ഹിസ് ​ഹൈനസ്​ സമ്പത്ത്

കോടമ്പാക്കം ഓവർ ബ്രിഡ്ജ് കഴിഞ്ഞ് വടപഴനിയിലേക്കു പോകുമ്പോൾ രണ്ടാമത്തെ ജംഗ്ഷനാണ് പവർഹൗസ്​. അവിടെ നിന്ന് ഇടത്തോട്ടു പോയാൽ കാമരാജ്കോളനി-. കോടമ്പാക്കത്തിന് കുപ്രസിദ്ധി നേടിക്കൊടുത്ത സ്​ഥലം. വഴിപോക്കരെപ്പോലും പിന്തുടർന്ന് വ്യഭിചാരത്തിനു േപ്രരിപ്പിക്കുന്ന ഒരു കറുത്തകാലം കാമരാജ്​ കോളനിക്കുണ്ടായിരുന്നു. അടുത്ത ജംഗ്ഷൻ സ്വാമിയാർ മഠമാണ്. അവിടെയാണ് ആഗോള പ്രശസ്​തനായ സംഗീത സംവിധായകൻ എ.ആർ. റഹ്​മാ​​​​​​​െൻറ വീടും സ്​റ്റുഡിയോയും. 

ഹരി നീണ്ടകര
 

പവർഹൗസ്​ ജംഗ്​ഷനിലേക്കു തന്നെ മടങ്ങാം. വർഷങ്ങൾക്കുമുമ്പ് ഇവിടെ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. പാർവതീ മന്ദിരം. നിരവധി ഒറ്റമുറികളും ഇടനാഴിയുമുള്ള വീട്​. ഒാരോ മുറിയിലും ഭാവിയിലെ സിനിമാ ലോകത്തെ താരപൂരിതമായ ആകാശം സ്വപ്​നം കാണുന്നവർ. കോടമ്പാക്കത്തെ ഭാഗ്യം തിരയുന്നവർ. ഇടനാഴിയുടെ ഇടതുവശത്ത് ആദ്യം കാണുന്ന വിശാലമായ മുറി ഫിലിം ജേർണലിസ്​റ്റ്​ ഹരി നീണ്ടകരയുടെ ഓഫീസാണ്. ഈ ഓഫീസ്​മുറിയിൽ നിന്നാണ് കോടമ്പാക്കത്തെ ചൂടുള്ള സിനിമാ വാർത്തകളും ഫോട്ടോകളും കേരളത്തിലെ വിവിധ സിനിമാ മാസികകളിൽ എത്തിയിരുന്നത്. 
അക്കാലത്ത്​ കാമ്പസുകളിലും വായനശാലകളിലും ചൂടേറിയ ചലച്ചിത്ര സംവാദങ്ങൾ നടന്നിരുന്നതെല്ലാം ഈ വാർത്തകളെ അടിസ്​ഥാനമാക്കിയായിരുന്നു.  ദൃശ്യ മാധ്യമങ്ങളൊന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. ഇന്നത്തെ പല വലിയ താരങ്ങളും ഹരിയുടെ ഓഫീസിലെ നിത്യ സന്ദർശകരായിരുന്നു. കൈയിൽ അവർ അഭിനയിച്ച ചിത്രത്തിലെ ചെറിയ വേഷത്തിലെ ഒരു ഫോട്ടോയുണ്ടാകും. നാട്ടിലെ ഏതെങ്കിലും സിനിമാ വാരികയിൽ അത് അച്ചടിച്ചു വരണം. ഹരി വിചാരിച്ചാലേ അതു നടക്കൂ. 

