ഓ​രോ​രോ​ർ​മ​ക​ളി​ലോ​ടി​യെ​ത്തും പാ​ട്ട്

മാധുര്യമിയന്ന സ്വരമഞ്ജരികളുടെ പ്രസാദസ്പർശമാണ് എം. ജയചന്ദ്രന്റെ സംഗീതം. പാട്ടിന്റെ സ്വരൂപത്തെയും ആരൂഢത്തെയും നിർമിക്കുന്ന ആത്മബോധമുള്ള ഒരു പാരമ്പര്യവും ഒരാധുനികതയും ജയചന്ദ്രന്റെ സംഗീതഭാഷയുടെ സവിശേഷതകളാണ്. വ്യത്യസ്ത സംസ്കാരത്തിന്റെയും സംഗീതശൈലിയുടെയും തച്ചുകളെ പാട്ടിന്റെ ഭാവനിർമിതിക്കുവേണ്ടി പുനരാനയിക്കാൻ ആദ്യകാലംതൊട്ടേ ശ്രമം നടത്തുന്ന സംഗീതസംവിധായകനാണദ്ദേഹം. പാട്ടിന് പടരാനുള്ള ഒരുപാട് വഴികളുണ്ടെന്ന് ജയചന്ദ്രൻ തന്റെ കേൾവിക്കാരെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. അനുഭവങ്ങളുടെയും അനുഭൂതികളുടെയും ആഴക്കാഴ്ചകളെ ജയചന്ദ്രൻ സ്വന്തം സംഗീതചിന്തകളുമായി ചേർത്തുനിർത്തി. ആവിഷ്‍കരണത്തിലെ സൂക്ഷ്മതയാണ് ജയചന്ദ്ര ഗീതികളെ തെളിനീർപോലെയോ സൂര്യവെളിച്ചം പോലെയോ സ്ഫുടംചെയ്തെടുക്കുന്നത്.

‘ഹൃദയം തെരഞ്ഞെടുക്കുന്ന ഈണങ്ങളിൽ ഞാൻ മെല്ലെ തൊട്ടുനോക്കും. ഹൃദയരാഗമല്ലാത്ത ഒന്നിനും ഞാൻ വഴങ്ങാറില്ല’ -ജയചന്ദ്രന്റെ വാക്കുകൾ.

ജയചന്ദ്രന്റെ ഗാനങ്ങൾ ഉണർത്തുന്ന സ്വത്വബോധം, ഓർമ, സംവേദനം എന്നിവയുടെ വിനിമയമേഖലകൾ വ്യത്യസ്തമായിരുന്നു. നിശ്ശബ്ദതയുടെ സന്ദേശമായും രാക്കിളിയുടെ സ്വരശ്രുതിയായും നിമിഷാഗാധതയിൽ തൊടുന്ന സ്മൃതിനേരമായുമൊക്കെ അത് പരിണാമപ്പെടുന്നു. സ്വന്തം പാട്ടുകളിൽ പടരുന്ന വെളിച്ചത്തെ ‘Structured melody’ എന്നാണ് ജയചന്ദ്രൻ പേരിട്ടുവിളിക്കുന്നത്. സംഗീതത്തിന്റെ ഭാഷ, ഒരാളുടെ ഓർമയുടെ ഘടനയാണ് എന്ന് ജയചന്ദ്രന്റെ ഗാനങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ‘ഓരോ പാട്ടും ഓരോ ഓർമ’യാണെന്ന് ജയചന്ദ്രൻ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് പാട്ടുകളിൽ അകമറിഞ്ഞ് അകമഴിഞ്ഞ് സംഗീതം കൊണ്ടുവരുന്ന ഒരു രീതി അദ്ദേഹം പ്രയുക്തമാക്കുന്നത്. ഭാവസാന്ദ്രതയുടെ ചിന്തകൾ ആ ഗാനങ്ങളിൽ നിറയെ ഉണ്ടായിരുന്നു. ജയചന്ദ്രന്റെ പാട്ടുകളിൽ ഓർമകൾ പ്രണയവും വിരഹവുമൊക്കെ ചേർന്ന് മെലഡിയായിത്തീരുന്നു. അദ്ദേഹം സൃഷ്ടിക്കുന്ന ഗാനങ്ങളുടെ പുതിയ അനുഭവലോകങ്ങൾ സ്മൃതിമുദ്ര പതിഞ്ഞ ഒരു കലാവസ്തു എന്നനിലയിൽ വലിയ പ്രാധാന്യം കൈവരിക്കുന്നു.

