വിവാദങ്ങൾക്കിടയിലും ബോക്സ് ഒാഫീസ് ഹിറ്റുകൾ സമ്മാനിച്ച വർഷം 

വിവാദങ്ങളുടേതായിരുന്നു ഒരു വർഷത്തെ സിനിമാ കാലം. ഹോളിവുഡിൽ ആരംഭിച്ച 'മീ ടൂ കാമ്പയിൽ’ മുതൽ മലയാളത്തിലെ നടിയെ അക്രമിച്ച കേസ് വരെ ചൂടേറിയ ചർച്ചയായി കത്തിപ്പടർന്നു. അതിനിടക്ക് സെൻസർ ബോർഡിന്‍റെ കത്രികവെക്കലും. പദ്മാവതിയും വിജയ് സിനിമയായ മെർസലിന് നേരെയുള്ള ബി.ജെ.പിയുടെ ആക്രോശങ്ങളുമെല്ലാം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ തെല്ലൊന്നുമല്ല 'ബേജാറാ'ക്കിയത്. മുൻ വർഷങ്ങളിൽ കാണാത്ത തരം ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലായിരുന്നു സിനിമയുടെ പേരിൽ നടന്നത്. എന്നാൽ അതിനിടയിലും വമ്പൻ കളക്ഷൻ നേടിയും അല്ലാതെയും ചില ചിത്രങ്ങൾ സിനിമാപ്രേമികൾ നെഞ്ചേറ്റി. 

ഏത് ഭാഷയിലായാലും നല്ല ചിത്രങ്ങളിൽ എല്ലാ വർഷവും ചിലയാളുകൾ ഇടം പിടിക്കുന്നുവെന്ന കാര്യം എടുത്ത് പറയേണ്ടതുണ്ട്. ഹിന്ദിയിൽ നവാസുദ്ദീൻ സിദ്ദീഖി, ഇർഫാൻ ഖാൻ, രാജ്കുമാർ റാവു എന്നിവർ വിപണി വിജയത്തിനപ്പുറം നല്ല സിനിമകളുടെ ഭാഗമാകാനാണ് ശ്രമിച്ചത്. തമിഴിേലക്ക് വരുമ്പോൾ വിജയ് സേതുപതിയിലും മലയാളത്തിൽ ഫഹദ് ഫാസിലിലും അത് കാണാം. ബോളിവുഡ് ചിത്രങ്ങളേക്കാൾ പ്രാദേശിക ഭാഷാ ചിത്രങ്ങളിലെല്ലാം വലിയ മാറ്റം കാണാനാകുന്നുണ്ട്. എന്നാൽ ബോളിവുഡിൽ ആ മാറ്റം ചെറിയ തരത്തിൽ മാത്രമാണ് സംഭവിക്കുന്നത്. ബോളിവുഢിൽ അധികവും മാറ്റങ്ങൾ തോന്നിപ്പിക്കാത്ത തരത്തിലുള്ള കച്ചവട ചിത്രങ്ങളാണിറങ്ങുന്നത്. എന്നാൽ പ്രാദേശിക ഭാഷാ ചിത്രങ്ങളെല്ലാം മാറ്റങ്ങളിൽ നിന്ന് മാറ്റങ്ങളേലേക്കാണ്. 

ബാഹുബലി; ബ്ലോക് ബസ്റ്റർ

ബാഹുബലിയുടെ ഒന്നാം ഭാഗം നേടിയ വിജയത്തേക്കാൾ വലിയ നേട്ടമാണ് രണ്ടാം ഭാഗം നേടിയത്. 'കട്ടപ്പ' എന്തിന് ബാഹുബലിയെ കൊന്നുവെന്ന ഒന്നാം ഭാഗം അവശേഷിപ്പിച്ച ചോദ്യത്തിന്‍റെ വലിയ ഉത്തരമായിരുന്നു രണ്ടാം ഭാഗം. ആ ആകാംക്ഷ കൂടിയായിരിക്കാം ചിത്രത്തിന്‍റെ വിജയത്തിന് കാരണമായത്. 250 കോടി മുതൽ മുടക്കിലെടുത്ത ചിത്രം 1700 കോടിയോളം രൂപ ആഗോള റിലീസിങ്ങിലൂടെ നേടി ഇതോടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാം ചിത്രമെന്ന റെക്കോർഡും ചിത്രം നേടി. ആമിർ ഖാന്‍റെ ദംഗലാണ് ഏറ്റവും വലിയ കളക്ഷനുള്ള ഇന്ത്യൻ ചിത്രം. ഈ ചിത്രത്തോടെ തെലുങ്ക് സിനിമയുടെ ഭാഗമായിരുന്ന പ്രഭാസും രാജമൗലിയും ഇന്ത്യൻ സിനിമയുടെ മുഖമായി മാറി. 


