ഷിബു ചക്രവർത്തി
പാടം പൂത്ത കാലം, പാടാൻ വന്നു നീയും; ഷിബു ചക്രവർത്തിയുടെ പാട്ടുലോകം
പുറത്തിറങ്ങാത്ത സിനിമയായ ‘അന്ന’ യിലെ ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനം ‘ ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയിലൂടെ പുതിയ തലമുറ ഏറ്റെടുത്തിരിക്കുകയാണ്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകി യേശുദാസും ചിത്രയും ചേർന്നാലപിച്ച ഈ ഗാനം ഇന്ന് കാതോട് കാതോരം സഞ്ചരിക്കുന്നു. ഉടൻ പുറത്തിറങ്ങുന്ന ‘േലാ & ഓർഡർ’ എന്ന ചിത്രത്തിലെ ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘപ്പക്ഷി’ എന്ന പാട്ടും ഇതിനകം പോപ്പുലറായിക്കഴിഞ്ഞു. മൗലികവും സ്വതന്ത്രവുമായ ചലച്ചിത്ര സന്ദർഭങ്ങളിൽ വൈകാരിക ഭാവങ്ങളെ സമ്മോഹനമായി ആവിഷ്‍കരിക്കുന്ന ഷിബു ചക്രവർത്തിയുടെ ഗീതികല നാല് ദശകങ്ങൾ പിന്നിടുകയാണ്. മലയാളികൾ ആഘോഷപൂർവം കൊണ്ടാടിയ എത്രയെത്ര ഗാനങ്ങളിലാണ് അദ്ദേഹം മികവിന്റെ എഴുത്തുമുദ്ര പതിപ്പിച്ചത്.
ചെമ്പരത്തിപ്പൂവേ, ഈറൻ മേഘം പൂവുംകൊണ്ട്, ആലോലമാടുന്ന കാറ്റേ, തളിർ വെറ്റിലയുണ്ടോ, തീരം തേടുമോളം, കവിളിണയിൽ കുങ്കുമമോ, ദൂരെ കിഴക്കുദിക്കും, പാടം പൂത്ത കാലം, മനസ്സിൻ മടിയിലെ, ദൂരെ മാമലയിൽ, തിരുനെല്ലിക്കാട് പൂത്തു, മേലേ വീട്ടിലെ വെണ്ണിലാവ്, മഴപെയ്തു മാനം തെളിഞ്ഞ നേരം, ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു, അന്തിപ്പൊൻവെട്ടം, കിനാവിലെ ജനാലകൾ, നിലാവിന്റെ തൂവൽ തൊടുന്ന പോലെ, തുമ്പിപ്പെണ്ണേ വാ വാ, പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം, ഒരു വാക്ക് മിണ്ടാതെ, ഇലക്കുമ്പിളിൽ ,വെയിൽ പോലെ, ആരോ പറഞ്ഞു അരയാലിൻ കൊമ്പിൽ, സന്ധ്യേ സന്ധ്യേ സായം സന്ധ്യേ, ആർദ്രമാമൊരു നിമിഷം, നളിനകാന്തി എന്ന സിനിമയിലെ പാട്ടുകൾ, അരയാലിലകൾ അഷ്ടപദി പാടും, കരിങ്കള്ളിക്കുയിലേ, അന്തിമാനച്ചോപ്പ്, കണിക്കൊന്നകൾ പൂക്കുമ്പോൾ, പാതിമുറിഞ്ഞ നിൻ പാട്ടിന്റെ...... അങ്ങനെ എത്രയെത്ര ഹിറ്റുകൾ ..... ഷിബു ചക്രവർത്തിയുടെ ഗാനങ്ങളിൽ സവിശേഷമായ സൗന്ദര്യ ബോധത്തിന്റെ സൂചകങ്ങൾ തെളിയുന്നുണ്ട്. വരികളിൽ ചേർത്തുവെക്കുന്ന ബിംബങ്ങളിലുള്ള ഊന്നൽ സ്വാഭാവികവും സ്വച്ഛന്ദവുമായി പരിണമിക്കുന്നു. കഥാസന്ദർഭങ്ങളിലെ വളവുകളുമായും തിരിവുകളുമായും അത്രമാത്രം സന്ധി ചേരുന്നതിൽ അതിന് കൃത്രിമത്വം ഉണ്ടായിരുന്നില്ല. അതേ സമയം അവയുടെ നിർമിതിയിൽ ബൗദ്ധികമായ ഒരാസൂത്രണവും ബോധപൂർവമായ ഒരധ്വാനവും (Lyrical intelligence) ഇടകലർന്നിരുന്നു. ഇതാണ് ഷിബു ചക്രവർത്തിയെ ജനപ്രിയ ഗാനരചയിതാക്കളിൽ മുൻപന്തിയിൽ നിർത്തുന്നത്.