ഭൂതകാലത്തിന്റെ അടയാളങ്ങൾ ആ ഗാനങ്ങളിൽ സൗന്ദര്യാത്മകമായി ഇഴചേരുന്നുണ്ട്. ഓർമയും മെലഡിയും ഒന്നാവുകയാണ് ഈ ഗാനനിർമിതിയിൽ. എത്രയോ ഗാനങ്ങൾ ഇതിനുദാഹരണങ്ങളാണ്.

‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞുമൺവിളക്കൂതിയില്ലേ’ എന്ന ഗാനം ഓർമകളുടെ ഒരു സഞ്ചയികയാണ്. ഒറ്റക്ക് നിൽക്കുന്ന ഒരാളുടെ അനാഥത്വമുൾക്കൊള്ളുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ (കൂരിരുൾക്കാവിന്റെ മുറ്റത്തെ മുല്ലപോൽ ഒറ്റക്ക് നിന്നില്ലേ) ഓർമകൾ കൊണ്ടുവരുന്ന വേദനയും ഗൃഹാതുരതയുമൊക്കെയുണ്ട്. ‘ഇന്നലെ’, ‘ദൂരെ’, ‘പിൻവിളി’ എന്നീ വാക്കുകളിലെല്ലാം കഴിഞ്ഞുപോയ ഒരു കാലത്തിന്റെ നിനവുകൾ ആണുള്ളത്. നേർത്തതും പതിഞ്ഞതുമായൊരു ഫ്ലൂട്ടിനെത്തുടർന്ന് വരുന്ന വയലിനിന്റെ വാദനശ്രുതിയിൽ ആണ് പാട്ട് തുടങ്ങുന്നതുതന്നെ. ‘ഇന്നലെ’ എന്ന വാക്കിന്റെ വിടർച്ചകൾ, ഓർമയുടെയും മെലഡിയുടെയും ധാരകൾ എന്നിവ അനുപല്ലവിയിലും ചരണത്തിലുമെല്ലാം വ്യത്യസ്ത രീതിയിലാണ് എം. ജയചന്ദ്രൻ പാട്ടിൽ വിന്യസിക്കുന്നത്. ചരണം തുടങ്ങുന്നതിനു മുമ്പ് പാട്ടിൽ വീണയുടെ വിഷാദശ്രുതികൾ. പാട്ടിൽ കദനത്തിന്റെ ഓർമകൾക്ക് കനമേറുന്നു. നോവിന്റെയും ഇരുട്ടിന്റെയും തുല്യസാന്ദ്രതയുള്ള സംഗീതമാത്രകൾ ഈ പാട്ടിൽ ഓർമകൾക്ക് പകരമായി കടന്നുവരുന്നു. കൂരിരുൾക്കാവ്, കാണാക്കണ്ണീർ, തേങ്ങിപ്പറക്കുന്ന അമ്പലപ്രാവുകൾ... ഇങ്ങനെ ഓർമകളിൽ നോവിന്റെ ശ്രുതി ലയിപ്പിച്ചുചേർത്താണ് എം. ജയചന്ദ്രൻ ഈ പാട്ടിനീണമിട്ടത്. മടക്കയാത്രകൾ ജയചന്ദ്രന്റെ പാട്ടുകളിൽ ജന്മദീർഘമായ തീർഥാടനങ്ങൾപോലെ നാമറിയുന്നു. നഷ്ടകാലത്തിന്റെ സൗന്ദര്യ സ്മരണകൾ ആയി മാറുകയാണ് എം. ജയചന്ദ്രന്റെ ഗാനങ്ങൾ. നഷ്ടമൂല്യവിഷാദകാലങ്ങൾ, ഏകാന്തനിമിഷങ്ങൾ, വിലപ്പെട്ടത് ഉപേക്ഷിക്കാനാവാത്ത ജീവിതനിമിഷങ്ങൾ എന്നിവയെല്ലാം ജയചന്ദ്രഗീതികളിൽ അസാധാരണ ചാരുതയുള്ള മെലഡികളായി മാറി.

