സചിനൊപ്പം ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് സലിൽ അങ്കോള. തന്‍റെ ക്രിക്കറ്റ് കരിയർ അവസാനിച്ചതിനുശേഷം ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ് അദ്ദേഹം കടന്നുപോയത്. കെഹ്താ ഹേ ദിൽ, കോര കാഗസ്, വിക്രാൽ ഔർ ഗബ്രാൽ തുടങ്ങിയ വിവിധ ടെലിവിഷൻ ഷോകളിൽ അദ്ദേഹം പങ്കാളിയായി. എന്നാൽ ആ സമയത്ത് കടുത്ത മദ്യപാനിയായിരുന്നു സലിൽ. ഇപ്പോഴിതാ, തന്റെ ജീവിതത്തിലെ കഷ്ടത നിറഞ്ഞ സമയത്തെക്കുറിച്ച് തുറന്നുപറയുകയുകയാണ് സലിൽ. 1997ൽ ക്രിക്കറ്റ് നിർത്തിയതിനുശേഷമാണ് താൻ മദ്യപിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പങ്കുവെച്ചു.
തന്റെ യൂട്യൂബ് ചാനലിൽ വിക്കി ലാൽവാനിയുമായുള്ള സംഭാഷണത്തിലായിരുന്നു സലിൽ തുറന്നുപറച്ചിൽ നടത്തിയത്. 'എത്ര കുടിക്കണമെന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. വർഷങ്ങളായി അത് സംഭവിച്ചു. 24 മണിക്കൂറും ഉണർന്നിരിക്കുകയാണെങ്കിൽ 24 മണിക്കൂറും മദ്യപിക്കും. അതായിരുന്നു എന്റെ രക്ഷപ്പെടൽ രീതി' -അദ്ദേഹം പറഞ്ഞു. 1999 മുതൽ 2011 വരെ ക്രിക്കറ്റ് കാണുന്നത് പോലും നിർത്തിയതായി അദ്ദേഹം പറഞ്ഞു. അത് പഴയ മുറിവുകൾ വീണ്ടും വളരാൻ കാരണമാകും എന്നതിനാലാണ് ക്രിക്കറ്റ് കാണുന്നത് നിർത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'സുഹൃത്തുക്കളും കുടുംബാംഗങ്ങളും എന്‍റെ മദ്യപാനം തടയാൻ ശ്രമിച്ചിരുന്നു. പക്ഷേ അത് ഒരു വ്യക്തിയുടെ ഇഷ്ടമായിരിക്കും. ഒരുപക്ഷേ ഞാൻ അന്ന് നിർത്താൻ തയാറായിരുന്നില്ലായിരിക്കാം. ഞാൻ പല പുനരധിവാസ കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. പലതവണ മദ്യം ഉപേക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ അത് നടന്നില്ല' -അദ്ദേഹം പറഞ്ഞു. 2011ലെ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലും ഫൈനലും താൻ റീഹാബിലാണ് കണ്ടതെന്ന് അദ്ദേഹം ഓർമിച്ചു. ഒരു ദശാബ്ദത്തിന്‍റെ ഇടവേളക്ക് ശേഷം അദ്ദേഹം ആദ്യമായി ക്രിക്കറ്റ് കാണുന്ന സമയമായിരുന്നു അത്.
'മദ്യപാനത്തെ ആളുകൾ ഒരു ശീലമായിട്ടാണ് കരുതുന്നത്. എന്നാൽ മദ്യപാനം ഒരു ശീലമല്ലെന്നും രോഗമാണ് അദ്ദേഹം പറഞ്ഞു. 'ദൈവം ദയയുള്ളവനാണ്. ഞാൻ ജീവിച്ചിരിക്കേണ്ടതല്ലായിരുന്നു. 2014ൽ തന്നെ മരിക്കുമായിരുന്നു. മദ്യപാനം കാരണം 12 തവണ ഐ.സി.സി.യുവിൽ പ്രവേശിപ്പിച്ചു. മരിച്ചതായി കരുതി മൂന്ന് തവണ ഉപേക്ഷിക്കപ്പെട്ടു' -സലിൽ പറഞ്ഞു.
രണ്ടാം ഭാര്യയെ കണ്ടുമുട്ടിയതോടെയാണ് തനിക്ക് മദ്യത്തിൽ നിന്ന് മുക്തി നേടാൻ കഴിഞ്ഞതെന്ന് സലിൽ അങ്കോള പങ്കുവെച്ചു. ഫേസ്ബുക്ക് വഴിയാണ് തങ്ങൾ കണ്ടുമുട്ടിയതെന്നും രോഗം തന്റെ മനസ്സിലും ശരീരത്തിലും വരുത്തിവെക്കുന്ന ആഘാതം മനസ്സിലാക്കിയ ഡോക്ടറായ അവർ തന്നെ സഹായിച്ചെന്നും അദ്ദേഹം പങ്കുവെച്ചു. പിന്നീട് സലിൽ അഭിനയത്തിലേക്ക് തിരിച്ചെത്തി. പാമ്പാട്ടം എന്ന തമിഴ് ചിത്രമാണ് നിലവിൽ സലിലിന്‍റേതായ അവസാന റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.