പാട്ടെഴുത്തു രീതിയുടെ ജനാധിപത്യ പ്രവണതകൾ അവയിൽ കാണാം. അനുഭവവും മനോധർമവും സമന്വയിച്ചുണ്ടായ സർഗാത്മകമായ ഉൾപ്രേരണയിലാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ നിലയുറപ്പിക്കുന്നത് . ഇത് കൃത്യമായ ഘടനയെയോ പദ്ധതിയെയോ വിടാതെ പിന്തുടരുന്നില്ല. അതിലെപ്പോഴും കൽപിതമായ ആവർത്തനങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ഒന്ന് മറ്റൊന്നിന്റെ പകർപ്പായിരുന്നില്ല എന്നതായിരുന്നു കൗതുകം. ഏറെ ലളിതവും സാധാരണവുമാണ് ഷിബു ചക്രവർത്തിയുടെ വരികൾ. അവ കേവലാർഥത്തിൽ പുതിയതല്ല. അനേക കാലങ്ങളായി രൂപവത്കരിക്കപ്പെട്ട പാട്ടുഘടനകൾക്കകത്ത് തന്നെയാണ് ഈ പാട്ടുകളുടെയും സ്ഥാനം. ജനങ്ങൾക്ക് മനസ്സിലാകാൻ ലളിതമാകണം എന്ന പൊതുബോധത്തെയാണ് അദ്ദേഹം പിന്തുടരുന്നത്. പാട്ടിന്റെ മുഖ്യധാരാ സവിശേഷതകളിൽപ്പെടുന്ന സ്ഥായിയായ ചില സ്വഭാവ ഘടനകൾ കാണാമിവയിൽ. വർത്തമാനത്തിന്റെ അടരുകളായി പുനർജനിച്ചുകൊണ്ടിരിക്കുന്ന ഓർമകൾ ഈ ഗാനങ്ങളിൽ നിരന്തരം കടന്നുവരുന്നു. ‘ഇല്ലാതാകലുകൾക്ക്’ (disappearance) അർഥവും വ്യാപ്തിയും കൈവരുന്നു. ഓർമയുടെ തുടച്ചുനീക്കങ്ങൾക്കെതിരെയുള്ള കാൽപനിക കലാപമായി മാറുകയാണ് ഈ ഗാനങ്ങൾ. പാട്ടിന്റെ ഭൂപടത്തെ ഗൃഹാതുര സ്മൃതികൾകൊണ്ട് നിറയ്ക്കുകയാണിവിടെ. എത്രയോ പാട്ടുകൾ ഗൃഹാതുരമായ അനുഭൂതിയുടെ വിടർച്ചകൾ സമ്മാനിക്കുന്നു.
