ശരറാന്തൽ തിരി താണു കിണറിൻ കരയിൽ

ഞാൻ ജനിച്ചു, പതിനഞ്ച് വയസ്സ് വരെ വളർന്നത്, അമ്മയുടെ കുടുംബ വീട്ടിലായിരുന്നു.  അച്ചാച്ചന്‍ എന്ന അപ്പൂപ്പനും, കുഞ്ഞമ്മയും, കുഞ്ഞമ്മയുടെ മോള്‍ കാര്‍ത്തിയും, അമ്മാവനും ഒക്കെയുള്ള വീട്. എ​​​​​െൻറ പാട്ടോർമകൾ വളരെ ചെറുതിലെ  തന്നെ  തുടങ്ങാന്‍ കാരണം  എഴുപതുകളില്‍  അന്ന്   സാധാരണകാരന്‍റെ‍ ആകെയുള്ള  വിനോദോപാധി  ആയിരുന്ന റേഡിയോ തന്നെ ആവണം. അമ്മയുടെ പ്രിയ സ്വത്തായ   ആ ബ്രൗണ്‍ ‘ട്രാൻസിസ്​റ്റർ  റേഡിയോ’.  എങ്ങനെ അതിന് ‘ട്രാൻസിസ്​റ്റർ’ എന്ന പേര് കിട്ടി എന്നത്‌, അന്ന്  എന്നെ ഏറെ കുഴക്കിയ വലിയൊരു ചോദ്യമായിരുന്നു.

ഗള്‍ഫില്‍ നിന്നു വന്ന ‍അടുത്ത വീട്ടിലെ അങ്കിള്‍ അച്ചാച്ചന്   കൊണ്ട്  കൊടുത്തതായിരുന്നു, ഒരു വലിയ ഗൾഫ് കുടയും, നീല പോക്കറ്റ്  റേഡിയോയും. ഒരു ചെവി കേൾക്കാൻ പറ്റാത്ത അച്ചാച്ചൻ, ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണ്‍   പിടിക്കുന്നതു പോലെ, ചെവിയോടു ചേര്‍ത്താണ് ആ പോക്കറ്റ്  റേഡിയോ  പിടിച്ചിരുന്നത്. എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴേ അമ്മാവന്‍റെ  മർഫിയുടെ മിണ്ടാട്ടം നിലച്ചിരുന്നു. വെറും കാഴ്ചക്ക് മാത്രമുള്ള വലിയൊരു പെട്ടി...
 
രാവിലെ എണീക്കുന്ന നേരത്ത് ഒരു ‘സുഭാഷിതം’ പരിപാടി ഉണ്ടായിരുന്നു. അതായത് അഞ്ചു മിനിറ്റ് നല്ല കാര്യങ്ങളെപ്പറ്റി ആദ്യം കേള്‍ക്കുക എന്ന  സദുദ്ദേശ്യത്തോടെ ആയിരിക്കണം അച്ഛന്‍  എന്നെ ആറ്​ മണിക്ക് വിളിച്ച് ഉണര്‍ത്തിയിരുന്നത്. സദുദ്ദേശവും കേട്ട് ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക്.

എന്‍റെ അമ്മ ഒരു മുക്കാല്‍ ഗായിക ആയിരുന്നു. അമ്മാവന്‍ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുമുണ്ട്. ഇത് കാരണം വീട്ടില്‍ എപ്പോഴും ആരെങ്കിലും പാടുന്നുണ്ടായിരിക്കും. ചുരുങ്ങിയത്​ ഒരു മൂളിപ്പാട്ട് എങ്കിലും....

അമ്മ  അടുക്കളയില്‍  ജോലി ചെയ്യുമ്പോള്‍ കൂട്ടായി ട്രാൻസിസ്റ്റർ റേഡിയോ അവിടെയുണ്ടാവും. അന്ന് രണ്ടു സ്റ്റേഷന്‍ മാത്രമേ തിരുവനന്തപുരത്ത്‌   കിട്ടിയിരുന്നുള്ളു. ആകാശവാണി തിരുവനന്തപുരവും, പിന്നെ വൈകിട്ട് ഹിന്ദി പാട്ട്  ഒഴുകുന്ന വിവിധ്ഭാരതി .

അമ്മ വെറുതെ പാട്ട് കേട്ടു കൊണ്ടിരിക്കില്ല. യേശുദാസിന്‍റെയും, ജയചന്ദ്രന്‍റെയും  പാട്ടുകള്‍ വരുമ്പോള്‍, അടുത്ത് നിൽക്കുന്ന എന്നോട് അമ്മ ചോദിക്കും ‘ആരാണ് പാടുന്നത്​...?’ എന്ന്. അപ്പോള്‍  ശബ്ദം കേട്ട് ഞാന്‍ പറയണം, ആരുടേതാണെന്ന്. മാത്രമല്ല, അവരോടൊപ്പം പാടി കൊണ്ടാണ് അമ്മ  ജോലിചെയ്തിരുന്നത്. സ്കൂളില്‍ പോകാന്‍ നേരം ഏതാണ്ട് 7-8 മണിക്കാണ് പ്രഭാതഭേരി.

