ഞാനും ശരത് കുമാറും ബേസിലിന്‍റെ സിനിമകളുടെ ആരാധകർ -രാധിക

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം മകൾക്കും ഭാര്യക്കുമൊപ്പം ചെയ്ത ‘കുട്ടുമ കുട്ടൂ’ റീൽ ചിരിപടർത്തുകയും ഏറെ വൈറലാകുകയും ചെയ്തിരുന്നു. സിനിമയിലും ജീവിതത്തിലും നർമം നിറക്കുന്ന വ്യക്തിയാണ് ബേസിലെന്ന് പല സെലിബ്രിറ്റികളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബേസിലിനെയും അദ്ദേഹത്തിന്‍റെ സിനിമകളിലെ നർമത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി രാധിക ശരത്കുമാർ. താനും ഭർത്താവ് ശരത് കുമാറും ബേസിലിന്‍റെ ഫാനാണെന്നും അവർ പറയുന്നു.

‘ബേസിലിന്‍റെ സിനിമകളും അതിലെ നർമ്മവും എനിക്ക് വളരെ ഇഷ്ടമാണ്. ശരത് കുമാറും ഞാനും വലിയ ആരാധകരാണ്’ -എന്നാണ് രാധിക ശരത്കുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ജിമ്മിൽ ബേസിലിനൊപ്പം നിൽക്കുന്ന ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.

Full View

തിയറ്ററിൽ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ബേസിൽ പ്രധാന വേഷത്തിലെത്തിയ ‘പൊൻമാൻ’. ചിത്രം ഒ.ടി.ടിയിൽ റിലീസായതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പ്രശസ്തരടക്കം ‘പൊൻമാനെ’യും ബേസിലിനെയും അഭിനന്ദിച്ച് രംഗത്തുവരികയാണ്. കഴിഞ്ഞ ദിവസം, മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേശ് കാർത്തിക് ചിത്രത്തെയും ബേസിലിനെയും പ്രശംസിച്ചിരുന്നു.

‘കഴിഞ്ഞ ആഴ്ച ഞാൻ കണ്ട രണ്ട് ഉയർന്ന നിലവാരമുള്ള സിനിമകൾ - പൊൻമാൻ, എക്കോ. പൊന്മാനിലെ ബേസിൽ ജോസഫിന്റെ അസാമാന്യ അഭിനയം... അദ്ദേഹത്തിന്റെ അഭിനയമികവിലൂടെടെയാണ് സിനിമ ജീവസ്സുറ്റതായി മുന്നോട്ടുപോകുന്നത്. സഹതാരങ്ങളും ഉറച്ച പിന്തുണ നൽകി. ഛായാഗ്രഹണം, ലൊക്കേഷനുകൾ, വ്യതിരിക്തമായ കഥ എന്നിവയെയെല്ലാം മനോഹരമായി കൂട്ടിയിണക്കി ദിൻജിത്ത് ഒരുക്കിയ എക്കോ എന്റെ മനസ്സിനെ അത്ഭുതപ്പെടുത്തി. മലയാള സിനിമ തികച്ചും വ്യത്യസ്തമായ തലത്തിലാണിപ്പോൾ. സിനിമ കാണുന്ന ലോകത്തിന് മുന്നിൽ പുഞ്ചിരി വിടർത്തുന്നതിനായി ഇത്തരം കൂടുതൽ സിനിമകൾ നിർമിക്കുക’ -ഇതായിരുന്നു കാർത്തിക് പറഞ്ഞത്.

തുടർന്ന്, ദിനേ​ശ് കാർത്തിക്കിന് ബേസിൽ നന്ദി പറഞ്ഞിരുന്നു. ‘ഒരുപാട് നന്ദി..ദിനേശ് കാർത്തിക്; നിങ്ങളുടെ പ്രതികരണം എന്റെ മനം നിറച്ചു’ -എന്നാണ് ബേസിൽ മറുപടി നൽകിയത്.

Tags:    
News Summary - Sarath Kumar and I are fans of Basil's films says Radhika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.