‘ഓർമകൾ ഓടിക്കളിക്കുവാനെത്തുന്നു, മുറ്റത്തെ ചക്കര മാവിൻചുവട്ടിൽ’..... ഏറെ ജനകീയമായ ഈ പല്ലവിക്ക് മലയാളിയുടെ ഗതകാല സ്മരണകളെ കാൽപനികമായി തോറ്റിയുണർത്താൻ ഇപ്പോഴും കഴിയുന്നുണ്ട്. മറ്റൊരു മാവിൻ ചുവട്ടിലേക്ക് നമ്മെ മാടിവിളിക്കുന്ന പാട്ടിതാ.....’ മഴ പെയ്തു മാനം തെളിഞ്ഞ നേരം, തൊടിയിലെ തൈമാവിൻ ചോട്ടിൽ, ഒരു കൊച്ചു കാറ്റേറ്റു വീണ തേൻമാമ്പഴം ഒരുമിച്ചു പങ്കിട്ടകാലം, ഒരുമിച്ചു പങ്കിട്ട ബാല്യ കാലം’ (അഭിഭാഷകന്റെ കേസ് ഡയറി). അതേസമയം, പ്രണയത്തിന്റെ വീചികളെ അനുഭവിപ്പിക്കുകയും ഭാവവികാരങ്ങളെ തീക്ഷ്ണമായി ധ്വനിപ്പിക്കുന്ന പാട്ടുകളും ഇതിൽപ്പെടുന്നു. ‘സ്വപ്നങ്ങൾ പങ്കിട്ട് ദുഃഖങ്ങൾ പങ്കിട്ട്, മുറ്റത്തെ മാവിന്റെ കൊമ്പത്തിരിക്കാം’ ( ജനുവരി ഒരു ഓർമ്മ)... താഴേ കിളികൾ പാടിയ മാവിൻ തൊടിയിൽ നീയേകയായി’ (പൂമരം) എന്ന വരിയിലും ഏകാന്തതയുടെ കാവ്യസ്പർശമുണ്ട്. ഗൃഹാതുരതയുടെ ഒരു പ്രപഞ്ചമൊരുക്കാൻ ലളിതവും സാധാരണവുമായ പദങ്ങൾ അദ്ദേഹം എടുത്തുപയോഗിക്കുന്നു. ‘മുറ്റത്തെ മാവിൻ താഴേക്കൊമ്പിൽ, പൊന്നിൻ നൂലായ് ഊഞ്ഞാല് വേണം’ (ഊഞ്ഞാൽ) എന്ന് കേൾക്കുമ്പോൾ ഒരു ഊഞ്ഞാൽ നമ്മുടെ മനസ്സിലും ആടുന്നില്ലേ... കാണാക്കുയിലിന്റെ പാട്ട് കേൾക്കുന്ന നേരത്ത് പോയ പൊന്നോണ നാളും മാന്തോപ്പും മനസ്സിനുള്ളിൽ ഊയലാടുന്നുണ്ടെന്നും (കോളേജ് കുമാരൻ) പാട്ടിലൂടെ എഴുത്തുകാരൻ നമ്മെ അറിയിക്കുന്നുണ്ട് . ഇവിടെയെല്ലാം എത്രയോ ‘മാവിൻ തൊടികൾ’ നമ്മെ മാടിവിളിക്കുന്നു. പ്രണയ വിഷാദത്തേക്കാൾ പ്രണയാനന്ദമാണ് ഷിബു ചക്രവർത്തി വരികളിലെഴുതിയത്.
