കോടികളുടെ കോടമ്പാക്കം സ്​ഥലപുരാണം

നാല്​ പതിറ്റാണ്ട്​ മുമ്പ്​ ഞങ്ങൾ വന്നിറങ്ങിയ കോടമ്പാക്കമല്ല ഇപ്പോൾ. എവിടെയ​ും തിക്ക​​ും തിരക്ക​ും. കൂറ്റൻ കെട്ടിടങ്ങളുടെ നിര. ആ വഴികളിലൂടെ പോകു​േമ്പാൾ 40 വർഷം മ​ുമ്പ്​ അവി​ടമൊക്കെ എങ്ങനെയായിരുന്നുവെന്ന്​ വെറുതേ ഒാർത്തുപോകാറുണ്ട്​. ആ ഒാർമകൾ രസകരമായ, ചിലപ്പോൾ അമ്പരപ്പിക്കുന്ന ചില കണക്കി​​​​െൻറ കളികൾ കൂടിയാണ്​. 

കോടമ്പാക്കം ഓവര്‍ ബ്രിഡ്ജിനു സമീപമുള്ള കാംദാര്‍ നഗറിലായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ വീട്. സംവിധായകന്‍ ഹരിഹരനും എസ്.പി.  ബാലസുബ്രഹ്മണ്യവുമൊക്കെ കാംദാർ നഗറിലായിരുന്നു താമസിച്ചിരുന്നത്​. മാസ്റ്ററുടെ സഹായിയായി മറ്റൊരു ദേവരാജന്‍ അവിടെ ഉണ്ടായിരുന്നു. മൃദംഗം വായിക്കുന്നതുകൊണ്ട് ‘മൃദംഗം ദേവരാജന്‍’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്​. മൃദംഗം വായന കൂടാതെ ചെറിയ തരത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസും അദ്ദേഹം നടത്തിയിരുന്നു. ജെമിനി സ്റ്റുഡിയോയുടെ സമീപം അഞ്ചര സ​​​െൻറ്​ വരുന്ന ഒരു സ്​ഥലം വില്‍ക്കാനുണ്ടെന്നും മൗണ്ട് റോഡിന് അടുത്താണെന്നും ഒരു ലക്ഷത്തിനു കിട്ടുമെന്നും മൃദംഗം, ദേവരാജൻ മാസ്റ്ററോടു പറഞ്ഞു.
‘‘ഉള്ള സ്ഥലവും വീടുമൊക്കെ മതി..’’ മാസ്റ്ററുടെ കൃത്യവും കര്‍ക്കശവുമായ മറുപടി. 
മൃദംഗം ആ സ്ഥലം മറ്റാര്‍ക്കോ വിറ്റു. പത്തു കൊല്ലം കഴിഞ്ഞ് ആ സ്ഥലം ഒരു കോടിക്കു മറ്റൊരാള്‍വാങ്ങി. എഴുപതുകളിലെ ഒരു ലക്ഷം എണ്‍പതുകളില്‍ ഒരു കോടിയായി. ഇന്ന് അമ്പതു കോടിയിലധികം വരും ആ സ്​ഥലത്തി​​​​െൻറ വില.

ആർ.കെ. ശേഖർ, എം.കെ. അർജുനൻ മാസ്​റ്ററുടെ ആത്മസുഹൃത്തും അസിസ്റ്റന്റുമായിരുന്നു. ശേഖറി​​​​െൻറ മരണത്തിനു ശേഷവും അര്‍ജുനന്‍ മാസ്റ്റര്‍ എ.ആര്‍. റഹ്​മാനോടൊപ്പമുള്ള കാലം. റഹ്​മാ​​​​െൻറ വീടിനോടു ചേര്‍ന്ന് അതേ വിസ്തൃതിയിലുള്ള സ്ഥലം വില്‍ക്കാനുണ്ടെന്ന് അര്‍ജുനന്‍ മാസ്റ്റര്‍ അറിഞ്ഞു. റഹ്​മാൻ അതു വാങ്ങാമെന്നായി. വില മുപ്പതിനായിരം രൂപ. മുമ്പ് അയ്യായിരത്തിനു വാങ്ങിയ ഭൂമിയാണ്. വില കൂടുതലാണെന്നു പറഞ്ഞ് റഹ്​മാ​​​​െൻറ അമ്മ സ്ഥലം വേണ്ടെന്നുവച്ചു. അഞ്ചു വര്‍ഷത്തിനു ശേഷം റഹ്​മാൻ വീടും സ്​റ്റുഡിയോയും വിപുലപ്പെടുത്തിയപ്പോള്‍ സ്ഥലം തികയാതെ വന്നു. അതിനാല്‍ അതേസ്ഥലം മുപ്പതു ലക്ഷം കൊടുത്തു വാങ്ങേണ്ടിവന്നു. മുപ്പതിനായിരത്തിനു വേണ്ടെന്നുവച്ച സ്ഥലം!