ബോളിവുഡ് ഹിറ്റുകൾ
വിവാദങ്ങൾക്കിടയിലും വാണിജ്യ വിജയം നേടിയ ഒരു പിടി ചിത്രങ്ങൾ ബോളിവുഡിലുണ്ടായി. ഗോൽമാൽ എഗേൻ, ജുദ്വാ 2, റഈസ്, ടോയ്ലറ്റ് ഏക് പ്രേം കഥ, കാബിൽ, ട്യൂബ് ലൈറ്റ്, ബദ്രി കി ദുൽഹനിയ, ജോളി എൽ.എൽ.ബി, ജബ് ഹരി മെറ്റ് സേജൽ, സീക്രട്ട് സൂപ്പർ സ്റ്റാർ എന്നിവ വിപണി വിജയം കൊയ്തു. ജബ് ഹരി മെറ്റ് സേജൽ ആദ്യദിന കളക്ഷനിൽ പിന്നിലായിരുന്നുവെങ്കിലും പിന്നീട് കളക്ഷൻ നേടി. 

നിരാശപ്പെടുത്തിയ ബോളിവുഡ് ചിത്രങ്ങൾ
നൂർ, ബീഗം ജാൻ, ജഗ്ഗാ ജസൂസ്, റങ്കൂൺ, ഹസീന പാർക്കർ, റബ്ത, സർക്കാർ 3, ലക്നൗ സെൻട്രൽ, ഒ.കെ ജാനു എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ നിരാശപ്പെടുത്തി. 

മികച്ച ബോളിവുഡ് ചിത്രങ്ങൾ
നവാസുദ്ദീൻ സിദ്ദീഖിയുടെ ഹരാംകോർ, രാജ്കുമാർ റാവുവിന്‍റെ ട്രാപ്പ്ഡ്, ന്യൂട്ടൻ, ഇർഫാന്‍ ഖാന്‍റെ ഹിന്ദി മീഡിയം, ഖരീബ്, ഖരീബ് സിംഗ്ളേ, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ എന്നീ ചിത്രങ്ങൾ നിരൂപക പ്രശംസ പിടിച്ചുപറ്റി. ഇതിൽ ന്യൂട്ടൻ ഒാസ്കാർ പുരസ്കാര പട്ടികയിൽ ഇടം പിടിച്ചത് വലിയ നേട്ടമായി. 

മലയാള സിനിമ
വിവാദങ്ങളുടെ കൊടുങ്കാറ്റുകളിൽ ആടിയു​ലയുന്നതായിരുന്നു മലയാള സിനിമ. നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ സിനിമ മേഖലയെ സംബന്ധിച്ച് നിലനിന്ന പൊതുബോധം ഊട്ടി‍യുറപ്പിക്കപ്പെടുകയായിരുന്നു. മലയാള സിനിമ വ്യവസായം ഒന്നടങ്കം ഈ വിഷയത്തിൽ പ്രതിക്കൂട്ടിലായി. തുടർന്നുണ്ടായ വിവാദങ്ങൾ മലയാള ചലച്ചിത്ര വ്യവസായത്തിന് കോട്ടം തട്ടിച്ചുവെന്നത് വാസ്തവമാണ്. വിവാദങ്ങൾ താര സംഘടനയായ അമ്മയിലും വിള്ളലുണ്ടാക്കി. അത് വനിതാ സംഘടനയായ ‘വിമൻ ഇൻ സിനിമാ കലക്ടീവി’ന്‍റെ പിറവിക്കു കാരണമാകുകയും ചെയ്തു. എന്നാൽ, ഈ വിവാദങ്ങൾ ചില നല്ല ചർച്ചകൾക്ക് കൂടി തുടക്കമിടുകയായിരുന്നു. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത സജീവ ചർച്ചയാകുകയും നടൻ പൃഥ്വിരാജ് താനൊരിക്കലും അത്തരം ചിത്രത്തിന്‍റെ ഭാഗമാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

