ഡബ്ല്യു.സി.സിയെ അധിക്ഷേപിച്ച് നിര്‍മാതാവും നടനുമായ വിജയ് ബാബു. സ്ത്രീകൾ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഒരു പുരുഷനെയോ പുരുഷന്മാരെയോ ആക്രമിക്കാന്‍ കലക്ടീവ് എന്ന പേരിൽ ഒത്തുകൂടുമെന്ന് വിജയ് ബാബു കുറിച്ചു. വ്യക്തിപരമായ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പാണ് ഡബ്ല്യു.സി.സിയെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'ഇരട്ടത്താപ്പിന്റെ റാണിമാരെക്കുറിച്ച് ചിലത് പറയാനുണ്ട്. അവർ പറയുന്ന കഥകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ അത് അവസാനിക്കില്ല. അതേ കുറിച്ച് ഞാന്‍ ഒന്നും പറയാനും പോകുന്നില്ല. കാരണം അവര്‍ക്ക് എല്ലായ്പ്പോഴും സമയവും സൗകര്യവും അനുസരിച്ച് ഏത് കാര്യവും വളച്ചൊടിക്കാനുള്ള പ്രിവില്ലേജ് ഉണ്ട്'.
'അവര്‍ സ്ത്രീകളാണ് അവരുടെ താല്‍പര്യത്തിന് അനുസരിച്ച് ഒരു പുരുഷനെ അല്ലെങ്കില്‍ പുരുഷന്മാരെ ആക്രമിക്കാന്‍ കലക്ടീവ് എന്ന പേരിൽ അവര്‍ ഒത്തുകൂടും. സ്വന്തം താൽപ്പര്യങ്ങൾക്കായി കൂട്ടായി ആക്രമിക്കുകയും അടുത്തത് ഉണ്ടാകുന്നതുവരെ പിരിഞ്ഞുപോകുകയും ചെയ്യുന്നു. പക്ഷേ അവർക്ക് സ്വന്തമായി നിലവാരമോ നിലപാടോ ഇല്ല. തലയോ വാലോ നൈതികതയോ പോളിസികളോ നിയമാവലിയോ ഇല്ലാത്ത ഒരു കൂട്ടമാണ്. അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി നിർമിച്ച ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രമാണ് ഈ കലക്ടീവ്' -വിജയ് ബാബു കുറിച്ചു.
അതേസമയം, പുതുമുഖനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുമ്പ് വിജയ് ബാബുവിന്റെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജാമ്യം ലഭിച്ചപ്പോൾ ഡബ്ല്യു.സി.സി വിജയ് ബാബുവിനെതിരെ പ്രതികരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അതിജീവിതയെ അപമാനിക്കുകയും നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടുകയും പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാൻ ശ്രമിക്കുകയും ചെയ്തയാളാണ് വിജയ് ബാബു. ഇയാളിൽനിന്ന് അതിക്രമങ്ങൾ ഉണ്ടായതായി ഇതിന് മുമ്പും അടുത്ത് ബന്ധമുള്ള സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അന്ന് ഡബ്ല്യു.സി.സി ആരോപിച്ചിരുന്നു. ഇപ്പോൾ വിജയ് ബാബു ഡബ്ല്യു.സി.സിക്ക് എതിരെ സംസാരിച്ചത് പഴയ വൈരാഗ്യം കാരണമാണ് എന്നാണ് വിലയിരുത്തൽ. വിജയ് ബാബുവിനെ അനുകൂലിച്ചും പലരും രംഗത്തു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.