ആര്‍ക്കോട്ട് റോഡില്‍ ലാംബ്രട്ടാ നഗര്‍ എന്നൊരു സ്ഥലമുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു ഗ്രൗണ്ട് ഭൂമിയും ഒരു പഴയ വീടും ചേര്‍ത്ത് സംഗീത സംവിധായകൻ രവീന്ദ്രന്‍ വാങ്ങി. മൂന്നു ലക്ഷത്തി എഴുപത്തയ്യായിരമാണ് വില. സിറ്റിയോടടുത്തും എന്നാല്‍ ഗ്രാമസൗന്ദര്യവുമുള്ള സ്ഥലവും വീടും സുഹൃത്തുക്കള്‍ക്കൊക്കെ ഇഷ്ടപ്പെട്ടു. സ്റ്റുഡിയോകളാണെങ്കില്‍ വളരെ അടുത്ത്. രവീന്ദ്രന്‍ തൻറെ സന്തോഷം യേശുദാസുമായി പങ്കുവച്ച് പ്രതികരണത്തിനായി കാത്തു നിന്നു. മുഖത്തൊന്നു സൂക്ഷിച്ചു നോക്കിയ ശേഷംരവീന്ദ്ര​​​​െൻറ വലതുകൈയിലെ ഉള്ളം കൈ പരിശോധിച്ച് മറുപടി പറഞ്ഞു. ‘‘ “നിനക്ക് സ്വന്തം ഭൂമിയും വീടും വാഴില്ല...’’ 
രവീന്ദ്രന്‍ ആകെപ്പാടെനിരാശനായി. ഉറക്കമില്ലാത്ത രാത്രികള്‍... അസ്വസ്ഥത... ഒടുവില്‍ ആരുമറിയാതെ കിട്ടിയ വിലയ്ക്ക് രവീന്ദ്രന്‍ സ്ഥലവും വീടും വിറ്റു. 

കേട്ടവര്‍ക്കൊക്കെ കടുത്തനിരാശ. നിരാശപ്പെട്ടവരെ രവിയേട്ടന്‍ ആശ്വസിപ്പിച്ചു
‘‘ദാസേട്ടനാ പറഞ്ഞത്, എനിക്ക് വീടും സ്ഥലവും വാഴില്ലെന്ന്...’’ യേശുദാസിനോടുള്ള അന്ധമായ ആരാധന രവീന്ദ്രനെ വഴിയാധാരമാക്കിയെന്നാണ് സുഹൃത്തുക്കളുടെ പക്ഷം. ഇന്ന് ആ സ്ഥലത്തിനു പത്തു കോടിയെങ്കിലും വിലയുണ്ടാകും.

എ.വി.എം സ്റ്റുഡിയോയുടെ എതിര്‍ദിശയിൽ സാലിഗ്രാമത്തേക്കു പോകുന്ന അരുണാചലം റോഡിന്റെ വലതു ഭാഗത്താണ്​ പഴയ അരുണാചലം സ്റ്റുഡിയോ. ആ കോമ്പൗണ്ടില്‍ തന്നെയായിരുന്നു യേശുദാസി​​​​െൻറ തരംഗിണി സ്റ്റുഡിയോ. ഇന്നത് തരംഗിണി ഫ്ലാറ്റ്​സ്​ ആണ്. തരംഗിണിയുടെ എതിർവശത്ത്​ മനോഹരമായ ഒരു കല്യാണ മണ്ഡപമുണ്ട്​. തമിഴ് നടന്‍ വിജയ് ത​​​​െൻറ അമ്മയുടെ പേരില്‍ പണിതുയര്‍ത്തിയ ശോഭാ കല്യാണ മണ്ഡപം. അതിനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ എ​​​​െൻറ മുഖത്ത്​  വിളറിയ ഒരു ചിരി വരും. കല്യാണ മണ്ഡപവും മറ്റു സൗധങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന ആ സ്ഥലം പണ്ടൊരു മാന്തോപ്പ് ആയിരുന്നു. ഏക്കര്‍ കണക്കിനു വിസ്തൃതിയുണ്ടായിരുന്ന മാന്തോപ്പ്. 

