മ​മ്മൂ​ട്ടി​ക്ക് പ​രി​ഭ​വ​മോ?

ചിത്രീകരണത്തിനിടയിൽ ടി.ജി. രവി മമ്മൂട്ടിയെ താങ്കൾ എന്ന്​ വിളിച്ചു. ഇതുകേട്ട മമ്മൂട്ടി ടി.ജി. രവിയെ കാരവനിലേക്ക്​ വിളിച്ചു

തൃശൂർ എൻജിനീയറിങ് കോളജ് പഠനകാലത്തു തന്നെ സംഘടനാ രാഷ്ട്രീയത്തിലും സജീവമായിരുന്നു. കോളജിലെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, യൂനിയന്‍ ജനറല്‍ സെക്രട്ടറി, ഹോസ്റ്റല്‍ സെക്രട്ടറി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചു. ഇടത് സഹയാത്രികൻ എന്ന് വിശേഷിപ്പിക്കുന്നതിലും ഇടത് പ്രവര്‍ത്തകന്‍ എന്ന് പറയുന്നതിലും അഭിമാനം. കമ്യൂണിസം എന്ന ആശയത്തെ മാറ്റിനിർത്തപ്പെട്ട കാലഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം നടന്ന് പ്രസംഗങ്ങള്‍ കേൾക്കാനും മനസ്സിലാക്കാനും അവസരം ലഭിച്ചതോടെയാണ് കമ്യൂണിസത്തോടുള്ള താല്‍പര്യം മനസ്സില്‍ കിളിര്‍ത്തത്. അധ്യാപകനായ അച്ഛന്‍ കോണ്‍ഗ്രസായിരുന്നു. അന്ന് ബന്ധുവായ എ.എം. പരമന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടില്‍ വരുമായിരുന്നു. പ്രത്യേകിച്ച് അവിടെ നടക്കുന്ന കമ്യൂണിസ്റ്റ് യോഗങ്ങളില്‍ സംസാരിക്കാനാണ് വരുന്നത്. വീട്ടില്‍ വന്ന് ചായകുടിച്ച് യോഗങ്ങളിലേക്ക് പോകുമ്പോള്‍ കുട്ടിയായിരുന്ന തന്നെയും കൂട്ടുമായിരുന്നു. പാടത്തുനിന്ന് പണികഴിഞ്ഞ് എത്തുന്ന തൊഴിലാളികള്‍ വീടിന്റെ വേലിവരെ വന്ന് പ്രസംഗം കേള്‍ക്കാന്‍ കാതോര്‍ക്കും. പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം ജോലിയില്ലാത്ത അവസ്ഥ വരും എന്ന പേടിയാണ് പലരെയും മാറ്റിനിർത്തിയത് എന്ന് പിന്നീടാണ് മനസ്സിലായത്. അടിയന്തരാവസ്ഥക്കാലത്താണ് കൂടുതല്‍ സജീവമായത്. അന്ന് കമ്യൂണിസ്റ്റുകാരെ തേടിപ്പിടിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്ന സാഹചര്യത്തില്‍ കമ്യൂണിസ്റ്റുകള്‍ എല്ലാം ഒളിവില്‍ പോയി. അന്ന് പരസ്യപ്രവര്‍ത്തനം ഇല്ലാത്ത ടി.ജി. രവിയുടെ കാറിലാണ് ഇവരെ ഒളിത്താവളങ്ങളില്‍നിന്നും ഒളിത്താവളങ്ങളിലേക്ക് മാറ്റിയിരുന്നത്. സ്വന്തം കാറുണ്ടായതിനാല്‍ ഇത്തരത്തില്‍ സഹായം നല്‍കാന്‍ കഴിഞ്ഞതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗം. പിന്നീട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

ഇന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങളില്‍ അദ്ദേഹം തന്റെ വിയോജിപ്പ് തുറന്നുപറഞ്ഞു. ആരോപണങ്ങൾ ഉന്നയിക്കുന്നവര്‍ പലരും കൃത്യമായി പഠിച്ചിട്ടില്ല എന്നാണ് നിലപാട്. ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന തന്ത്രിമാരുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വിയോജിപ്പും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിന്റെ കുറ്റങ്ങള്‍ മാത്രം കാണുന്നതിനു പകരം നന്മകൂടി കാണാനുള്ള മനസ്സ് വേണ്ടതാണെന്ന് പറയുന്നു. അതിദാരിദ്ര്യത്തെക്കുറിച്ച് കമ്യൂണിസ്റ്റുകള്‍ മാത്രമാണ് ചിന്തിച്ചതെന്നും കമ്യൂണിസം ദരിദ്രര്‍ക്കൊപ്പമാണെന്നും കണ്ണുനീര്‍ ഒപ്പുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നുമുള്ള അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