ചലച്ചിത്രഗാനപരിപാടികളില്‍ മുന്നിൽ രഞ്ജിനി,  ഗാനസല്ലാപം,  സന്ധ്യാഗീതം (ഭക്തിഗാനങ്ങള്‍ ആയിരുന്നു). സ്കൂളില്‍ പോകുന്ന ദിവസങ്ങളില്‍ ‘രഞ്ജിനി’യാണ്  എനിക്ക് പാട്ടുകളുടെ ലോകം തുറന്നിട്ടത്.

പഴയ പാട്ടുകള്‍ മിക്കതും പരിചയപ്പെടുന്നതും ഇഷ്​ട പട്ടികയിൽ കയറിക്കൂടിയതും റേഡിയോയിൽ നിന്നുമായിരുനു. അന്നും, ഇന്നും.  

‘ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍’ (കായലും കയറും)
‘ഇളവന്നൂര്‍   മഠത്തിലെ  ഇണക്കുയിലേ’ (കടത്തനാട്ട്​ മാക്കം)
ഓ..ഓ...ആ...മൃദുലേ.....ഹൃദയമുരളിയിലൊഴുകി വാ (ഞാൻ ഏകനാണ്​)
കണ്ണും കണ്ണും.... തമ്മില്‍ തമ്മില്‍ (അങ്ങാടി)
മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍ മലരായി വിടരും നീ (സായൂജ്യം)
മിഴിഓരം നനഞ്ഞൊഴുകും മുകില്‍ മാലകളോ.... (മഞ്ഞിൽ വിരിഞ്ഞ പൂവ്​)
മൈനാകം കടലില്‍ നിന്നുയരുന്നുവോ (തൃഷ്​ണ)
വേഴാമ്പൽ കേഴും വേനൽ കുടീരം നീ (ഒാളങ്ങൾ)
തൊഴതുമടങ്ങും സന്ധ്യയുമേതോ (അക്ഷരങ്ങൾ)
കസ്തൂരി മാൻ മിഴി മലർ ശരമെയ്തു (മനുഷ്യമൃഗം)
രാഗേന്ദു കിരണങ്ങൾ  ഒളി വീശിയില്ല (അവളുടെ രാവുകൾ)
സുന്ദരീ , ആ ..നിൻ  തുമ്പ്  കെട്ടിയിട്ട ചുരുൾമുടിയിൽ .... (ശാലിനി എ​​​​​െൻറ കൂട്ടുകാരി)

ഇങ്ങനെ നോക്കിയാൽ ആ  ലിസ്റ്റ് തീരില്ല ...


അന്നൊക്കെ  ഒരു സിനിമ നടന്മാരെയും  അറിയില്ല. എന്നാലും ജയ​​​​​െൻറ സിനിമയിലെ പാട്ടുകള്‍ എനിക്കിഷ്ടമായിരുന്നു. എന്‍റെ ഈ പാട്ടുകളോടൊപ്പം ആളുകളുടെ മുഖം കടന്നു വന്നത് ‘ചിത്രഗീതം’  തുടങ്ങിയ ശേഷമാണ്.

അന്നും എന്നും എനിക്ക് ഏറ്റവും ഇഷ്ടം “ശരറാന്തല്‍ തിരി താണു ..” തന്നെ ആണ്. വരികളുടെ അര്‍ഥം അറിയില്ലെങ്കിലും, എനിക്ക് അതങ്ങു ‘ക്ഷ’ പിടിച്ചു.  ആര് , എപ്പോൾ ചോദിച്ചാലും ആ പാട്ടെന്നു തന്നെ പറയും. ഇപ്പോള്‍, എനിക്കിഷ്ടപ്പെട്ട ആ പാട്ടോര്‍മകളില്‍ മുങ്ങി തപ്പിയാല്‍  മനസ്സിലാകും മിക്കതും ‘വിരഹ’ , 'പ്രണയ' ഗണത്തില്‍ പെടുന്നവ ആണ്.

‘ഉണ്ണി ആരാരിരോ....’ എൻ്റെ  എന്നത്തെയും പ്രിയപ്പെട്ട താരാട്ടു പാട്ടാണ് ....

ഞാന്‍ എൽ.കെ.ജിയലോ യു.കെ.ജിയ​ിലോ പഠിച്ചിട്ടില്ല. നേരെ ഒന്നിലേക്ക് ചാടുകയായിരുന്നു. അതുകൊണ്ട് ഇപ്പോഴും കേള്‍ക്കുന്ന ഈ പാട്ടുകള്‍, അര്‍ഥമറിയാതെ  തന്നെ ഞാന്‍ ഹൃദിസ്ഥമാക്കുന്നു. ഏറ്റവും ഇഷ്ടമുള്ള പാട്ട് അന്നും, ഇന്നും ‘ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍’ തന്നെ.

