പ്രായം നമുക്ക് തിരിച്ചറിവ് നല്‍കുന്നു -മഞ്ജു

കോള്‍പാടങ്ങളിലെ ദേശാടനക്കിളികളെ കണ്ട്, തൃശൂര്‍ പുള്ളിലെ തറവാട്ടുവീട്ടില്‍ അച്ഛനും അമ്മക്കുമൊപ്പം കഴിയുമ്പോള്‍ മഞ്ജു വാര്യരുടെ മനസ്സ് ശാന്തമാണ്. ‘ഇവിടെ അച്ഛന്‍െറയും അമ്മയുടെയും തിരക്കിനുമുന്നില്‍ ഏന്‍േറത് ഒരു തിരക്കേയല്ല. അമ്മ യോഗയും സംഗീതവും വീടിനോട് ചേര്‍ന്ന ക്ഷേത്രത്തിലെ സേവനപ്രവര്‍ത്തനങ്ങളുമെല്ലാമായി വലിയ ബിസിയാ. അച്ഛന് തൃപ്രയാറില്‍ ഫിനാന്‍സ് കമ്പനിയുണ്ട്. രാവിലെ അങ്ങോട്ടുപോകും’ -മഞ്ജു പറയുന്നു. സിനിമ സംബന്ധമായ തീരുമാനങ്ങളും പ്രോജക്ടുകള്‍ നിശ്ചയിക്കുന്നതുമെല്ലാം സ്വയം ചെയ്യുന്ന മഞ്ജു, മാതാപിതാക്കളോട് കാര്യങ്ങള്‍ ഡിസ്കസ് ചെയ്യാറുണ്ട്. ‘സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും അഭിപ്രായങ്ങള്‍ പറയാറില്ല. എങ്കിലും കാര്യങ്ങള്‍ അറിയിക്കാറുണ്ട്. സിനിമ ചെയ്യണമെന്നോ വേണ്ടന്നോ അവര്‍ പറഞ്ഞിട്ടില്ല. അങ്ങനെ വേണം ഇങ്ങനെ വേണം എന്നൊന്നും അവര്‍ പറയാറില്ല. ഞാന്‍ വീണ്ടും സിനിമയില്‍ അഭിനയിക്കുമെന്നോ അഭിനയിക്കണമെന്നോ അവര്‍ ചിന്തിച്ചിട്ടില്ല. അതൊക്കെ സ്വയം മനസ്സിലാക്കാന്‍ പ്രായമായിക്കാണും എന്ന് അവര്‍ക്ക് തോന്നിയിരിക്കും. എന്നോടൊപ്പം നില്‍ക്കുന്നു, എനിക്കുവേണ്ടി  പ്രാര്‍ഥിക്കുന്നു.

ടീനേജില്‍ നമ്മില്‍ പലരും മാതാപിതാക്കളോട് കയര്‍ത്തു സംസാരിക്കുകയും അവര്‍ക്ക് വേദനയുണ്ടാക്കുന്നവിധം പെരുമാറുകയും ചെയ്തിട്ടുണ്ടാകാം. എന്‍െറ കൗമാരത്തിലും അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. കുറച്ച് പക്വത വരുമ്പോഴാണ് നാമത് തിരിച്ചറിയുന്നത്. അത് പ്രായത്തിന്‍െറ ഒരു വ്യത്യാസമായിരിക്കും. നമ്മുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ സ്ഥാനം എന്താണെന്ന് വ്യക്തമായി നാം മനസ്സിലാക്കുന്നത് അല്‍പം പ്രായമായിട്ടാകും’ -മഞ്ജു ഇങ്ങനെ പറയുമ്പോള്‍, അല്‍പനാള്‍ മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ പോസ്റ്റില്‍, രോഗത്തെ അതിജീവിച്ച അച്ഛനെക്കുറിച്ച് അവര്‍ പറഞ്ഞ വാക്കുകള്‍ നാം ഓര്‍ത്തുപോകും. തങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത് എന്ന് അത് കണ്ടവരെല്ലാം ചിന്തിച്ചുപോയ പോസ്റ്റിനെക്കുറിച്ച് മഞ്ജുതന്നെ പറയുന്നു. ‘സത്യത്തില്‍ അത് സമുദ്രക്കനിയുടെ ‘അപ്പ’ എന്ന തമിഴ് സിനിമയുടെ പ്രമോഷനല്‍ വിഡിയോ എന്ന നിലയില്‍ എടുത്തതായിരുന്നു. എന്നാല്‍, അതില്‍ അച്ഛനെക്കുറിച്ച് സംസാരിച്ചുവന്നപ്പോള്‍ വല്ലാതെ പെഴ്സനല്‍ ആയിപ്പോയി. ഒരു പാടുപേര്‍ എന്നോടു പറഞ്ഞു, കണ്ണുനിറഞ്ഞുപോയി, ഞങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കാഞ്ഞത് മഞ്ജുവിന്‍െറ വാക്കുകളായി ഞങ്ങള്‍ കേട്ടു എന്നൊക്കെ’ -അല്‍പം ഇമോഷണലായെന്നു തോന്നി, മഞ്ജു ഇതു പറഞ്ഞപ്പോള്‍.

(മഞ്ജുവിന്‍െറ അഭിമുഖത്തിന്‍െറ പൂര്‍ണരൂപം നവംബര്‍ ലക്കം മാധ്യമം കുടുംബത്തില്‍ വായിക്കാം)

Tags:    
News Summary - manju warrior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.