അഭിലാഷങ്ങളെ ഭദ്രവും മധുരതരവും വൈകാരികവുമായി ആവിഷ്‌കരിക്കുകയായിരുന്നു പല പാട്ടുകളിലും. ‘മുടി ഈറനോടെ തുമ്പുകെട്ടിപ്പൂവെച്ച്, അവൾ തേടിയെത്തും നാളു നോക്കിയിരിപ്പാണ്’ ( കാർണിവൽ)... ‘തേടിയെത്തും നാളു നോക്കിയിരിപ്പാണ്’ എന്നും ‘ഒറ്റയ്ക്കിരുന്നു മടുത്തു പെണ്ണേ’ എന്നുമുള്ള വരികൾ പ്രണയഭാവനയിൽ വികസിക്കുമ്പോൾ ഗൃഹാതുര സ്മൃതിയുടെ സൗന്ദര്യം കൂടി അതിൽ ലയിച്ചുചേരുന്നുണ്ട്. ‘വാർമുടിത്തുമ്പിൽ നീർമണിപ്പൂവുമായ്, മാറിലൊരീറൻ പൂന്തുകിൽ മാത്രമായ്, വാരൊളിത്തിങ്കൾക്കൊടി പോലെ കുളി കഴിഞ്ഞവളെന്റെ മുന്നിൽ നിൽപ്പൂ (സൈന്യം) എന്ന പ്രണയിനിയുടെ കൂന്തൽ സൗഭഗവർണനകൾ ഏറെ സ്വാഭാവികമായാണ് വരികളിൽ വന്നുനിറയുന്നത്. ‘മുങ്ങിക്കുളികഴിഞ്ഞെത്തിയ പെണ്ണിൻ മുടിയിൽ ചൂടാൻ പൂ തരുമോ’ (വന്ദനം) .... ഇങ്ങനെ ആർക്കും എവിടെയും പാടിനടക്കാവുന്ന ലളിതാവിഷ്‌കാരങ്ങളായിത്തീരുന്നു ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ. പാട്ടിൽ ആഘോഷിക്കപ്പെടുന്ന ജനകീയതയാണിത്.
പാട്ടുകളിൽ സ്വച്ഛതയും ഭംഗിയും കലർന്ന ആകാശത്തിന്റെ പുതിയ സ്ഥലപാഠങ്ങൾ ചമയ്ക്കുകയായിരുന്നു ഷിബു ചക്രവർത്തി. ആകാശമെന്ന ഇടത്തെ വ്യാഖ്യാനിക്കുന്നത് സിനിമയിലെ കഥാപാത്രങ്ങളുടെ ഇണക്കപിണക്കങ്ങളും പ്രണയങ്ങളും സംഘർഷങ്ങളും എല്ലാം ചേർത്തുവെച്ചാണ്. മറ്റൊരർഥത്തിൽ ആകാശമൊരു ഗാനസംഗീത ഭൂമികയായി മാറുകയാണ് ആ പാട്ടുകളിൽ. ‘അന്തിയ്ക്ക് ചെമ്മാനം ചോന്നുതുടുക്കുമ്പോൾ എന്തൊരു ചേലാണ് കണ്ടു നിൽക്കാൻ, കടൽ സുന്ദരിയാകുന്നു കണ്ടുനിൽക്കാൻ ’ (ഒരു മുത്തശ്ശിക്കഥ). മാനമൊരു പുതുമലർപ്പന്തലാകുന്നതും മുല്ലത്തറയാകുന്നതും, മാനത്തെ വെള്ളിത്തേരിൽ പൂരം കാണാൻ പോകുന്ന പുതുരാപ്പെണ്ണിനെ കാണുന്നതും, മാനത്തെ വെണ്ണിലാവ് കോടിയുടുക്കുന്നതും, തിങ്കൾപ്പൊൻതിടമ്പ് വേനൽപുഴയിൽ വീണുകിടക്കുന്നതും, മാനത്തെ പൊൻവയലിൽ പൊന്നരിവാളു കൊണ്ട് കൊയ്യുവാൻ പോകുന്നതും, മാനത്തെ മേഘത്തോപ്പിൽ എതോ ആൺകിളി പാടുന്നതും എല്ലാം ആകാശ സൗന്ദര്യത്തിന്റെ വൈവിധ്യമാർന്ന വിസ്തൃതികളാണ്. ഗാനങ്ങളിൽ ഒരു വാന നിഘണ്ടുവിന്റെ ഏടുകൾ നമുക്കുമുന്നിൽ മറിയുന്നത് പോലെ തോന്നും. പാട്ടിൽ ആകാശക്കാഴ്ചകളുടെ ഒരു അരങ്ങുണരുകയാണ്. ‘തുളസിത്തറയിൽ തിരി വെച്ച്, തിരുനെറ്റിയിലൊരു കുറിതൊട്ട്, ആവണിപ്പൊയ്കതൻ വാൽക്കണ്ണാടി നോക്കി, വാർമുടി ചീകി വാർമതിയാൾ' (പ്രാദേശിക വാർത്തകൾ) എന്ന വരികളിൽ ഒരാകാശ ദൃശ്യത്തിന്റെ ആത്മദീപ്തിയുണ്ട്. ‘മേഘങ്ങളെ പാടിയുറക്കാൻ മാറിലെടുത്തു വാനം വാരിയെടുത്തു’...എന്നിങ്ങനെ പാട്ടിൽ ആകാശമൊരു വേദിക.
