അനിൽ കപൂർ

ഞാൻ ശരിക്കും ഒരു മില്യണയർ തന്നെയാണ്; ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നലെയും എനിക്ക് സ്ലംഡോഗ് മില്യണയറിന്റെ പേയ്‌മെന്റ് ചെക്ക് ലഭിച്ചു -അനിൽ കപൂർ

സിനിമ കഴിഞ്ഞാൽ മിക്ക നടന്മാരും അടുത്ത പ്രോജക്റ്റുകളിലേക്ക് മാറും. എന്നാൽ ബോളിവുഡ് താരം അനിൽ കപൂറിന്റെ കാര്യത്തിൽ 'സ്ലംഡോഗ് മില്യണയർ' എന്ന ചിത്രം ഇന്നും അദ്ദേഹത്തിന് സമ്മാനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. 2008ൽ ഓസ്കർ വാരിക്കൂട്ടിയ ഈ ചിത്രത്തിൽ പ്രേം കുമാർ എന്ന ഗെയിം ഷോ അവതാരകനായി വേഷമിട്ട അനിൽ കപൂറിന് 17 വർഷത്തിന് ശേഷവും റോയൽറ്റി തുക ലഭിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് താരം ഈ കൗതുകകരമായ വിവരം പങ്കുവെച്ചത്.

റോയൽറ്റി തുകയെക്കുറിച്ച് ചോദിച്ചപ്പോൾ താരം മറുപടി നൽകിയത് ഇങ്ങനെയാണ്. ‘ഇതൊരു വൈകാരികമായ നിമിഷമാണ്. ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നലെയും എനിക്ക് സ്ലംഡോഗ് മില്യണയറിന്റെ പേയ്‌മെന്റ് ചെക്ക് ലഭിച്ചു. ഏകദേശം 3.3 ലക്ഷം രൂപയാണ് ഇന്നലത്തെ ചെക്കിലെ തുക. ഞാൻ കൃത്യമായി നികുതി അടക്കുന്ന ഒരാളായതുകൊണ്ട് ഇത് വെളിപ്പെടുത്തുന്നതിൽ സന്തോഷമേയുള്ളൂ’ അനിൽ കപൂർ പറഞ്ഞു.

ഈ ചിത്രത്തിൽ നിന്ന് ഇതുവരെ ലഭിച്ച മൊത്തം റോയൽറ്റി തുക ഏകദേശം അര ദശലക്ഷം പൗണ്ട് (ഏകദേശം 5.5 കോടി രൂപ) വരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ ശരിക്കും ഒരു മില്യണയർ തന്നെയാണ്! ഞാൻ ഒരിക്കലും ഇത് ചോദിച്ചിട്ടില്ല, നിർമാതാക്കൾ അത് അയച്ചുതന്നുകൊണ്ടേയിരിക്കുന്നു’ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

രസകരമായ വസ്തുത, ഈ സിനിമ കരാർ ഒപ്പിടുമ്പോൾ പണം തന്റെ ലക്ഷ്യമേ ആയിരുന്നില്ലെന്ന് അനിൽ കപൂർ ഓർമിക്കുന്നു. അന്ന് തന്റെ സാധാരണ പ്രതിഫലം നൽകാൻ കഴിയില്ലെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. ഡാനി ബോയലിനെപ്പോലൊരു സംവിധായകനൊപ്പം പ്രവർത്തിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും വേണ്ടി പ്രതിഫലം വാങ്ങാതെ പോലും ആ വേഷം ചെയ്യാൻ താൻ തയാറായിരുന്നുവെന്ന് അനിൽ കുമാർ പറഞ്ഞു. എന്നാൽ അന്ന് 'ഫ്രീ' ആയി ചെയ്യാൻ കരുതിയ വേഷം ഇന്ന് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു.

അമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'സുബേദാർ' ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആലിയ ഭട്ട്, ശർവാരി എന്നിവർ അഭിനയിക്കുന്ന സ്പൈ ത്രില്ലർ ചിത്രം ആൽഫ ആണ് അദ്ദേഹത്തിന്റെ അടുത്ത വലിയ റിലീസ്. ചിത്രം ജൂലൈ 10ന് തിയറ്ററുകളിലെത്തും.

Tags:    
News Summary - Anil Kapoor reveals surprising windfall from Slumdog Millionaire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.