എൻജിനീയറിങ് വിദ്യാർഥിയിൽനിന്ന് സംരംഭകനിലേക്ക്

അഞ്ചു വര്‍ഷത്തെ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയപ്പോഴാണ് സംരംഭകനാകണം എന്ന ചിന്തയുണ്ടായത്. ഇന്നത്തെപ്പോലെ സ്റ്റാർട്ടപ് സംവിധാനങ്ങളോ മറ്റോ ഇല്ലാത്ത കാലമാണ്. സംരംഭകൻ എന്നുപോലും ആരും വിശേഷിപ്പിക്കാറില്ല. പഠനം കഴിഞ്ഞ് നേരെ അന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂര്‍ ബാങ്കിൽ പോയി ഒരു ലക്ഷം രൂപയുടെ വായ്പ എടുത്തു. അഞ്ചു തൊഴിലാളികളെ കൂട്ടി ആദ്യത്തെ എൻജിനീയറിങ് സംരംഭം തുടങ്ങി. ടയര്‍ അനുബന്ധവ്യവസായത്തിലെ സാധ്യതകളാണ് ഉപയോഗപ്പെടുത്തിയത്. തൊഴിലാളികള്‍ക്കൊപ്പം നിന്ന് ജോലിചെയ്യുന്നതും ഒരു ശീലമായി. അതു കഴിഞ്ഞാല്‍ രാത്രി കോഴിക്കോട് റേഡിയോ നാടകങ്ങള്‍. ജീവിതത്തില്‍ ബിസിനസും അഭിനയവും സമാന്തരമായി കൊണ്ടുപോകാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് ആരുടെ മുന്നിലും കൈനീട്ടാതെ മുന്നോട്ടുപോകാനായതും, സ്വന്തമായി കാര്‍ വാങ്ങാനായതും ഇതില്‍നിന്നുമുള്ള വരുമാനത്തില്‍നിന്നായിരുന്നുവെന്ന് ടി.ജി. രവി ഓർത്തെടുക്കുന്നു.

മമ്മൂട്ടിയുടെ ആ ചോദ്യം

മമ്മൂട്ടിയും ടി.ജി. രവിയും തമ്മിലെ പരിഭവത്തിന്‍റെ കാരണം സംബന്ധിച്ച് പല കഥകൾ പ്രചരിക്കാറുണ്ട്. ഇതിലൊന്നും സത്യമില്ലെന്നും പരസ്പര സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും ബഹുമാനത്തിന്‍റെയും ഒരു അനുഭവം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നതെന്നും ടി.ജി. രവി പറയുന്നു. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കുമ്പോഴുണ്ടായ സംഭവമാണ് ഇതിനു കാരണം. ചിത്രീകരണത്തിനിടയിൽ ടി.ജി. രവി മമ്മൂട്ടിയെ താങ്കൾ എന്ന് വിളിച്ചു. ഇതുകേട്ട മമ്മൂട്ടി ടി.ജി. രവിയെ കാരവനിലേക്ക് വിളിച്ചു. നമ്മൾ തമ്മിൽ എന്തിനാണ് ഇങ്ങനെയൊരു വിളി എന്ന് ചോദിച്ചു.

പ്രായത്തിന് മൂത്തതിനാൽ മമ്മൂട്ടിയെ എല്ലാവരെയും പോലെ മമ്മൂക്ക എന്ന് വിളിക്കാനാകില്ലെന്നും പഴയപോലെ നീയും പേരും ഒക്കെ വിളിച്ചാൽ നമ്മള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പുതിയ തലമുറക്കോ അല്ലെങ്കില്‍ താങ്കളോടൊപ്പമുള്ളവർക്കോ അറിയണമെന്നില്ലെന്നുമായിരുന്നു മറുപടി. ഞാന്‍ ബഹുമാനത്തോടെ ഒരു മഹാനടനെ സമീപിക്കുന്നു എന്ന സാമാന്യമര്യാദയാണ് പാലിക്കുന്നത്. എന്നാല്‍, മമ്മൂട്ടി എന്ന വ്യക്തിയും രവി എന്ന വ്യക്തിയും തമ്മിലുള്ള ആത്മബന്ധത്തിന് ഇത് ഒരിക്കലും തടസ്സമാകുന്നില്ല എന്ന ഉറപ്പും നൽകി. ടി.ജി. രവിയുടെ സിനിമ അഭിനയത്തിലെ 50ാം വാർഷികത്തിൽ നാട് നൽകിയ ആദരത്തിൽ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന് പകരമായി മമ്മൂട്ടി വിഡിയോ അയച്ച് തന്നത് ആ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത് ഇന്നും അഭിമാനത്തോടെയാണ് കാണുന്നതെന്നും രവി പറയുന്നു.

