‘കളങ്കാവലിനെ സ്വീകരിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി- വിനായകന് ഒപ്പം മമ്മൂട്ടി

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം 'കളങ്കാവൽ' കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ മികച്ച കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 'കളങ്കാവൽ' ആദ്യ ദിനം 4.75 കോടി രൂപ നേടി. കളങ്കാവൽ എന്ന ചിത്രത്തിലെ ഒരു ഫോട്ടോ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തുടർന്ന് മമ്മൂട്ടിയും വിനായകനും ചേർന്ന് നന്ദി പറയുന്ന വിഡിയോയും മമ്മൂട്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

‘കഴിഞ്ഞ രണ്ട് ദിവസങ്ങൾ നൽകിയ അനുഭവം വാക്കുകൾക്ക് അതീതമാണ്. റിലീസ് ചെയ്തത് മുതൽ കളങ്കാവലിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം എന്നെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുന്നു. എന്റെ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിന് നന്ദി’ എന്നാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ച് കുറിച്ചത്.

‘നമസ്ക്കാരം. ഞങ്ങൾ രണ്ട് പേരും ചേർന്ന് അഭിനയിച്ച കളങ്കാവൽ എന്ന സിനിമ ഒരു വലിയ വിജയമാക്കി തന്നതിന് എല്ലാ പ്രേക്ഷകരോടും നന്ദി പറയാനാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. താരതമ്യേന പുതിയ എഴുത്തുകാരും ഒരു പുതിയ സംവിധായകനും കുറെ പുതിയതും പഴയതുമായ ഈ സിനിമക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ പേരിലും അവരുടെ എല്ലാവരുടെയും പേരിലും ഈ സിനിമ കണ്ട മലയാളി പ്രേക്ഷകരോടും ഭാഷ ഭേദമന്യേ ഞങ്ങൾ നന്ദി പറയുന്നു. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും എല്ലാ ഭാഷയിലുള്ള ആൾക്കാരും ഈ സിനിമ കണ്ടിട്ടുണ്ട്. അവരോട് എല്ലാവരോടും മലയാളത്തിലാണ് നന്ദി പറയുന്നത് എന്നേ ഉള്ളൂ. അവർക്ക് മനസിലായിക്കോളും എന്ന് വിചാരിക്കുന്നു. നന്ദി,നന്ദി,നന്ദി.. എന്നാണ് വിനായകന് ഒപ്പമുള്ള വിഡിയോ പങ്കുവെച്ച് മമ്മൂട്ടി പറഞ്ഞത്.


കേരള-തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന തുടരക്കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് കളങ്കാവൽ എന്ന സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി വിനായകൻ എത്തുമ്പോൾ, തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ മമ്മൂട്ടി കൗതുകപൂർവ്വം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.

Tags:    
News Summary - Mammootty and Vinayakan thanks fans for Kalamkaval's success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.