വീട്ടുടമയായ ഏതോ തെലുങ്ക് നിർമാതാവുമായുള്ള ബന്ധമാണ്​ കെട്ടിടം പാർവതിക്ക്​ സ്വന്തമാകാൻ കാരണമത്രെ.  അതിനാൽ വാടക കൊടുക്കാതെ താമസിക്കുന്നവരോട്​ പാർവതി കുറേയൊക്കെ ക്ഷമിക്കും. കാലാവധി അതിരുവിട്ടാൽ ജംഗമ വസ്​തുക്കളെല്ലാം വാരി റോഡിലെറിഞ്ഞ്​ മുറി വേറെ താഴിട്ടു പൂട്ടും. അതാണ്​ പാർവതിയുടെ രീതി.

സമ്പത്ത്
 

പാർവതീ മന്ദിരത്തിനടുത്തായി നാഷണൽ ടെക്​സ്​റ്റൈൽസ്​ ​എന്നൊരു തുണിക്കടയുണ്ടായിരുന്നു. ചുവന്നു തുടുത്ത സുന്ദരനായ ഒരു ചെറുപ്പക്കാരൻ കാഷ്​ കൗണ്ടറിൽ എപ്പോഴുമുണ്ടാകും. കടയുടമയും അദ്ദേഹംതന്നെ. സിനിമാ മോഹമാണ് ഉള്ളിലിരുപ്പെന്ന് മുഖഭാവം കണ്ടാലറിയാം. ഒരിക്കൽ എ​​​​​​​െൻറ ഗുരുനാഥൻ കണ്ണൂർ രാജൻ എന്നെയും കൂട്ടി കടയിലേക്കു കയറി. കടയുടമയ്ക്ക് ഒരു നാടക ട്രൂപ്പ് ഉണ്ട്. പ്രധാന നടനും അദ്ദേഹംതന്നെ. പുതിയ നാടകത്തി​​​​​​​െൻറ സംഗീത സംവിധായകൻ കണ്ണൂർ രാജനാണ്. നാടകത്തിൽ പാടാൻ നാട്ടിൽ നിന്ന് ലതികയെ കൂട്ടിക്കൊണ്ടു വരാൻ കണ്ണൂർ രാജൻ എന്നോടു നിർദേശിച്ചു. കേരളത്തിൽ ചില നാടകങ്ങൾക്ക് കണ്ണൂർ രാജ​​​​​​​െൻറ ഏതാനും പാട്ടുകൾ ലതിക അതിനകം പാടിക്കഴിഞ്ഞിരുന്നു. ഞാൻ ലതികയുമായി തിരികെയെത്തിയപ്പോഴേക്കും കണ്ണൂർ രാജൻ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നു. എ​​​​​​​െൻറ അഭാവത്തിൽ ഹാർമോണിസ്​റ്റായി സമ്പത്ത് എന്ന ചെറുപ്പക്കാരൻ സഹകരിച്ചു. വെളുത്ത് മെലിഞ്ഞ് പൊക്കം കുറഞ്ഞ ചെറുപ്പക്കാരൻ. സമ്പത്ത് സംസാരിക്കുമ്പോൾ എന്തോ രഹസ്യം പറയുകയാണെന്നു തോന്നും. അത്ര പതിയെയാണ് അദ്ദേഹം സംസാരിക്കുന്നത്. പാട്ടുകൾക്ക് മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കാൻ മിടുമിടുക്കനാണ്​ സമ്പത്ത്.