‘അമ്പിളി’ ഒരുക്കിയ പച്ചയായ മനുഷ്യൻ

കൗമാരത്തിൽ തന്നെ ആരംഭിച്ച പ്രണയമാണ് തന്നിലെ ഇന്നത്തെ മനുഷ്യനെ തീർത്തതെന്ന് ടി.ജി. രവി പറയുന്നു. കൗമാരത്തില്‍ പ്രണയിനിയായി കടന്നുവന്നവര്‍ക്ക് നല്‍കിയ വാക്ക് അക്ഷരാർഥത്തില്‍ പാലിക്കപ്പെടുന്ന കാര്യത്തില്‍ ഞാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചിട്ടുണ്ട്. അടുത്ത ബന്ധുവായ പെൺകുട്ടിയുമായി വളരെ ചെറുപ്പത്തില്‍ തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ എത്തിയത്. തുടര്‍ന്ന് സിനിമയുടെ മാന്ത്രികവലയത്തില്‍നിന്ന് മാറിനില്‍ക്കാനും ജീവിതം ചിട്ടയായി കൊണ്ടുപോകാനും കാരണമായതും അമ്പിളി എന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന ഡോ. സുഭദ്രതന്നെയായിരുന്നു. 14 വർഷം മുമ്പ് അമ്പിളി വിട്ടുപോയെങ്കിലും ഇന്നും ആ ഓർമയിലാണ് ജീവിതം. അമ്പിളി എന്ന വീട്ടിലേക്ക് കയറിച്ചെല്ലുന്ന ആരെയും സ്വാഗതം ചെയ്യുന്നത് ടി.ജിയുടെ സ്വന്തം അമ്പിളിയുടെ ചിത്രമാണ്.

ആഗ്രഹിക്കുന്നത് ഉടന്‍ ചെയ്യണം എന്നപോലെ പറയുന്ന വാക്കുകള്‍ക്കും വ്യക്തത വേണം എന്ന നിര്‍ബന്ധബുദ്ധി തനിക്കുണ്ട്. ഒരു പക്ഷേ, ആ നിര്‍ബന്ധബുദ്ധിയായിരിക്കാം വെള്ളിവെളിച്ചത്തിന്റെ മാന്ത്രിക വലയത്തില്‍ വീണുപോകാതെ ജിവിതത്തില്‍ സ്വന്തമായ ലക്ഷ്യബോധത്തോടെ നീങ്ങാന്‍ കഴിഞ്ഞത്. പ്രധാനമായും സസ്യാഹാരം ഇഷ്ടപ്പെടുന്ന, മദ്യപിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമ. തന്റെ നേട്ടങ്ങളുടെ പിറകിലും അമ്പിളിയുടെ കരുതലും ശ്രദ്ധയും മാത്രമായിരുന്നു എന്ന് പറയാം. ഒരു പക്ഷേ, ഇവര്‍ ജീവിതത്തിലേക്ക് കടന്നുവന്നില്ലായിരുന്നെങ്കില്‍ ടി.ജി. രവി എന്ന നടന്‍ ഇങ്ങനെ ആവുമായിരുന്നില്ല എന്നുകൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു. എകാന്തതയില്‍നിന്നുള്ള മോചനമാണ് കൃഷിയിലേക്ക് തിരിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കിയത്. ഇപ്പോൾ അഭിനയത്തോട് ഒപ്പംതന്നെ കൃഷിയെയും സ്നേഹിച്ചുതുടങ്ങി. ഒപ്പം തൃശൂരിലെ അമ്പിളിയെന്ന വീട്ടിൽ 14 വർഷം മുമ്പ് വിടവാങ്ങിയ ടി.ജിയുടെ അമ്പിളിയുടെ നിശ്ശബ്ദ സാന്നിധ്യം നിറഞ്ഞുനിൽക്കുന്നുമുണ്ട്, മക്കളും പേരക്കുട്ടികളും തരുന്ന സന്തോഷവും. സൗകര്യങ്ങളുടെയും അപ്പുറത്ത് അനുഭവപ്പെടുന്ന ശൂന്യതയും എകാന്തതയും ഉള്‍ക്കൊണ്ട് കാലം കാത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങള്‍ക്കുവേണ്ടി ഈ നടന്‍ ഇനിയും വെള്ളി വെളിച്ചത്തിലേക്ക് വരാന്‍ തയാറാണ്. അതാണ് വിശേഷണങ്ങള്‍ ഇല്ലാത്ത ടി.ജി. രവി. ആഫ്രിക്കയിലെ ബൊട്സ്വാനയിൽ ജോലിചെയ്യുന്ന രഞ്ജിത്തും നടൻകൂടിയായ ശ്രീജിത്തുമാണ് മക്കൾ.

Tags:    
News Summary - tg ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 03:33 GMT