ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമൽഹാസൻ തന്‍റെ വ്യക്തിത്വാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയെ സമീപിച്ചു. തന്‍റെ പേര്, ചിത്രം, ഛായചിത്രങ്ങൾ, ഇനിഷ്യൽസ്, പ്രശസ്ത ഡയലോഗുകൾ, ‘ഉലകനായകൻ’ എന്ന വിശേഷണം എന്നിവ അനുമതിയില്ലാതെ വാണിജ്യപരമായോ വ്യക്തിപരമായോ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നാണ് ഹരജി.
വർഷങ്ങളായുള്ള തന്‍റെ സിനിമ ജീവിതത്തിലൂടെ നേടിയ പ്രശസ്തിയും തിരിച്ചറിയലും ചിലർ അനധികൃതമായി ഉപയോഗിച്ച് ടി-ഷർട്ടുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതായി കമൽഹാസൻ കോടതിയെ അറിയിച്ചു. ഇത് തന്‍റെ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കമൽഹാസന്‍റെ ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളും ഉൾപ്പെടുത്തി ടിഷർട്ടുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികൾ തന്‍റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതും നിയമവിരുദ്ധവുമാണെന്നാണ് വാദം.
തന്‍റെ പേര്, ചിത്രം, ശബ്ദം, ‘ഉലകനായകൻ’ അടക്കം എല്ലാ തിരിച്ചറിയൽ ഘടകങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് സ്ഥിരമായി നിരോധിക്കണം. അനധികൃത ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും താൽക്കാലികമായി തടയണം. എ.ഐ, ഡീപ്‌ഫേക്ക് പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ വഴി നടക്കുന്ന ദുരുപയോഗങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണം എന്നുമാണ് കമൽഹാസന്‍ കോടതിയിൽ ആവശ്യപ്പെട്ടത്.
ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കും. ഇന്ത്യയിൽ നിരവധി പ്രമുഖർ അടുത്തകാലത്തായി അവരുടെ വ്യക്തിത്വാവകാശങ്ങൾ സംരക്ഷിക്കാൻ കോടതിയെ സമീപിക്കുന്ന പ്രവണത കൂടുതലാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് കമൽഹാസന്‍റെ നിയമനടപടിയെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.