എന്ന വരികളിലെ ദൃശ്യാംശസമൃദ്ധി അത്രക്കും ശ്രദ്ധേയമാണ്. ‘എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണമി വിടർന്നേനെ’ എന്ന കാൽപനികതയിലൂടെയുള്ള പറക്കൽ (Romantic flights) ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ സജീവതയാർന്നുനിന്നു. അത് അനുരാഗത്തിന്റെ പൂർത്തീകരണം (consummation) കൂടിയാണ്. നിർവൃതി എന്നത് പ്രണയാനുഭൂതിയുടെ നിറവാണ്. അനുരാഗത്തിന്റെ സാക്ഷാത്കാര ധന്യതയാണ് നിർവൃതി.
‘നിറയുമീ നിർവൃതിത്തേനാറിൽ ഒഴുക്കൂ നീയെൻ കളിയോടം,
മനസ്സിന്റെ ചിപ്പികൾ വിളയുമ്പോൾ
മരണവും മധുരാനുഭൂതിയായ് മാറും’
എന്ന പാട്ടിൽ പ്രണയമുണ്ടെങ്കിൽ മരണംപോലും മധുരാനുഭൂതിയായിത്തീരുമെന്ന പ്രതീക്ഷയും പ്രത്യാശയും കവി പങ്കുവെക്കുന്നു. അനുരാഗമെന്ന അനുഭൂതിയുണ്ടാക്കുന്ന നിർവൃതികളുടെ നിറസാന്നിധ്യമുണ്ട് ആ ഗാനങ്ങളിലെല്ലാം. പാട്ടിന്റെ നിർമിത ലോകത്തിൽ അനുരാഗത്തിന്റെ സൗന്ദര്യവും സൗരഭ്യവും സമൃദ്ധിയുമൊക്കെയാണുള്ളത്. അനുരാഗം-അഭിലാഷം-മന്ദഹാസം-ആലിംഗനം-അനുഭൂതി-നിർവൃതി എന്നീ ഘടകങ്ങളുടെ സമന്വയമായൊരു മോഹന വാഴ്വ് പാട്ടിലുണ്ടാകുന്നു. പ്രണയം നിറവേറാനുള്ള വഴികൾ എല്ലാം കൂടിച്ചേരുന്നു. അനുരാഗമെന്നത് മറ്റെല്ലാ ഘടകങ്ങളും കൂടിച്ചേർന്ന ഒരൊറ്റ ലോകമായി വരുന്നു. ഇവിടെ അനുരാഗത്തിന്റെ പടിപടിയായുള്ള വളർച്ചകൾ സമാഗതമാകുന്നു.
‘എന്നനുഭൂതിതൻ സ്വർണ ദലങ്ങളാൽ
നിൻമോഹപുഷ്പകം അലങ്കരിക്കാം’
എന്ന് ഒരു പാട്ടിലെ നായകൻ അകമേ ആഗ്രഹിക്കുന്നുണ്ട്. പ്രേമരാഗത്തിന്റെ വീചികൾ, പൊന്നനുഭൂതികളായി ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളിൽ അലരിട്ടു നിൽക്കുകയാണ്. അനുഭൂതികൾ പാട്ടിന് പുതിയ ഭാവങ്ങൾ പകരുന്നു. അനുഭൂതിയെയും നിർവൃതിയെയും അനുരാഗപൂർവം പങ്കിട്ട ഒരു നിത്യകാമുകന്റെ പ്രേമവിലാസത്തിന്റെ അസാധാരണത്വം നാം തമ്പിയുടെ ഗാനങ്ങളിൽ സദാ അനുഭവിക്കുന്നുണ്ട്. അനുരാഗത്തിന്റെ തപോവന സീമയിൽ തപസ്വിനിയെ ഉണർത്തിയ ഒരാൾ, ഗാനത്തിന്റെ മഴവിൽച്ചിറകിൽ പ്രിയസഖിയെ ഉയർത്തിയ ഒരാൾ, നിലാവിന്റെ നീല ഞൊറികളിൽ ഓമനയുടെ പാവാട ഇളകുന്നത് ഭാവന ചെയ്ത ഒരാൾ... അങ്ങനെ കാമുകന്റെ വൈവിധ്യ സാന്ദ്രമായ അനുഭൂതി വിസ്തൃതികൾക്ക് പൂർണത കൈവരുന്നു.
മനുഷ്യ വികാരാനുഭൂതിയുടെ സൂക്ഷ്മ രമ്യ ഭാവങ്ങളെ ഗാനാത്മകമാക്കുകയായിരുന്നു ശ്രീകുമാരൻ തമ്പി. ലാവണ്യാത്മകമായ ഒരു ജീവിതബോധത്തിൽ വിരിയുന്ന അനുഭൂതി നിർവൃതികളുടെ അസാധാരണ ലോകമാണ് ആ പാട്ടുകളിലുള്ളത്. കാമനീയയുടെ പുതുലോകങ്ങൾ പാട്ടിൽ ആവിഷ്കരിക്കുന്നതിൽ തമ്പി മറ്റാരിലുമുള്ളതിനേക്കാൾ മിടുക്കുപയോഗിച്ചു. അനുരാഗം, അഭിലാഷം, ആലിംഗനം, മന്ദഹാസം, അനുഭൂതി, നിർവൃതി എന്നിങ്ങനെ ശ്രേണീബന്ധിതമായ വികാര ധന്യതകളുടെ സ്വരഭേദങ്ങൾ ആ ഗാനങ്ങളിൽ അത്ഭുതകരമായ പരിണാമങ്ങൾക്ക് വിധേയമാകുന്നു. പരാവർത്തനത്തിലൂടെ വെളിപ്പെടുത്തുവാനാവാത്ത അനുഭൂതി തലങ്ങൾ രൂപശിൽപത്തിലൂടെ, ബിംബ സമായോജനത്തിലൂടെ തമ്പിയുടെ ഓരോ ഗാനത്തിലും സവിശേഷമായിത്തീരുകയാണ്. അങ്ങനെ പാട്ടിനെ ഒരത്ഭുത സൗന്ദര്യമാക്കി തീർക്കുകയാണദ്ദേഹം. അനുരാഗത്തെ ചൂഴ്ന്നുനിൽക്കുന്ന മറ്റനുഭവങ്ങളെ പാട്ടിലെ ഏറ്റവും വലിയ അർഥോൽപാദന മണ്ഡലങ്ങളാക്കുന്നതിൽ അദ്ദേഹം സമ്പൂർണമായി വിജയിച്ചു. നിത്യ പ്രണയിയായ ഒരു ആരാധകന്റെ അനുഭൂതി സാക്ഷാത്കാരത്തെ ഇത്രയധികം സൗന്ദര്യാത്മകമായി പാട്ടിൽ സംഗ്രഹിച്ച ഒരാൾ എന്ന നിലയിൽ ശ്രീകുമാരൻ തമ്പി എന്ന കവി എക്കാലത്തും ആസ്വാദക മനസ്സിൽ നിത്യവിസ്മയമായി തുടരുമെന്നത് ഉറപ്പാണ്. ആ പ്രണയവാഹിനി, കാലത്തെ മറികടന്ന് ഒഴുകിക്കൊണ്ടേയിരിക്കുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.