‘ഏതോ രാത്രിമഴ മൂളിവരും പാട്ട്’ എന്ന പാട്ട് ഇത്തരത്തിൽ ശ്രദ്ധേയമാണ്. ഓരോരോർമകളിലോടിയെത്തും പാട്ടാണിത്. ഓർമകളെ കടഞ്ഞെടുക്കുന്ന പാട്ടിന്റെ മായാജാലം. ഓർമയുടെ അക്കരെയിക്കരെകളിൽ വലിച്ചുകെട്ടിയ പാട്ടാണിത്. ജീവിതത്തിലെ സങ്കടവഴികൾ പാട്ടിൽ ഒട്ടേറെ സ്മൃതികണങ്ങൾ നിക്ഷേപിക്കുന്നു. ഏകാകിതയുടെയും ദുഃഖത്തിന്റെയും ഇരുട്ടിൽ ഈ പാട്ട് ഓർമകളുടെ അനശ്വരപ്രപഞ്ചം തീർക്കുകയാണ്. സാന്നിധ്യവും അസാന്നിധ്യവും തമ്മിലുള്ള നേർത്ത സ്ഥലികൾ ഉണർന്നുവരുന്നു പാട്ടിൽ. വയലിനിന്റെ ദ്രുതവും വർത്തുളവുമായ വാദനശ്രുതികളിലാണ് പാട്ടിന്റെ തുടക്കം. നായകകഥാപാത്ര(മമ്മൂട്ടി)ത്തിന്റെ ഓർമകളിലേക്ക് (സവിശേഷമായ പിതൃസ്മരണകൾ) നാം കയറിപ്പോകുന്നത് ഈ വയലിൻനാദ തരംഗങ്ങളുടെ ദ്രുതവിന്യാസത്തിലാണ്. അനുപല്ലവിയുടെയും ചരണത്തിന്റെയുമൊക്കെ ആരംഭത്തിൽ വയലിനിന്റെയും ഫ്ലൂട്ടിന്റെയും കോമ്പിനേഷൻ, പാട്ടിൽ നോവോർമകളുടെ വേലിയേറ്റമുണ്ടാക്കുന്നുണ്ട്. ഈ പാട്ടിൽ കണ്ണീരിൻപാടവും നിറമില്ലാരാവും വിങ്ങുന്ന മനസ്സും സങ്കടക്കടലും നീറുന്ന നിഴലുമെല്ലാം നിറയുകയാണ്.

വേദന നീളും സ്മൃതികളിലൂടെ ഈ പാട്ടൊരു ‘ഖൽബില് കത്തണ’ പാട്ടായിത്തീരുന്നു. മെലഡിയുടെ വ്യവസനവ്യൂഹമൊരുടങ്ങുകയാണ് ഈ പാട്ടിൽ. ‘അകലെ അകലെ ആരോ’ (അകലെ എന്ന സിനിമ) എല്ലാ അർഥത്തിലും ഒരു നോവുപാട്ടിന്റെ നേർത്ത രാഗമായിത്തീരുകയാണ്. ഈ പാട്ടിലും ഖേദനിർഭരമായ ഒരേകാന്തതയുടെ മിടിപ്പുകൾ കേൾക്കാനാവും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളിൽ മൗനത്തേക്കാൾ ഗാഢമായ ഒരഗാധത ഒളിച്ചിരിപ്പുണ്ടായിരുന്നു. ഈ പാട്ടിലും ജയചന്ദ്ര സംഗീതത്തിന്റെ പ്രചോദനസ്ഥാനം ഓർമതന്നെയാണ്. മനസ്സിൽ വിരിഞ്ഞ ഓർമകളെല്ലാം ഇതളായ് പൊഴിയുകയാണ് ഈ പാട്ടിൽ. യാത്രയാകുന്ന യാനപാത്രം ദൂരെയാകുന്നതും ഒറ്റക്കാകുന്നതും പിരിയാൻ വിടാത്ത ഓർമകൾ ബാക്കിയാകുന്നതുമൊക്കെ ഈ പാട്ടിൽ വേദന കൊണ്ടുവരുന്നു. വളരെക്കുറച്ച് സംഗീതോപകരണങ്ങൾ മാത്രമേ ഈ പാട്ടിൽ ഉപയോഗിക്കുന്നുള്ളൂ. പിയാനോയും വയലിനുമൊക്കെ കൂടിച്ചേരുന്ന പാട്ടിൽ ഓർമകൾ ആരോ പശ്ചാത്തലത്തിലിരുന്ന് നോവിന്റെ മറ്റൊരു പാട്ട് പാടുകയാണ്.

