നാളികേരത്തിന്റെ നാട്ടിൽ

1970ൽ കെ.ടി. മുഹമ്മദിന്റെ രചനയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘തുറക്കാത്ത വാതിൽ’ സിനിമയിലാണ് കെ. രാഘവന്റെ സംഗീതത്തിൽ യേശുദാസ് പാടിയ ഈ ഗാനം

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പേരിലാണ് കേരളം ലോക ഭൂപടങ്ങളിൽ അറിയപ്പെടുന്നത്. ഇന്ത്യയുടെ തെക്കേയറ്റത്ത് അറബിക്കടലിനോട് ചേർന്ന് ഒരു പാവയ്ക്ക പകുത്തതുപോലെയുള്ള പശ്ചിമഘട്ടത്തിന്റെ താഴ്വാരമാണ് നമ്മുടെ കൊച്ചുകേരളം. മരതക പട്ടുടുത്ത, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ മനോഹരതീരത്തിന് കേരളം എന്ന പേര് വന്നതെങ്ങനെയാണ്?

‘ചേരളം’ എന്നായിരുന്നു കേരളത്തിന്റെ ആദ്യ നാമധേയമെന്ന് ചിലർ. സംഘകാലകൃതികളിൽ പരാമർശിക്കപ്പെടുന്ന ചേരസാമ്രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനം മുസ്സരീസ്സ് എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂരാണെന്നാണ് ചരിത്രപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്. ചേരളമാണ് കേരളമായിത്തീർന്നതെന്നൊരു വാദഗതി നിലവിലുണ്ട്. പക്ഷേ, വാല്മീകിയുടെ രാമായണത്തിലും വ്യാസന്റെ ദേവീഭാഗവതത്തിലും കാളിദാസന്റെ രഘുവംശത്തിലും കേരളം എന്ന പേര് പരാമർശിക്കപ്പെടുന്നതിനാൽ ചേരചരിത്രം ശരിയാകാൻ സാധ്യതയില്ല. മറ്റൊന്ന് കേരവൃക്ഷങ്ങളുടെ ഭൂമിക എന്ന നിലയിലാണ് കേരളത്തിന് ഈ പേര് ലഭിച്ചതെന്നാണ്.

അങ്ങനെ വിശ്വസിക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അതിന്റെ കാരണം ഭൂമിയിലെ കൽപവൃക്ഷം എന്നറിയപ്പെടുന്ന തെങ്ങിന്റെ മഹത്ത്വം കൊണ്ടായിരിക്കാം. കേരവൃക്ഷം അഥവാ തെങ്ങ് എങ്ങനെ കേരളത്തിൽ ഇത്രയധികമുണ്ടായി എന്നുള്ളതും ഒരു ചരിത്ര കൗതുകംതന്നെ. തെങ്ങിന്റെ ജന്മദേശം തെക്കേ അമേരിക്ക ആണെന്നും ഇന്തോനേഷ്യ ആണെന്നും സിംഹള ദ്വീപുകളാണെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. തെക്കുനിന്നും വന്ന കായയാണത്രേ തേങ്കായ അഥവാ തേങ്ങ ആയത്. ചരിത്രസത്യങ്ങൾ എന്തൊക്കെയായാലും തെങ്ങ് ഇന്ന് കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമാണ്. ജനകോടികളുടെ ജീവിതമാർഗവുംകൂടിയാണ് ഈ കല്പവൃക്ഷം.


പി. ഭാസ്കരൻ, ബീയാർ പ്രസാദ്, കെ. രാഘവൻ, യേശുദാസ്





 


