തൃശൂർ: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസ്സിലാകുമെന്ന് അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തൃശൂരിൽ അതിജീവിതയുടെ വീട്ടിൽ വെച്ചാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
‘നാലുകൊല്ലം മുമ്പ് ഞാൻ പറഞ്ഞ വിധി തന്നെയാണ് ഇന്ന് വന്നിരിക്കുന്നത്. നേരത്തെ എഴുതിവെച്ച വിധിയാണിത്. ഇതിനപ്പുറം പ്രതീക്ഷിച്ചിട്ടില്ല. കൈയിൽ കിട്ടിയ ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും സാക്ഷികൾ ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാൻ പറ്റുമോ എന്ന് സംശയമുണ്ട്.
ഇപ്പോഴും ഞാൻ അവളോടൊപ്പം തന്നെയാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെ വീട്ടിലെത്തിയത്. അയാൾ നിഷ്‍കളങ്കൻ എന്നു ആരൊക്കെ പറഞ്ഞാലും ഞങ്ങൾ ആരും വിശ്വസിക്കാൻ പോകുന്നില്ല. മരണം വരെ അവളോടൊപ്പം നിൽക്കും.
എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്ന ഓരോരുത്തർക്കും മനസ്സിലാകും. അതിജീവിത ഇതുവരെ അനുഭവിച്ച ട്രോമയൊക്കെ മതി. ഇനി ഇതിനേക്കാൾ ഒന്നും അവൾക്ക് പറയാനില്ല. ഇത്തരത്തിലുള്ള അനുഭവങ്ങളെ അതിജീവിക്കുന്ന പെൺകുട്ടികൾക്ക് മാതൃകയായാണ് ഈ കേസിൽ അവൾ നിലകൊണ്ടത്.
ഇനി എന്തുചെയ്യണം എന്ന് ഞങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്നു. അത് വരും ദിവസങ്ങളിൽ അവൾ തന്നെ പറയും. 95 ശതമാനം കേരളീയരും അവളോടൊപ്പം നിന്നവരാണെന്ന് നമുക്ക് അറിയാം. കേസിൽ കൂറുമാറിയവരും പ്രതിക്കൊപ്പം നിൽക്കുന്നവരും മനസ്സിലാക്കേണ്ടത്, ഇത് ഒരു സ്ത്രീയുടെ കേസാണെന്നാണ്. സ്വന്തത്തിനും അവനവന്റെ വീട്ടിലും അവനവന്റെ സഹോദരിമാർക്കും പെൺമക്കൾക്കും ഇത്തരം ഒരവസ്ഥ വരുമ്പോൾ അന്നവർ പഠിക്കും’ -ഭാഗ്യലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.