മനുഷ്യാരോപിതമായ വൈകാരിക സന്ദർഭങ്ങളുടെ രംഗഭൂമിയായി മാറുകയാണ് വാനവീഥികൾ. വെൺ തിങ്കളും വെൺമേഘവുമെല്ലാം ആകാശം നിറയുന്ന കൈയൊപ്പായി അടയാളപ്പെടുകയാണ് മറ്റൊരു പാട്ടിൽ. ഷിബു ചക്രവർത്തിയുടെ പാട്ടുകളിൽ സമന്വയിക്കുന്ന ഇമേജുകളിൽ പ്രധാനപ്പെട്ട മറ്റൊന്ന് തോണിയാണ് . ‘നീല വാനമേ ദൂരെ പൊൻനിലാവിൻ തോണിയുമായ് അകലെ നിന്നതെന്താവാം’ (ഇംഗ്ലീഷ്) എന്ന വരിയിൽ ‘പൊൻനിലാവിന്റെ തോണി’യുമായ് ഒരു നീലവാനം നമുക്ക് മുന്നിൽ നിവരുന്നു. തോണിപ്പൂപ്പെണ്ണിൻ നാണം കണ്ടിട്ട് നദിയോരത്തിൽ പാടാൻ വന്നൊരു പൂന്തിങ്കളെ കാണാം മറ്റൊരു ഗാനത്തിൽ. പാതിരാ വെൺകായലിൽ തോണിയിൽ വന്നവളും പൂനിലാവിന്റെ തോണി തുഴഞ്ഞവളുമൊക്കെ ആ പാട്ടുകളിൽ പ്രണയിനിയുടെ കാൽപനിക ഭാവങ്ങൾ ഒപ്പിയെടുത്തു.
പഴയൊരു പാട്ടിലെ തോണിക്കാരിയെ ഷിബു ചക്രവർത്തി തന്റെ പാട്ടിലേക്ക് ക്ഷണിക്കുന്നു. പണ്ടെന്നോ പാടിയ പഴയ പാട്ടുകളുടെ ഈണം ആ പാട്ടുകളിൽ തെളിഞ്ഞുവരുന്നുവെങ്കിൽ അത് സ്വാഭാവികം. കാഴ്ചയും കേൾവിയും ചേർന്നുള്ള ഗതകാല സംസ്കാരത്തിന്റെ ഈണങ്ങൾ മറ്റെല്ലാ പാട്ടെഴുത്തുകാരെപ്പോലെ ഷിബു ചക്രവർത്തിയെയും സ്വാധീനിച്ചിട്ടുണ്ടാവാം. പാട്ടിൽ നിറയെ പ്രണയത്തിന്റെ തോണികൾ. കാർമുകിൽ നാടൻ പെണ്ണും തോണിപ്പൂ പെണ്ണും പുതുരാപ്പെണ്ണും കള്ളിപ്പെണ്ണും കറുമ്പിപ്പെണ്ണും കറുത്ത പെണ്ണും കല്യാണപ്പെണ്ണും തുമ്പിപ്പെണ്ണും.... ഇങ്ങനെ പെണ്ണിന്റെ വൈവിധ്യമാർന്ന ചിത്രങ്ങൾ.... പ്രണയ സമാഗമവും വിരഹവും ഒരുപോലെ ചേർന്നു നിൽക്കുന്നവയാണ് ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ. ‘പാടം പൂത്ത കാലം പാടാൻ വന്നു നീയും’ എന്ന ചെറുവരിയിൽ പോലും പ്രണയവും പ്രകൃതിയും ഒരുമിച്ചുചേരുന്നു.