തെങ്ങ് അഥവാ കേരവൃക്ഷം ഇല്ലാത്ത ഒരു കേരളത്തെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാനേ കഴിയില്ല. തെങ്ങിന്റെ കനിയായ നാളികേരം ഓരോ മലയാളിയുടെയും ജീവിതത്തെ അത്രമാത്രം സ്വാധീനിച്ചിരിക്കുന്നു. നാളികേരത്തിന്റെ ഉൽപന്നമായ വെളിച്ചെണ്ണ ഇല്ലാതെ മലയാളികളുടെ അടുക്കള സമ്പന്നമാകില്ല. അതുകൊണ്ടുതന്നെയായിരിക്കും മലയാളത്തിന്റെ പ്രിയകവി പി. ഭാസ്കരൻ മാസ്റ്റർ കേരളത്തെ ‘നാളികേരത്തിന്റെ നാട്’ എന്ന് വിശേഷിപ്പിച്ചത്. 1970ൽ കെ.ടി. മുഹമ്മദിന്റെ രചനയിലാണ് ‘തുറക്കാത്ത വാതിൽ’ എന്ന ചലച്ചിത്രം പി. ഭാസ്കരന്റെ സംവിധാനത്തിൽ പുറത്തുവരുന്നത്. ഈ ചിത്രത്തിനുവേണ്ടി അദ്ദേഹംതന്നെ എഴുതി കെ. രാഘവൻ സംഗീതം പകർന്ന് യേശുദാസ് പാടിയ ഒരു ഗാനം ഓരോ മലയാളിയുടെയും പ്രത്യേകിച്ച് പ്രവാസി മലയാളിയുടേയും ആത്മനൊമ്പരമായി ചരിത്രത്തിലേക്ക് ചേക്കേറുകയായിരുന്നു.

‘നാളികേരത്തിന്റെ

നാട്ടിലെനിക്കൊരു

നാഴിയിടങ്ങഴി മണ്ണുണ്ട്

ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്.

അതിൽ നാരായണക്കിളി

കൂടുപോലുള്ളൊരു

നാലുകാലോലപ്പുരയുണ്ട്...’

എന്ന് അദ്ദേഹം പ്രവാസി മലയാളിയുടെ മനസ്സ് വായിച്ചുകൊണ്ട് എഴുതിയപ്പോൾ ആ ഗാനം ലോകത്തിന്റെ ഓരോ മൂലയിലും അരചാൺ വയറിനു വേണ്ടി പൊരുതുന്ന പ്രവാസി മലയാളിയുടെ ഹൃദയനൊമ്പരങ്ങളുടെ, ഗൃഹാതുരത്വത്തിന്റെ, കുടുംബ സങ്കൽപങ്ങളുടെ, പ്രണയനൊമ്പരങ്ങളുടെ, വിരഹവേദനകളുടെ ഹൃദയഗീതമായി മാറുകയാണുണ്ടായത്. എല്ലാ വർഷവും സെപ്റ്റംബർ രണ്ടാം തീയതി ലോകനാളികേര ദിനമാണ്. ഇന്തോനേഷ്യയിലെ ജകാർത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ ആൻഡ് പസഫിക് കമ്യൂണിറ്റിയുടെ നിർദേശപ്രകാരമാണ് 1999 മുതൽ സെപ്റ്റംബർ രണ്ട് ലോക നാളികേരദിനമായി ആഘോഷിക്കപ്പെടുന്നത്.

ഈ വർഷത്തെ നാളികേരദിനം ആഗതമാവുമ്പോൾ നാളികേരത്തിന്റെ നാടിനെക്കുറിച്ചെഴുതിയ കേരളത്തിന്റെ കാവ്യസൂര്യനായ, മലയാളമനസ്സിൽ അനുരാഗകരിക്കിൻ വെള്ളത്തിന്റെ കുളിർമ പകർന്ന പി. ഭാസ്കരൻ മാസ്റ്ററെ ആദരപൂർവം സ്മരിക്കുന്നു. അതോടൊപ്പം ‘കേരനിരകളാടുന്നൊരു ഹരിതചാരുതീര’ത്തെ കുറിച്ചെഴുതി അകാലത്തിൽ ഈ മനോഹര തീരത്തുനിന്ന് യാത്രയായ ഗാനരചയിതാവ് ബീയാർ പ്രസാദിനേയും നമുക്ക് ഓർമിക്കാം.

Tags:    
News Summary - The Story Behind Kerala's Name and Its Lifeline: The Coconut Tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.