എണ്‍പതുകളുടെ തുടക്കത്തില്‍ അതുചെറിയ പ്ലോട്ടുകളായി മുറിച്ചു വില്‍ക്കുന്ന വിവരം സമീപവാസിയും സുഹൃത്തുമായ സമ്പത്ത് എന്നോടു പറഞ്ഞു. (ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ രവീന്ദ്ര​​​​െൻറ അസിസ്റ്റന്റായിരുന്നു സമ്പത്ത്) ഒരു പ്ലോട്ടിന്​ ഏഴായിരം രൂപയാണ്​ വില. അക്കാലത്ത് ഏഴായിരം വലിയ സംഖ്യയാണ്.സമ്പത്തി​​​​െൻറ നിര്‍ബന്ധം പരിഗണിച്ച് അമ്മയുമായി ആലോചിച്ച് ഞാനൊന്നു കണക്കുകൂട്ടി നോക്കി. തട്ടിപ്പെറുക്കിയെടുത്താല്‍ അയ്യായിരം രൂപ വരെ സംഘടിപ്പിക്കാം. പിന്നെയും വേണം രണ്ടായിരം. മലേഷ്യാ വാസുദേവനോട്‌ രണ്ടായിരം കടം ചോദിക്കാം.വാസു അണ്ണ​​​​െൻറ ഗാനമേള സംഘത്തിലെ സ്ഥിരം ഗായികയാണ്‌ ലതിക. പ്രമാണം എഴുതുന്ന ദിവസം രണ്ടായിരം തരാമെന്ന് അദ്ദേഹം സമ്മതിച്ചു. ഭൂഉടമയാകാന്‍ പോകുന്ന ഗമയിൽ ഞാന്‍ സമ്പത്തിനോടൊപ്പം മാന്തോപ്പിലെത്തി. ഒരു പഴയ ബെഞ്ചില്‍ മെലിഞ്ഞുണങ്ങിയ ഒരു വൃദ്ധന്‍ കിടന്നുറങ്ങുന്നു. കാവല്‍ക്കാരനായിരിക്കും. സമ്പത്ത് അയാളെ തട്ടിവിളിച്ചു
‘‘അയ്യാ, ഓണര്‍ എപ്പോ വരും...?’’ 
കിടന്ന കിടപ്പില്‍ തന്നെ വൃദ്ധ​​​​െൻറ മറുചോദ്യം ‘‘എതുക്ക്...?’’ 
സമ്പത്തി​​​​െൻറ മറുപടി ‘‘എടം (സ്ഥലം) വാങ്ക വന്തിരുക്കോം. ഓണര്‍ എപ്പോ വരും..’’
‘‘നാന്‍ താന്‍യ്യാ ഓണര്‍. ഗ്രൗണ്ട്ക്ക് ഏഴായിരത്തി അയ്‌നൂറു രൂപ...’’
മാന്തോപ്പി​​​​െൻറ ഉടമയാണ് ബെഞ്ചില്‍ ചുരുണ്ടു കിടക്കുന്നത്. വില കേട്ട്​ ഞാന്‍ ഞെട്ടി! ഏഴായിരത്തി അഞ്ഞൂറോ? ഏഴായിരം തികയ്ക്കാന്‍ പെട്ടപാട് എനിക്കേ അറിയൂ. ഞാന്‍ കോപത്തോടെ അയാ​െള തുറിച്ചുനോക്കി. 
സമ്പത്ത് വിനീതനായി വീണ്ടും ചോദിച്ചു ‘‘വിലഏഴായിരമല്ലേ...?’’
‘‘പോയ്യാ, എല്ലാം വിറ്റുപോച്ച്​...’’ വൃദ്ധനു തീരെ മയമില്ല. അയാളെ ശപിച്ചുകൊണ്ട് ഞാന്‍ തിരിഞ്ഞുനടന്നു. ആ സ്​ഥലത്താണ്​ ഇപ്പോള്‍ വിജയ്‌യുടെ ശോഭാ കല്യാണ മണ്ഡപം ഉയര്‍ന്നു നില്‍ക്കുന്നത്. സ്ഥലത്തിന്റെ ഇന്നത്തെ മതിപ്പു വില പതിനഞ്ചു കോടി!