ചരണത്തിന് മുമ്പുള്ള ഫ്ലൂട്ടും വയലിനും ചേർന്ന് ഒരു സംഘയനം സൃഷ്ടിച്ചാണ് ഇവിടെ ഓർമകളെ ഉണർത്തുന്നത്. പിരിയാൻ വിടാത്ത ഓർമകൾ ആണ് ഇവിടെ മെലഡിയുണ്ടാക്കുന്നത്. മാതൃബിംബവും പിതൃബിംബവും കൂടക്കൂടെ ജയചന്ദ്രന്റെ ഗാനങ്ങളിൽ വന്നുപോവുന്നുണ്ട്. ‘അമ്മമഴക്കാറിന് കൺനിറഞ്ഞു’ എന്ന പാട്ടിൽ മാതൃബിംബത്തിന്റെ സാന്നിധ്യം അഴലായ് തുടിക്കുന്നു. നോവിന്റെ സ്മരണകൾ, ഒറ്റക്കാകുന്നതിന്റെ വേദന, അനാഥത്വം എന്നിവയുടെയെല്ലാം ആഴങ്ങൾ ഓർമകളായ് തെളിയുന്നു. അനാഥത്വത്തിനും സ്വത്വാന്വേഷണത്തിനുമിടയിൽ സന്ദേഹിയായി നിൽക്കുന്ന ഒരാളിന്റെ വേദനകൾ ഈ പാട്ടിലുമുണ്ട്. ‘രാത്രിനേരമൊരു യാത്രപോയ നിഴലെവിടെ വിളികേൾക്കാൻ’ (പിതൃവിരഹം) എന്ന വരിയിലും ‘മൺകൂടിൽ ഞാൻ പിടഞ്ഞു’ എന്ന വരിയിലുമൊക്കെ തളംകെട്ടിനിൽക്കുന്ന നോവിന്റെയും ഓർമയുടെയുമൊക്കെ അനുഭവസ്ഥലികളുണ്ട്.

അനുപല്ലവിയിലെയും ചരണത്തിലെയും അവസാനത്തെ വരികൾ നിൽക്കുന്ന നീട്ടലുകളിലാണ് ഈ പാട്ടിൽ ഓർമകളെ സ്പർശനീയവും അനുഭവവേദ്യവുമാക്കിത്തീർക്കുന്നത്. ചരണം തുടങ്ങുന്നതിനു മുമ്പുള്ള വയലിൻ ശ്രുതികൾ ആണ് പാട്ടിൽ ഓർമകൾ കൊണ്ടുവരുന്നത്. പാട്ടിനെ ഓർമകൊണ്ടറിയുകയാണിവിടെ. ഓർമകൾ കടഞ്ഞ് മെലഡിയുടെ അമൃതെടുക്കുന്ന ആൽക്കെമിയാണിത്. ‘പിന്നെ, എന്നോടൊന്നും പറയാതെ’ (ഗിരീഷ് പുത്തഞ്ചേരി) എന്ന ഗാനത്തിൽ മൗനത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയുമൊക്കെ ഓർമകൾ പുതുക്കിപ്പണിയുകയാണ് സംഗീതസംവിധായകൻ. വിരഹത്തിലും വിഷാദത്തിലും വികസിക്കുന്ന സ്മരണയുടെ സൗന്ദര്യമണ്ഡലം എം. ജയചന്ദ്രന്റെ ഗാനങ്ങളിൽ നിറയുന്നു. ഈ പാട്ടിലും യാത്രപറച്ചിലിന്റെയും പിൻവിളിയുടെയും വിരഹത്തിന്റയുമൊക്കെ ഇമേജുകളുണ്ട്.

