നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടിന്മാരായ റിമ കല്ലിങ്കലും പാർവതി തിരുവോത്തും രമ്യ നമ്പീശനും. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. 'എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. 'എന്ത് നീതി? സസൂക്ഷ്മം തയാറാക്കിയ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്' എന്നാണ് പാര്‍വതി കുറിച്ചത്. രമ്യ നമ്പീശനും അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ ഇന്‍സ്റ്റയിൽ സ്റ്റോറിയായിട്ട് ഇട്ടിട്ടുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
2017 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിൽനിന്ന് ഒരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു നടി. അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞ് അതിക്രമിച്ച് കയറിയ അക്രമി സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട നടി, സംവിധായകനും നടനുമായ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്. അദ്ദേഹത്തിൽനിന്ന് വിവരമറിഞ്ഞ അന്തരിച്ച പി.ടി. തോമസ് എം.എൽ.എ വിഷയം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനു പിന്നാലെയാണ് കേസ് വലിയ ചർച്ചയാവുന്നത്.
പല നാടകീയ സംഭവങ്ങൾക്ക് ശേഷം ദിലീപിന്റെ അറസ്റ്റ്, ആഴ്ചകൾ നീണ്ട ജയിൽവാസം തുടങ്ങിയ സംഭവ പരമ്പരകൾക്കും കേരളം സാക്ഷിയായി. നടിയെ ആക്രമിക്കാൻ ദിലീപും പൾസർ സുനിയും ചേർന്ന് ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ദിലീപിന്റെ ഇടപെടൽ വ്യക്തമായതോടെ അതുവരെ താരത്തെ സംരക്ഷിച്ച താരസംഘടനയായ അമ്മയും അദ്ദേഹത്തെ കൈവിട്ടു. സഹതാരങ്ങളായ പലരും തുടക്കത്തിൽ നടിക്കൊപ്പം നിൽക്കുകയും പിന്നീട് കൂറുമാറുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പിന്നീട് മലയാള സിനിമയിലും വലിയ മാറ്റങ്ങളും സംഭവവികാസങ്ങളും അരങ്ങേറി. ഡബ്ല്യു.സി.സി രൂപവത്കരണവും സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിച്ചതുമെല്ലാം ഇതിന്റെ തുടർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.