ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടിയും സഹപ്രവർത്തകരും. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ സെറ്റിലാണ് ‘പ്രിയ ലാലുവിന് ഇച്ചാക്കയുടെ ആദരം’ സംഭവിച്ചത്.
ബൊക്കെ നൽകി, ഷാൾ അണിയിച്ച ഫോട്ടോ മമ്മൂട്ടി തന്നെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ‘ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവം’ എന്ന് ചടങ്ങിന്റെ ദൃശ്യത്തിനൊപ്പം മമ്മൂട്ടി കുറിച്ചു. ഫാൽകെ പുരസ്കാരം ഏറ്റുവാങ്ങിയശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കാണുന്നത്. ‘പാട്രിയറ്റി’ന്റെ അവസാന ഷെഡ്യൂൾ ശനിയാഴ്ച കൊച്ചിയിൽ ആരംഭിച്ചപ്പോഴായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
അതേസമയം, വിജ്ഞാൻ ഭവനിൽ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ വെച്ചാണ് പ്രസിഡന്റ് ദ്രൗപതി മുർമു മോഹൻലാലിന് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചത്. ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ രജനികാന്ത്, അക്കിനേനി നാഗേശ്വര റാവു, രാജ്കുമാർ, ശിവാജി ഗണേശൻ തുടങ്ങിയ നടന്മാർക്ക് മാത്രമേ ഇതുവരെ അവാർഡ് ലഭിച്ചിട്ടുള്ളൂ.
സിനിമ മേഖലക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നൽകിവരുന്ന പുരസ്ക്കാരത്തിന് മലയാളത്തിൽ നിന്നും 2004ൽ അടൂർ ഗോപാലകൃഷ്ണൻ അർഹനായിരുന്നു. എങ്കിലും, ഫാൽക്കെ പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള നടൻ മോഹൻലാലാണ്.
17 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. ട്വന്‍റി-ട്വന്‍റി എന്ന ചിത്രത്തിലാണ് പ്രധാന കഥാപാത്രങ്ങളായി അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. കുഞ്ചാക്കോ ബോബൻ, നയൻതാര, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.