അതേസമയം, വിവാദങ്ങൾക്കിടയിലും ഒരു പിടി നല്ല ചിത്രങ്ങളും പുറത്തിറങ്ങിയ വർഷമായിരുന്നു കടന്നുപോയത്​. 120ലധികം സിനിമകളാണ് കഴിഞ്ഞ വർഷം മലയാളത്തിലായി പുറത്തിറങ്ങിയത്. എല്ലാ വർഷവും പോലെ വിവിധ ശ്രേണിയിലുള്ള ചിത്രങ്ങളായിരുന്നു അവ. സൂപ്പർതാരങ്ങളെ നോക്കിയല്ല, മികച്ച ചിത്രങ്ങൾ നോക്കി പ്രേക്ഷകർ കയറിയെന്നത് ശുഭസൂചന നൽകുന്നു. അതുകൊണ്ടാവാം ‘പോത്തേട്ടൻ ബ്രില്യൻസും’ ‘ലിജോ ജോസ് മാജികും’ കാണാനായി മാത്രം ജനം തിയറ്ററിലേക്ക്​ കയറിയത്​.  സുപ്പർ താര സിനിമയിൽ നിന്ന് സംവിധായകരുടെ സിനിമയിലേക്കുള്ള ഈ മാറ്റം വരുംകാലങ്ങളിലും നല്ല ചിത്രങ്ങളുടെ വസന്തമൊരുക്കുമെന്ന്​ പ്രതീക്ഷിക്കാം. 


താര ചിത്രങ്ങളിൽ നിന്ന് നല്ല ചിത്രങ്ങളിലേക്ക് 
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’, മഹേഷ് നാരായണന്‍റെ ‘ടേക് ഒാഫ്’, സൗബിൻ ഷാഹിറി​​​​​െൻറ ‘പറവ’ എന്നീ ചിത്രങ്ങൾ സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലാതെയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. പറവയിൽ ദുൽഖർ അതിഥി റോളിലെത്തിയെന്ന കാര്യം മറക്കുന്നില്ല. 

ആദ്യചിത്രമായ ‘മഹേഷിന്‍റെ പ്രതികാര’ത്തിലൂടെ മലയാളത്തിൽ റിയലിസ്റ്റിക് ആഖ്യാനത്തിന്‍റെ പുതിയ തലം വരച്ചിട്ട ദിലീഷ് പോത്തന്‍റെ രണ്ടാം ചിത്രവും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. റിയലിസ്റ്റിക് ആഖ്യാനത്തിൽ മറ്റൊരു മികച്ച സിനിമയായി ഇതും മാറി. അതു കൊണ്ടാവും പോത്തേട്ടൻ ബ്രില്യൻസിന് വീണ്ടും നിറഞ്ഞ കൈയ്യടി ലഭിച്ചത്. പിന്നീട് ചിത്രത്തിലുള്ള ബ്രില്യൻസുകളെ ആരാധകർ ഫേസ്ബുക്ക് ടേബിളിലിട്ട്​ പോസ്റ്റ്മോർട്ടം ചെയ്തു. 

‘ഡബ്ൾ ബാരലി’ന് ശേഷം ലിജോ സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസും’ താൻ വേറിട്ടുതന്നെയാണ് നടക്കുന്നതെന്ന് ഊന്നിപ്പറയുന്ന തരത്തിലായിരുന്നു. ഡബ്ൾ ബാരലിനെ പ്രേക്ഷകർ ഉൾകൊണ്ടില്ലെങ്കിലും അങ്കമാലി പ്രശംസപിടിച്ചു പറ്റി. വേറിട്ട ദൃശ്യപരിചരണം ചേർത്ത് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ തന്നെയാണ് അങ്കമാലി ഡയറീസും കഥ പറഞ്ഞത്. പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തിയ ചിത്രം ലിജോ മാജിക്കിൽ കൈയടി നേടി. 

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കാവുന്ന തരത്തിൽ സിനിമകളെടുക്കാമെന്ന് കാണിച്ചു തന്ന ചിത്രമായിരുന്നു പാർവതി പ്രധാന വേഷത്തിലെത്തിയ ‘ടേക് ഒാഫ്’. യുദ്ധമേഖലകളിൽ  ജോലി ചെയ്യേണ്ടി വരുന്ന മലയാളി നഴ്സുമാരുടെ ജീവിതം വരച്ചുകാട്ടിയ ചിത്രം കേരളത്തിൽ മാത്രമല്ല വിവിധ ചലച്ചിത്രമേളകളിലും കൈയടി നേടി. ഗോവയിൽ നടന്ന അന്താരാഷട്ര ചലച്ചിത്രമേളയിൽ പാർവതിക്ക് മികച്ച നടിക്കുള്ള രജത മയൂരവും ലഭിച്ചു. കൊച്ചി, മട്ടാഞ്ചേരിയിലെ ഇച്ചാപ്പിയും ഹസീബും പറവയുമായെത്തിയതും പ്രേക്ഷകർ നെഞ്ചേറ്റി. സൗബിന്‍റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രവും പ്രേക്ഷകരെ നിരാശരാക്കിയില്ല. 