അന്ന് അമ്മ പറഞ്ഞു, വലുതാവുമ്പോള്‍ പുതിയ പാട്ടുകള്‍ വരും അപ്പോള്‍ വേറെ ഇഷ്ടം ആയിരിക്കും. 37 വര്‍ഷത്തിനു ശേഷവും എന്‍റെ പ്രിയപ്പെട്ട പാട്ട് അത് തന്നെയാണ്.

വീട്ടിലെ ഒറ്റപ്പെടലില്‍ (സ്കൂളില്‍ പോണില്ല) അമ്മയ്ക്ക് അടുക്കളയില്‍ തിരക്ക്, അടുത്ത വീടിലെ കുട്ടികളോടൊപ്പം ‘നാട് തെണ്ടാന്‍’ അനുവാദം  ഇല്ല. ഞാന്‍ സ്വയം ദുഃഖ കന്യക ആയി  സങ്കല്‍പ്പിച്ചു ഈ പാട്ടൊക്കെ  പാടി, കിണറിന്‍റെ ആരും കാണാത്ത മറവില്‍, ഈര്‍പ്പമുള്ള മണലില്‍ അങ്ങനെ ഇരിക്കും. അവിടെ നില്‍ക്കുന്ന മാതള ചെടിയും, നാലുമണി പൂക്കളും, തുമ്പയും ഒക്കെയാണ് എന്‍റെ കേൾവിക്കാർ.

അമ്മയ്ക്കും, അമ്മാവനും ഈശ്വരന്‍ കൊടുത്ത കഴിവ് ദൈവം എനിക്ക് തന്നില്ല. എന്നാല്‍ കാര്‍ത്തി സ്കൂളില്‍ പാടി സമ്മാനം വാങ്ങിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു. ഒരു  തലമുറക്ക്‌ ശേഷം, എന്‍റെ മകളിലേക്ക്​ ദൈവം നീട്ടിയ അനുഗ്രഹത്തി​​​​​െൻറ കൈകൾ.

ഇന്ന് ഞാൻ ജനിച്ച ആ വീടില്ല. അവിടത്തെ പുകക്കറപിടിച്ച  വിറകടുപ്പില്ല. അതിനെ മുകളിൽ അമ്മ വെച്ചിരുന്ന ‘ബ്രൗൺ ട്രാൻസിസ്റ്റർ റേഡിയോ’ ഇല്ല . മൊബൈൽ ഫോൺ പോലെ, പോക്കറ്റ് റേഡിയോ ചെവിയോട്​ ചേർത്തുപിടിച്ചിരുന്ന അച്ചാച്ചനും കടന്നുപോയി.
 


പക്ഷേ, ഇന്നും  അമ്മ  അടുക്കളയിൽ റേഡിയോ വെച്ചിട്ടുണ്ട്. രാത്രിയും, രാവിലെയും അമ്മ അത് കേൾക്കും.  ഇടയ്​ക്കെപ്പോഴെ​ങ്കിലും ആ പാട്ട്​ എവിടെ നിന്നെങ്കിലും കേൾക്കും. യേശുദാസി​​​​​െൻറ ശബ്​ദം. പൂവച്ചൽ ഖാദറി​​​​​െൻറ വരികൾ. കെ.വി. മഹാദേവ​​​​​െൻറ സംഗീതം.
‘ശരറാന്തൽ തിരി താഴ്ന്നു മുകിലിൻ കുടിലിൽ ..’
കേൾക്കുമ്പോൾ.... ഉള്ളൊന്നു ആളും .... കിണറ്റിൻ കരയിലെ ഇൗർപ്പമുള്ള മറവിലിരുന്ന്​ പൂക്കളോടും മാതള ചെടിയോടും ആരോ പാടു പാട്ട്​ പാടാൻ ഒരുങ്ങുന്ന പോലെ.

പ്രണയമില്ലാതിരുന്നിട്ടു കൂടി പ്രണയ/വിരഹ ഗാനങ്ങളെ മാത്രം  നെഞ്ചോടു ചേർത്ത ആ ഒരു നാലു വയസ്സുകാരിയെ ഒാർമവരും. എ​​​​​െൻറ നഷ്ടസ്വപ്നങ്ങളിൽ പലത് .....

നൊമ്പരം, വിഷാദം, വിരഹം   ഇതൊക്കെ നിഴലിക്കുന്ന പാട്ടുകളാണ് എനിക്ക് പ്രിയം.  അതിന്‍റെ കാരണം അറിയില്ല. ഒരു പക്ഷേ അന്ന്  "ജിമുക്കി കമ്മല്‍ "  ഇല്ലാതിരുന്നതിനലാവാം.

കമ്പ്യൂട്ടർ എഞ്ചിനീയർ ആയ സ്വാതി ശശിധരൻ സകുടുംബം അയർലൻഡിൽ താമസിക്കുന്നു
 

 

Full View
Tags:    
News Summary - kayalum kayarum paattorma swathi sasidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.