കോടമ്പാക്കത്തു നിന്ന് പോരൂരിലേക്കു പോകുന്ന വഴിക്ക് കേശവര്‍ദ്ധിനി എന്നൊരു ബസ് സ്‌റ്റോപ്പുണ്ട്. അവിടെ നിന്ന് ഇടത്തേക്കു തിരിഞ്ഞ് കുറച്ചു ദൂരം പോയാല്‍ രാമാവരം തോട്ടത്തിലെത്തും. രാമാവരം തോട്ടത്തിലാണ് എം.ജി.ആര്‍ താമസിച്ചിരുന്നത്. അതിനു മുമ്പുള്ള തുറസ്സായ സ്ഥലം പ്ലോട്ട് തിരിച്ച് വില്‍ക്കുന്ന വിവരം അറിഞ്ഞു ഞാന്‍ ചെന്നു. സംഗീത സംവിധായകന്‍ രവീന്ദ്ര​ൻ മാസ്​റ്ററുടെ ഒപ്പമാണ് ഞാന്‍ പോയത്. എസ്​.പി. വെങ്കടേഷ് രവിയേട്ട​​​​െൻറ അസിസ്റ്റൻറായി ജോലി ചെയ്യുന്ന കാലം. ഒഴിഞ്ഞു കിടന്ന പകുതിയിലധികം സ്ഥലവും വെങ്കടേഷ് വാങ്ങിക്കഴിഞ്ഞു. ഗ്രൗണ്ടിന് പന്ത്രണ്ടായിരം രൂപ. ഞാന്‍ എത്തിയപ്പോൾ വൈകിപ്പോയി. ഏറ്റവും ഒടുവിലത്തെ ഗ്രൗണ്ട് ഔസേപ്പച്ചന്‍ വാങ്ങിക്കഴിഞ്ഞു. ഔസേപ്പച്ച​​​​െൻറ ആദ്യ ചിത്രം ‘കാതോടുകാതോരം’ കഴിഞ്ഞിട്ടേയുള്ളു. അന്ന് അദ്ദേഹം പ്രസാദ് സ്റ്റുഡിയോക്കു സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഔസേപ്പച്ചന്‍ എന്നോടു പറഞ്ഞു: 
‘‘ബാബു, ഞാന്‍ താമസിക്കുന്ന വീടും സ്ഥലവും വില്‍ക്കാൻ പോകുന്ന​ു. അതെനിക്കു വാങ്ങണം. കുറച്ചു പണത്തി​​​​െൻറ കുറവുണ്ട്. കേശവര്‍ദ്ധിനിയിലെ സ്ഥലം ഞാന്‍ ബാബുവിനു തരാം. ഞാന്‍ കൊടുത്ത വില തന്നാല്‍ മതി. പന്ത്രണ്ടായിരം..’’
ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്ത് പാമ്പി​​​​െൻറ ശല്യമുണ്ടെന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. അതിനാല്‍ ഞാന്‍ പിന്മാറി. ഔസേപ്പച്ചന്‍ പിന്നീട് പതിനയ്യായിരത്തിന് അതു മറ്റാര്‍ക്കോ കൊടുത്തു. രവീന്ദ്രന്‍ മാഷ്​ എറണാകുളത്തു നിന്ന് മടങ്ങിവന്ന് മദിരാശിയില്‍ വീടെടുത്തു വീണ്ടും താമസം തുടങ്ങിയതും രണ്ടാഴ്ചക്കുള്ളില്‍ രോഗം മൂര്‍ഛിച്ച് അദ്ദേഹം നമ്മോടു വിടപറഞ്ഞതും ആ സ്ഥലത്തായിരുന്നു. മരണവീട്ടില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ പരിസരമാകെ ശ്രദ്ധിച്ചു. പണ്ട് ഒഴിഞ്ഞുകിടന്ന സ്ഥലത്ത് കൂറ്റന്‍ സൗധങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു പ്ലോട്ടിന്​ ഇപ്പോള്‍ അഞ്ചു കോടിയിലധികം വിലവരുമത്രെ.