കുലദൈവം രാജഗോപാല്‍
 

‘ഏൻ ഇന്ത വിളയാട്ട് മുരുകാ
എനക്കൊരു വഴികാട്ട്...’
ലതിക പാടിയ ഈ പാട്ടും രംഗവും നാടകത്തിൽമികച്ചു നിന്നു. ആലാപനവും തമിഴ് ഉച്ചാരണവും മികച്ചതായെന്ന് സമ്പത്ത് അഭിപ്രായപ്പെട്ടു. തമിഴ്​ സിനിമയിൽ ഒരുകാലത്ത് വളരെ പ്രശസ്​തനായിരുന്ന ‘കുലദൈവം രാജഗോപാൽ’ എന്ന നട​​​​​​​െൻറ മകനാണ് സമ്പത്ത്. ‘കുലദൈവം’ എന്ന ചിത്രത്തിൽ  പ്രാധാന വേഷത്തിൽ അഭിനയിച്ചതിനാലാണ് അദ്ദേഹം അങ്ങനെ അറിയപ്പെട്ടിരുന്നത്. ഹാർമോണിയം കൂടാതെ ഗിറ്റാറും മാൻഡൊലിനും വായിക്കാൻ സമ്പത്തിനറിയാം. പ്രശസ്​തരും അപ്രശസ്​തരുമായ പല സംഗീത സംവിധായകർക്കും സമ്പത്ത് സംഗീതോപകരണം വായിക്കാറുണ്ട്. സമ്പത്തി​​​​​​​െൻറ ഇളയ സഹോദരൻ സെൽവ എം.എസ്. ​വിശ്വനാഥ​​​​​​​െൻറ ഓർക്കസ്​ട്രയിലെ സമർത്ഥനായ മാൻഡൊലിൻ വാദകനാണ്. 

ലതിക യേശുദാസിനും ജയചന്ദ്രനുമൊപ്പം
 

നാടകം കഴിഞ്ഞതോടെ സമ്പത്ത് എ​​​​​​​െൻറ അടുത്ത സുഹൃത്തായി. ഒരു പുതിയ നിർദേശവും അദ്ദേഹം മുന്നോട്ടു വച്ചു-. തമിഴ്നാട്ടിൽ ഗാനമേളകൾ ധാരാളമായി നടക്കാറുണ്ട്. കല്യാണത്തിനും ഉത്സവത്തിനും മറ്റേതു ചടങ്ങിനും ഗാനമേളയുണ്ടാകും. പക്ഷേ, നന്നായി പാടുന്ന പെൺകുട്ടികൾ തീരെ കുറവ്. ലതിക ഇവിടെ നിന്നാൽ ധാരാളം േപ്രാഗ്രാം കിട്ടും. ലതികക്ക്​ തമിഴ് നന്നായി വഴങ്ങുന്നുമുണ്ടല്ലോ.

‘രോഗി ഇച്ഛിച്ചതും വൈദ്യൻ വിധിച്ചതും...’ എന്നു പറഞ്ഞതുപോലെയായി കാര്യങ്ങൾ. മദിരാശിയിൽ പിന്നണി ഗാന രംഗത്ത് ഒന്നു ശ്രമിച്ചാലോ എന്നു വീട്ടിലെല്ലാവരുംചിന്തിച്ചിരുന്ന സമയത്താണ് സമ്പത്തി​​​​​​​െൻറ നിർദേശം വന്നത്. അച്ഛനും അമ്മയും സമ്മതം മൂളി. ബന്ധുക്കളിൽചിലർ പുരികംചുളിച്ചു. കോടമ്പാക്കം അത്ര നല്ല സ്​ഥലമല്ല. എല്ലാ കാര്യങ്ങളിലും പിന്തുണ നൽകിയിരുന്ന എ​​​​​​​െൻറ പൊടിയൻ മാമൻ ധൈര്യം പകർന്നു. അങ്ങനെ കുറച്ചുകാലം മദിരാശിയിൽ താമസിക്കാമെന്ന തീരുമാനത്തോടെ ഞാൻ അമ്മയും ലതികയുമായി ആ വലിയ നഗരത്തിലെത്തി. അഡയാറിലെ ഞങ്ങളുടെ ബന്ധുവായ തമ്പിയണ്ണ​​​​​​​െൻറ വീട്ടിൽ താമസിച്ചുകൊണ്ടാണ്​​ ഞങ്ങൾ കോടമ്പാക്കത്ത് വീട് അന്വേഷിക്കാൻ തുടങ്ങി. എ​​​​​​​െൻറ അടുത്ത സുഹൃത്തായ തബല ബാലനാണ്​ ഏറെ സഹായിച്ചത്​. ഗായകൻ ജയചന്ദ്രൻ ബാലനു സമ്മാനിച്ച റാലി സ്​പോർട്ട്സ്​ സൈക്കിളിൽ ഞങ്ങൾ കോടമ്പാക്കത്തെ തെരുവുകളിൽചുറ്റി നടന്നു.

