ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ 90-ാം പിറന്നാളാണ് ഇന്ന്. ഇപ്പോഴിതാ വികാര നിർഭരമായ കുറിപ്പുമായി സണ്ണി ഡിയോളും ഇഷ ഡിയോളും എത്തിയിരിക്കുകയാണ്. ധർമേന്ദ്രയുടെ ഒരു പഴയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സണ്ണി ഡിയോൾ കുറിച്ചത്. ഇഷയാകട്ടെ പിതാവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കുറിപ്പിട്ടത്. പപ്പ എപ്പോഴും എന്‍റെ കൂടെയുണ്ട്, എന്‍റെ ഉള്ളിലുണ്ട്. ലവ് യൂ, പപ്പാ. മിസ് യൂ എന്ന് സണ്ണി കുറിച്ചപ്പോൾ നിങ്ങളുടെ പൈതൃകം അഭിമാനത്തോടെയും ബഹുമാനത്തോടെയും തുടരുമെന്ന് ഞാൻ വാക്ക് നൽകുന്നുവെന്ന് ഇഷ പറയുന്നു.
‘ഇന്ന് എന്‍റെ പിതാവിന്‍റെ ജന്മദിനമാണ്. പപ്പ എപ്പോഴും എന്‍റെ കൂടെയുണ്ട്, എന്‍റെ ഉള്ളിലുണ്ട്. ലവ് യൂ, പപ്പാ. മിസ് യൂ. മലകളും മനോഹരമായ കാഴ്ചകളുമൊക്കെ ആസ്വദിച്ച് നിൽക്കുന്ന ധർമേന്ദ്രയുടെ ഒരു പഴയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സണ്ണി ഈ കുറിപ്പ് എഴുതിയത്. ‘ഞാനിത് ശരിക്കും ആസ്വദിക്കുന്നു, എന്‍റെ മോനേ. ഇത് മനോഹരമാണ്. എന്ന് ധർമേന്ദ്ര വിഡിയോയിൽ സണ്ണിയോട് പറയുന്നുമുണ്ട്.
‘എന്‍റെ പ്രിയപ്പെട്ട പപ്പക്ക്, നമ്മുടെ ഉടമ്പടി, ഏറ്റവും ശക്തമായ ബന്ധം. ഈ ജന്മങ്ങളിലും എല്ലാ ലോകങ്ങളിലും അതിനപ്പുറവും നമ്മൾ നമ്മളായി തുടരും. നമ്മൾ എപ്പോഴും ഒരുമിച്ചാണ് പപ്പാ. സ്വർഗ്ഗത്തിലായാലും ഭൂമിയിലായാലും നമ്മൾ ഒന്നാണ്. ഈ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ വാത്സല്യത്തോടെയും, ശ്രദ്ധയോടെയും, അമൂല്യമായും എന്‍റെ ഹൃദയത്തിൽ ആഴത്തിൽ, ആഴത്തിൽ സൂക്ഷിച്ചിരിക്കുന്നു. അമൂല്യമായ ഓർമകൾ, ജീവിത പാഠങ്ങൾ, ഉപദേശങ്ങൾ, വഴികാട്ടൽ, വാത്സല്യം, നിരുപാധികമായ സ്നേഹം, അന്തസ്സ്, ഒരു മകൾക്ക് നിങ്ങൾ നൽകിയ കരുത്ത് ഇതൊന്നും മറ്റൊന്നിനും പകരം വെക്കാനാവില്ല.
എനിക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു പപ്പാ... നിങ്ങളുടെ വാത്സല്യമുള്ള ആശ്ലേഷങ്ങൾ, നിങ്ങളുടെ ശക്തമായ കൈകൾ, എന്‍റെ പേര് വിളിച്ചുകൊണ്ടുള്ള നിങ്ങളുടെ ശബ്ദം, അതിനെ തുടർന്നുണ്ടായിരുന്ന അവസാനമില്ലാത്ത സംഭാഷണങ്ങളും ചിരികൾ. നിങ്ങളുടെ പൈതൃകം അഭിമാനത്തോടെയും ബഹുമാനത്തോടെയും തുടരുമെന്ന് ഞാൻ വാക്ക് നൽകുന്നു. എന്നെപ്പോലെ നിങ്ങളെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് നിങ്ങളുടെ സ്നേഹം പകരനായി ഞാൻ എന്‍റെ പരമാവധി ശ്രമിക്കും.ഞാൻ നിങ്ങളെ സ്നേഹിക്കുന്നു പപ്പാ. നിങ്ങളുടെ പ്രിയപ്പെട്ട മകൾ, നിങ്ങളുടെ ഇഷ, നിങ്ങളുടെ ബിട്ടു’-എന്നാണ് ഇഷ ഇൻസ്റ്റയിൽ കുറിച്ചത്.
നവംബർ 24നാണ് ധർമേന്ദ്ര മരിച്ചത്. മുംബൈയിലായിരുന്നു അന്ത്യം. 90-ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയായിരുന്നു ധർമേന്ദ്രയുടെ വിടവാങ്ങൽ. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ബോളിവുഡിന്‍റെ 'ഹീ-മാൻ' എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ ചലച്ചിത്ര പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്. ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുന്ന 'ഇക്കിസ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്‍റെ അവസാന ഓൺ-സ്ക്രീൻ പ്രകടനം.
ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമേന്ദ്ര 1960ൽ 'ദിൽ ഭീ തേരാ ഹം ഭീ തേരെ' എന്ന ചിത്രത്തിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2012ൽ ഭാരത സർക്കാരിന്‍റെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ യാദോൻ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കർ ബീവി കാ, ഫൂൽ ഔർ പത്ഥർ, ബേതാബ്, ഘായൽ തുടങ്ങിയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.