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (സി.ടി.എ) പൂനംമല്ലിക്കടുത്തുള്ള കാട്ടാംകുളം എന്ന ഗ്രാമത്തില്‍ (ഇപ്പോഴത്തെ രാമചന്ദ്രാ മെഡിക്കല്‍ കോളജിന്​  സമീപം) ഏക്കര്‍ കണക്കിനു സ്ഥലം വാങ്ങി ലോകബാങ്കി​​​​െൻറ ധനസഹായത്തോടെ വീടുവച്ച് അംഗങ്ങള്‍ക്കു നല്‍കാന്‍ പദ്ധതിയിട്ടപ്പോള്‍ ഞാനും ലതികയും മുപ്പതിനായിരം രൂപ വീതം രണ്ടു വീടുകള്‍ക്ക് അഡ്വാന്‍സ് നല്‍കി. വീടു കിട്ടിക്കഴിഞ്ഞാല്‍ തവണകളായി പണം അടച്ചു തീര്‍ത്താല്‍ മതി. ഭാരവാഹികളുടെ കെടുകാര്യസ്ഥത, ഫണ്ട് തിരിമറി, അഴിമതി തുടങ്ങിയ കാരണങ്ങളാല്‍ പിന്നീട് കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അതിനാല്‍ 25  വര്‍ഷം കഴിഞ്ഞ് മുമ്പ് വാങ്ങിയ അതേവിലയ്ക്കു തന്നെ ആ സ്ഥലം ഞാന്‍ മറ്റൊരാള്‍ക്കു വിറ്റു. 

ഉണ്ണിമേനോന്‍
 

35 കൊല്ലം മുമ്പ് ഞാനും ലതികയും വാങ്ങിയിട്ട മറ്റൊരു സ്ഥലത്തെക്കുറിച്ചു കൂടി പറയാം. ഒരിക്കൽ തരംഗിണി സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ഉണ്ണിമേനോനും സൗണ്ട് എഞ്ചനീയര്‍ സുപാലും (അദ്ദേഹം ഈയിടെ അന്തരിച്ചു) കുഞ്ഞുണ്ണിയും (ദാസേട്ടന്റെ അക്കാലത്തെ മാനേജര്‍) സ്ഥലം വാങ്ങാന്‍ പോകുന്ന വിവരം അറിയിച്ചു. എന്നെയും അവര്‍ പ്രേരിപ്പിച്ചു. അന്ന് സ്ഥലത്തി​​​​െൻറ പേര് അത്ര അറിയപ്പെടുമായിരുന്നില്ല. പതിനായിരം രൂപ നല്‍കി രണ്ട് ഗ്രൗണ്ട് സ്ഥലത്തിന്റെ പ്രമാണം എ​​​​െൻറയും ലതികയുടെയും പേരില്‍ എഴുതിച്ചു. രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം എന്ന പേരിലാണ് അവിടം പിന്നീട് അറിയപ്പെട്ടത്. ‘ശ്രീപെരുംപുത്തൂര്‍’. ഇന്ന് ഏറ്റവും വലിയ ഓട്ടോമൊബൈല്‍ വ്യവസായവും മറ്റ് പ്രശസ്ത സ്ഥാപനങ്ങളും ധാരാളമായി അവിടെ കാണാം. പക്ഷേ അതിലധികം ഭൂമി ഇന്നും നോക്കെത്താ ദൂരത്തില്‍ ഒഴിഞ്ഞു കിടപ്പുണ്ട്. തമിഴ്‌നാട്ടില്‍ പുതിയൊരു എയര്‍പോര്‍ട്ടിനായി അവിടം പരിഗണിക്കുന്നുണ്ടെന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

35 വര്‍ഷത്തിനു ശേഷം അടുത്തിടെ സ്ഥലമൊന്നു കാണാന്‍ ഞാനും രാജുവും (ലതികയുടെ ഭര്‍ത്താവ്) പുരയിടത്തി​​​​െൻറ പ്ലാനുമായി അവിടമാകെ അരിച്ചു പെറുക്കി. പക്ഷേ, കണ്ടെത്താനായില്ല. ഉണ്ണിമേനോനും മറ്റുള്ളവരും അവരുടെ സ്ഥലം മുമ്പു തന്നെ ആര്‍ക്കോ വിറ്റു കഴിഞ്ഞിരുന്നു. ദാസേട്ടനും അവിടെ സ്ഥലം വാങ്ങിയിട്ടുണ്ടായിരുന്നു. അതു നിലവിലുണ്ടോ വിറ്റോ എന്നു നിശ്ചയമില്ല. നാല്‍പതിലധികം വര്‍ഷമായി കോടമ്പാക്കത്തു താമസിക്കുന്ന എനിക്ക് ഇന്നും മദിരാശിയില്‍ ഒരുതുണ്ട് ഭൂമിസ്വന്തമാക്കാന്‍ യോഗമുണ്ടായില്ല. വാങ്ങിയതാകട്ടെ എവിടെയാണെന്ന്​ കണ്ടെത്താനുമായില്ല. കോടമ്പാക്കത്ത് ഇന്നും ഞാന്‍ താമസിക്കുന്നത് വാടകക്കെട്ടിടത്തിലാണ്​. 

Tags:    
News Summary - kodampakkam stories-movies-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.