 
രാജാമണി
 

ഓരോതെരുവിനെക്കുറിച്ചും ബാലനു പറയാൻ കഥകളേറെയുണ്ടായിരുന്നു. അങ്ങനെ ബാല​​​​​​​െൻറ വീടിനടുത്ത് വണ്ണിയർതെരുവിൽ 175 രൂപ വാടകയ്ക്ക് ഒരുമുറിയും അടുക്കളയുമുള്ള ഒരുവീട് സംഘടിപ്പിച്ചു താമസം തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ സമ്പത്ത് ഗാനമേളക്കു ക്ഷണിക്കാനെത്തി. കൂടെ കറുത്തു മെലിഞ്ഞ് പൊക്കം കൂടിയ ഒരുചെറുപ്പക്കാരനുംഉണ്ടായിരുന്നു. കടുംനിറത്തിൽ ചിത്രങ്ങളുള്ള വലിയഷർട്ടും ജീൻസുമാണ് വേഷം. സമൃദ്ധമായ മുടിക്കു തീപിടിച്ചപോലെ ഒരു നീേഗ്രാരൂപം. ആള് മലയാളിയാണെന്നറിഞ്ഞപ്പോൾ അതിലേറെ ആശ്ചര്യം! സമ്പത്ത് ആളെ പരിചയപ്പെടുത്തി - മണി. മണിയുടെ അച്ഛൻ മലയാളത്തിലെ വലിയ മ്യൂസിക് ഡയറക്ടറാണ് -ചിദംബരനാഥ്. ഞാൻ ഞെട്ടി. രാജാമണിയാണ് നീേഗ്രാ രൂപത്തിൽ മുന്നിൽ നിൽക്കുന്നത്. 

പച്ചക്കറിവാങ്ങി തിരികെയെത്തിയ അമ്മ രാജാമണിയുടെ മലയാളംകേട്ട് അന്തംവിട്ടു! ‘ങ്ആ ഹാ, ഇയാൾ നന്നായി മലയാളം പറയുന്നല്ലോ..’ അമ്മയുടെ കമൻ്റ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു. പിൽക്കാലത്ത് പലസുഹൃദ്​ സദസ്സുകളിലും രാജാമണി ഈ അനുഭവം പങ്കുവയ്ക്കുമായിരുന്നു. ഗിറ്റാറും ഹാർമോണിയവും ഒക്കെ വായിക്കുമെങ്കിലും രാജാമണി അപ്പോൾ  സംഗീത രംഗത്തേക്ക്​  കടന്നിരുന്നില്ല. ദുബൈയിൽ സംഗീതോപകരണം വിൽക്കുന്ന ഒരുകടയിലെ ഡെമോൺസ്​േട്രറ്റർ ജോലി ഉപേക്ഷിച്ച് തിരികെ എത്തിയിരിക്കുകയാണ്. സമ്പത്തിനൊപ്പം ചുറ്റിനടക്കലാണ് അക്കാലത്തെ മണിയുടെ പ്രധാന ജോലി.

