അമൽ നീരദ് ആരാധകർക്ക് ആവേശമായി തന്റെ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗമായ ബാച്ചിലർ പാർട്ടി ദ്യു (Bachelor Party D’eux) ആണ് വരാനിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിനെക്കുറിച്ച് അമൽ നീരദ് സോഷ്യൽ മീഡിയയിലൂടെ വ്യക്തത നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിൽ ദ്യു എന്നാൽ രണ്ട് എന്നാണ് അർത്ഥം. എന്നാൽ സിനിമയുടെ പേരായ D’eux എന്നതിന്റെ അർത്ഥം അവരുടേത് അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണ്.
അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, അൻവർ റഷീദ് എന്റർടൈൻമെന്റ്സ് എന്നിങ്ങനെ മൂന്ന് നിർമാണ കമ്പനികൾ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടി്ലെങ്കിലും, യുവതാരം നസ്ലിൻ, സൗബിൻ ഷാഹിർ എന്നിവരായിരിക്കും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഛായാഗ്രഹണം- അപ്പു പ്രഭാകർ (രേഖാചിത്രം ഫെയിം), സംഗീതം- ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം ഫെയിം), എഡിറ്റിങ്- വിവേക് ഹർഷൻ.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരികയാണ്. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമൽ നീരദിന്റെ പതിവ് ശൈലിയിലുള്ള ഹൈ-സ്റ്റൈലിഷ് ആക്ഷൻ സീക്വൻസുകൾ തന്നെയാകും ഇതിന്റെയും ആകർഷണം. ആദ്യ ഭാഗത്തിൽ രാഹുൽ രാജ് ഒരുക്കിയ ഗാനങ്ങൾ തരംഗമായിരുന്നു. എന്നാൽ ഇത്തവണ ഭ്രമയുഗത്തിലൂടെയും മറ്റും ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യർ അമൽ നീരദിന്റെ ഈ 'സ്റ്റൈലിഷ് വേൾഡിന്' എങ്ങനെ സംഗീതം നൽകും എന്നത് സിനിമാ പ്രേമികൾ ആകാംക്ഷയോടെയാണ് നോക്കുന്നത്.
ഉണ്ണി ആർ, സന്തോഷ് ഏച്ചിക്കാനം എന്നിവർ ചേർന്ന് രചന നിർവ്വഹിച്ച 'ബാച്ചിലർ പാർട്ടി' ഒരു സ്റ്റൈലിഷ് ബ്ലാക്ക് കോമഡി ആക്ഷൻ ചിത്രമായിരുന്നു. ആസിഫ് അലി, ഇന്ദ്രജിത്ത്, റഹ്മാൻ, വിനായകൻ, കലാഭവൻ മണി തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 'സിൻ സിറ്റി' എന്ന ഗ്രാഫിക് നോവലിന്റെ ശൈലിയിൽ ഒരുക്കിയ ചിത്രം അക്കാലത്ത് വലിയ ചർച്ചയായിരുന്നു. പുതിയ ചിത്രം ആദ്യ ഭാഗത്തിന്റെ തുടർച്ചയാണോ അതോ മറ്റൊരു പശ്ചാത്തലത്തിലുള്ള കഥയാണോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കും. കുഞ്ചാക്കോ ബോബനും ഫഹദും പ്രധാന വേഷങ്ങളിലെത്തിയ ബോഗൻവില്ലക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.