‘മഞ്ഞുപെയ്യുന്ന മാർഗഴിമാസവും വന്നെത്തി എന്നിട്ടുമെന്തേ വരുന്നില്ല പെൺകിളി’ എന്ന വരിയിൽ കാത്തിരിപ്പിന്റെ പ്രണയസംഗീതം കേൾക്കാം. ‘പ്രണയാർദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തിലൊരുമാത്ര മിന്നിമറഞ്ഞു പോയി’ (മൂന്നാമതൊരാൾ) എന്ന വരിയിലുമുണ്ട് പ്രണയ വിടർച്ചകളുടെ സ്വരമാത്രകൾ. ‘ഒരു വാക്കു മിണ്ടാതെ, ഒരു നോക്കു കാണാതെ, കാട്ടുചെമ്പകച്ചോട്ടിൽ നിന്നൊരു കാറ്റി തെങ്ങുപോയ്’ (ജൂലൈ 4) എന്ന പല്ലവിയിൽ വിരഹം ദുഃഖത്തിന്റെ നെടുവീർപ്പും നിശ്വാസവും ഇണങ്ങി നിൽക്കുന്നുണ്ടായിരുന്നു. എം.കെ. അർജുനൻ, ജെറി അമൽദേവ്, രവീന്ദ്രൻ, ജോൺസൺ, കണ്ണൂർ രാജൻ , ശ്യാം, എസ്.പി. വെങ്കിടേഷ്, കെ.ജെ. ജോയ്, ബേണി ഇഗ്നേഷ്യസ്, രഘുകുമാർ...
ഇങ്ങനെ മലയാളത്തിലെ പ്രശസ്തരായ എല്ലാ സംഗീത സംവിധായകരുടെയും കൂടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടായി. ഔസേപ്പച്ചനുമായി ചേർന്നാണ് ഷിബു ചക്രവർത്തി ഏറ്റവും കൂടുതൽ പാട്ടുണ്ടാക്കിയത്. പോയ തലമുറയിലെ കാൽപനികവും ഭാവനാ നിർഭരവുമായ ഗാനരചനാ രീതികളുടെ പിന്തുടർച്ചക്കാരനാകുമ്പോൾത്തന്നെ മൗലികമായ കാവ്യമുദ്രകൾ പാട്ടിൽ ചേർത്തുവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് മുമ്പുണ്ടായിട്ടുള്ള പാട്ടെഴുത്തിന്റെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളുടെയെല്ലാം വഴികൾ ഈ ഗാനലോകത്തേക്ക് തുറന്നുകിടക്കുന്നു.
‘പാതിമുറിഞ്ഞ നിൻ പാട്ടിന്റെ, മറുപാതിയായ് ഞാൻ തീർന്നെങ്കിൽ, പൂമുളം തണ്ടിൻ പാട്ടായ് നിന്റെ തേനധരങ്ങളിൽ അമർന്നെങ്കിൽ’ (മനോരഥങ്ങൾ.... ഔസേപ്പച്ചൻ ), ‘ആകെ ഇരുട്ടാണ്, കർക്കിടക രാവാണ്’ (നളിനകാന്തി.... സുദീപ് പാലനാട്) എന്നീ ഗാനങ്ങളെല്ലാം സന്ദർഭങ്ങളുമായി അത്രക്കും അഗാധമായ അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ട്. പാട്ടിൽ പ്രേമാർദ്രമായ നിമിഷങ്ങൾ പകരുകയായിരുന്നു ഷിബു ചക്രവർത്തി. തികച്ചും ജനകീയവും ലളിതവത്കൃതവുമായ ഒരു പാട്ടെഴുത്തു രീതിയുടെ തുടർച്ചകൾ സൃഷ്ടിച്ചുകൊണ്ടാണ് ഗാനലോകത്ത് ഷിബു ചക്രവർത്തി ഇന്നും പ്രസക്തനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.