ലതിക മലേഷ്യ വാസുദേവനൊപ്പം പാടുന്നു
 

മലേഷ്യാ വാസുദേവ​​​​​​​െൻറ ഗാനമേളയിൽ പാടാൻ സമ്പത്ത് വഴിയൊരുക്കിയതോടെ ലതിക തിരക്കിലായി. ആദ്യത്തെ തമിഴ്​ പിന്നണിഗായകനായ ത്രിച്ചി ലോകനാഥ്, ടി.എം. സൗന്ദരരാജൻ, പി.ബി. ശ്രീനിവാസ്​, എം.എസ്. ​വിശ്വനാഥൻ, ശങ്കർ ഗണേഷ്, എൽ.ആർ ഈശ്വരി തുടങ്ങിയവരുടെ ഗാനമേളകളിൽ ലതിക സ്​ഥിരം ഗായികയായി. രാജാമണി ജോൺസ​​​​​​​െൻറ ഓർക്കസ്​ട്രയിൽ സഹായിയായി ചേർന്നു. പിൽക്കാലത്ത്​ ജോൺസ​​​​​​​െൻറ വിദഗ്ധ ശിക്ഷണത്തിൽ രാജാമണി മികച്ച മ്യൂസിക് കണ്ടക്ടറായും അസിസ്​റ്റൻറായും ക്രമേണ സംഗീത സംവിധായകനായും വളർന്നു. സമ്പത്ത് തമിഴിൽ പല സംഗീത സംവിധായകർക്കും ഉപകരണങ്ങൾ വായിക്കുകയും അസിസ്​റ്റൻറാവുകയും ചില ചിത്രങ്ങൾക്ക് സംഗീതം നൽകുകയും ചെയ്തു. സമ്പത്തിനെ നമുക്കോർക്കാൻ ഒരൊറ്റ ഗാനം മതി ‘-പ്രമദവനം വീണ്ടും...’ രവീന്ദ്ര​​​​​​​െൻറ ഹിസ് ​ഹൈനസ്​ അബ്്ദുല്ലയിലെ ഗാനങ്ങളുടെ പശ്ചാത്തല സംഗീതം ഒരുക്കിയത്​ സമ്പത്തായിരുന്നു.

പക്ഷേ, പിന്നീട് സംഗീത രംഗത്തുനിന്ന് അദ്ദേഹം അകന്നകന്നു പോകുന്ന കാഴ്ചയാണ് കണ്ടത്. അർഹിക്കുന്ന സ്​ഥാനം അദ്ദേഹത്തിനു ലഭിച്ചില്ല. സഹോദരൻ സെൽവയും ഭാര്യയും ഒരു വിപത്തിൽ പെട്ട് അകാല ചരമമടഞ്ഞതോടെ അവരുടെ പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണവും സമ്പത്ത് ഏറ്റെടുത്തു. അവരെയൊക്കെ വിദ്യാഭ്യാസം ചെയ്യിക്കാനും വിവാഹം കഴിപ്പിച്ചയക്കാനും സമ്പത്ത് നന്നായി അധ്വാനിച്ചു. നഗരത്തിൽ നിന്നൊഴിഞ്ഞ ഒരു സ്​കൂളിൽ സംഗീതം അഭ്യസിപ്പിക്കുകയാണ് ഇപ്പോൾ അദ്ദേഹം. തൊഴിലില്ലായ്മയും ജീവിതഭാരവും തളർത്തിയ സമ്പത്ത് ഇന്ന് അക്ഷരാർത്ഥത്തിൽ ദരിദ്രനാണ്. സംഗീതം എന്നും അദ്ദേഹത്തിന് ഒരു തീർത്ഥയാത്രയായിരുന്നു. പക്ഷേ മോക്ഷം ഇനിയും എത്രയകലെ!

അയാൾ നടന്നുപോകുന്ന ഏതെങ്കിലുമൊരു തെരുവിൽനിന്ന്​ ‘പ്രമദവനം വീണ്ടും ഋത​ുരാഗം ചൂടി...’ എന്ന പാട്ടി​​​​​​​െൻറ ബി.ജി.എം അയാളുടെ ഒാർമക​െള ഇപ്പോഴും തട്ടിയുണർത്തുന്നുണ്ടാവണം. 

തുടരും...
 

Tags:    
News Summary - kodampakkam stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.