സ്വയം പറന്നുപോകുന്ന പക്ഷി, ജലമൗനം, തിരിതാഴും സന്ധ്യാസൂര്യൻ എന്നിങ്ങനെ നഷ്ടസ്മൃതികളുടെ സംഗീതമായി മാറുന്നു ഈ ഗാനവും. ‘കണ്ണുംനട്ട് കാത്തിരുന്നിട്ടും’ (വിദ്യാധരൻ മാഷ് പാടിയത്) എന്ന പാട്ടിലും മിഴിനീർ ഉതിർന്നുവീഴുന്നുണ്ട്. വേദനയെ മനോഹരമായ സംഗീതമാക്കി മാറ്റി എം. ജയചന്ദ്രൻ. ഓർമകളെ മെലഡിയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സന്ദർഭങ്ങളാണിവ. മടങ്ങിവരാൻ കഴിയാത്ത പഴയകാലത്തെ മനസ്സിൽ പുനഃസൃഷ്ടിക്കുന്ന മധുരനൊമ്പരമായി മാറുകയാണ് ഈ ഗാനവും. ‘കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നു ഞാൻ’ എന്ന വരിയിലൊക്കെ ഈ മധുരസ്മരണയുടെ സംഗീതമുണ്ട്. കുമ്പിളിൽ വിളമ്പിയ പൈമ്പാലെന്നോർത്ത് അമ്പിളിക്കണ്ണനെ സ്വപ്നംകാണുന്നു. വിഷാദത്തിന്നോർമകളെ (ഗിരീഷ് പുത്തഞ്ചേരി) പാട്ടിൽ ജയചന്ദ്രൻ പുനരവതരിപ്പിക്കുന്നു.

ബാല്യത്തിന്റെ തീരത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ ഗൃഹാതുര സ്മരണകളെയാണ് എം. ജയചന്ദ്രൻ എക്കാലത്തെയും വലിയ പാട്ടാക്കി മാറ്റിയത്. അവിടെ ആരായാലും കുളവും കൽപ്പടവും ഒക്കെ പുനർജന്മത്തിന്റെ പടവുകളെ നമ്മൾ ക്ഷണിക്കുന്നു. ‘മറന്നുവോ പൂമകളെ’ എന്ന പാട്ടിലും ഇത്തരത്തിലുള്ള അഗ്രഹാദ്രസ്മരണകൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ഓർമയുമായി എപ്പോഴും കൂട്ടിയിണക്കപ്പെട്ടതായിരുന്നു ജയചന്ദ്രന്റെ ഗാനങ്ങൾ. മെലഡി ഇൻ ടു മെമ്മറി എന്നും മെമ്മറി ഇൻ ടു മെലഡി എന്നുമൊക്കെ വേറിട്ട് പേരിട്ടു വിളിക്കുന്ന ഒരു സംഗീതരീതിയാണിത്. ജീവിതത്തിന്റെ പര്യായം എന്ന നിലയിൽ ഓർമ ജയചന്ദ്രന്റെ പാട്ടുകളിൽ പ്രവർത്തിക്കുന്നു. ഓർമകൾകൊണ്ട് പാട്ടിൽ കൊത്തുപണികൾ നടത്തുകയാണ് അദ്ദേഹം. പാട്ടിൽ ജയചന്ദ്രൻ ഓർമകളെ വീണ്ടെടുക്കുന്നു. ഓർമകൾകൊണ്ട് പാട്ടിനെ പുതുക്കിപ്പണിയുന്നു.

Tags:    
News Summary - M Jayachandran's The song will reach every heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.