യാഷ്, ഗീതു മോഹൻദാസ്
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടോക്സിക്: എ ഫെയറി ടേൽ ഫോർ ഗ്രോൺ അപ്സ്. കെ.ജി.എഫിനുശേഷം യാഷ് നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ടോക്സിക്കിനുണ്ട്. നീണ്ട നാലു വർഷത്തെ ഇടവേളക്കുശേഷമാണ് താരം ബിഗ് സ്ക്രീനിൽ എത്തുന്നത്. യഷിന്‍റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്‍റെ ടീസർ ടോക്സിക് ടീം പുറത്തുവിട്ടത്. എന്നാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസർ പുറത്തുവന്നതിനു പിന്നാലെ കടുത്ത വിമർശനങ്ങളാണ് എത്തുന്നത്.
ടോക്സികിന്‍റെ സംവിധായികയായ ഗീതു മോഹൻദാസിനെതിരെയായിരുന്നു വിമർശനങ്ങളിൽ പലതും. സിനിമ മേഖലയിലെ സ്ത്രീ പ്രാതിനിധ്യത്തെയും എത്തരത്തിൽ സ്ത്രീകളെ ചിത്രീകരിക്കുന്നു എന്നതിനെകുറിച്ചും ഏറെ സംസാരിക്കാറുള്ള വ്യക്തിയാണ് ഗീതു. എന്നാൽ തന്‍റെ സിനിമയിൽ സ്ത്രീയെ എത്തരത്തിലാണ് ചിത്രീകരിച്ചത് എന്ന വിമർശനമാണ് സംവിധായികക്കുനേരെ ഉയരുന്നത്. ടീസറിലെ രംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ കമന്‍റ് ചെയ്തത്.
എന്നാൽ വിമർശനങ്ങൾക്ക് കൂളായി മറുപടി നൽകിയിരിക്കുകയാണ് ഗീതു. റിമ കല്ലിങ്കൽ പങ്കുവെച്ച പോസ്റ്റാണ് ഗീതു തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തയ്. 'സ്ത്രീകളുടെ സന്തോഷത്തെയും കണ്‍സെന്റിനെയും താൽപര്യത്തെയും കുറിച്ച് നാട്ടുകാരൊക്കെ തല പുകഞ്ഞ് ആലോചിക്കട്ടെ. ഞങ്ങള്‍ ഇവിടെ ചില്‍ ചെയ്യുന്നു' എന്നാണ് ഗീതു മോഹൻദാസ് തന്‍റെ അക്കൗണ്ടിൽ പങ്കുവെച്ചത്. ഈ പോസ്റ്റിനുതാഴെയും നിരവധി വിമർശനങ്ങൾ എത്തുന്നുണ്ട്.
ജോൺ വിക്കിലെ പ്രവർത്തനത്തിന് പ്രശസ്തനായ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറിയും ദേശീയ അവാർഡ് ജേതാവായ ആക്ഷൻ ഡയറക്ടർ അൻബറിവും ചേർന്ന് ടോക്സിക്കിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചില ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചിച്ച ടോക്സിക് ഇംഗ്ലീഷിലും കന്നഡയിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യപ്പെടും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും കീഴിൽ വെങ്കട്ട് കെ. നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.