ഡോ. ബിജുവിന്‍റെ ‘കാട് പൂക്കുന്ന നേരം’ വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയതും മലയാളത്തിന് നേട്ടമായി. അധികാര വർഗത്തിന്‍റെ ചൂഷണത്തിനും അടിച്ചമർത്തലിനും ഇരയാകുന്ന ദലിതരെയും ആദിവാസികളെയും അഭിമുഖീകരിക്കുന്ന സിനിമ മാവോയിസ്റ്റ് ഭീഷണി സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതിലെ പൊരുത്തക്കേടും പൊള്ളത്തരവും തുറന്നുകാട്ടുന്നു.  

ഈ ചിത്രങ്ങളെല്ലാം റിയലിസ്റ്റിക് ആഖ്യാനത്തിലൂടെയാണ് കഥ പറഞ്ഞതെന്ന കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അൺ റിയലിസ്റ്റിക്കിൽ നിന്ന് റിയലിസത്തിലേക്കുള്ള പ്രേക്ഷകരുടെ ഗതിമാറ്റം കൂടി ഇതിലൂടെ മനസിലാക്കാം. 

തിയറ്റർ ഹിറ്റുകൾ
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദി ഗ്രേറ്റ് ഫാദര്‍, എസ്ര, ഗോദ, രക്ഷാധികാരി ബൈജു, C/o ഓഫ് സൈറാ ബാനു, രാമന്‍റെ ഏദന്‍ത്തോട്ടം, സി.ഐ.എ, ചങ്ക്സ്, ഒരു മെക്സിക്കൻ അപാരത, തൊണ്ടി മുതലും ദൃക്സാക്ഷിയും, അങ്കമാലി ഡയറീസ്, ടേക് ഒാഫ്, പറവ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, രാമലീല, ഉദാഹരണം സുജാത, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, പൈപിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങൾ പണം വാരി. 

നിരാശപ്പെടുത്തിയ ചിത്രങ്ങൾ
വൻ പ്രതീക്ഷകളോടെ എത്തിയ നിരവധി ചിത്രങ്ങളാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയത്. മമ്മൂട്ടി ചിത്രം പുത്തൻ പണം, മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സ്, ഫുക്രി, വീരം, അലമാര, ഹണിബീ 2, ജോർജേട്ടൻസ് പൂരം, ജയറാമിന്‍റെ സത്യ, ടിയാൻ, ദുൽഖർ സൽമാന്‍റെ സോളോ, ആസിഫ് അലി ചിത്രം കാറ്റ് എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ ഒാളമുണ്ടാക്കിയില്ല. 

പരീക്ഷണ ചിത്രങ്ങൾ
ആസിഫ് അലി മുഖ്യ വേഷത്തിലെത്തിയ അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ, ടൊവീനോ തോമസ് നായകനായെത്തിയ തംരംഗം എന്നിവ പരീക്ഷണത്തിന്‍റെ പുതിയ തലങ്ങൾ അവതരിപ്പിച്ചു. തരംഗം തമാശയിലൂന്നിയ കഥ പറച്ചിലായതിനാൽ പ്രേക്ഷക പ്രശംസ നേടുകയും അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടനെ പ്രേക്ഷകർ കൈവിടുകയും ചെയ്തു. 

പുരസ്കാര നേട്ടം
സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ‘മിന്നാമിനുങ്ങ്’, ഡോ ബിജുവിന്‍റെ കാട് പൂക്കുന്ന നേരം, സലീം കുമാർ സംവിധാനം ചെയ്ത ‘കറുത്ത ജൂതൻ’, ടേക് ഒാഫ്, സനൽ കുമാർ ശശിധരന്‍റെ എസ് ദുർഗ, എന്നീ ചിത്രങ്ങൾ പുരസ്കാരങ്ങൾ സ്വന്തമാക്കി. മിന്നാമിനുങ്ങിലൂടെ സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് എടുത്ത പറയേണ്ടത്. 

തമിഴിൽ ബോക്സ് ഒാഫീസ് ഹിറ്റുകൾ
മലയാളത്തെ അപേക്ഷിച്ച് തമിഴ് ബോക്സ് ഒാഫീസ് ഹിറ്റുകളെ സൃഷ്ടിച്ചു. വിജയുടെ മെർസലിലുണ്ടായ വിവാദമാണ് തമിഴ് സിനിമയെ പിടിച്ചു കുലുക്കിയത്.  മലയാളത്തിൽ നിന്ന് വ്യത്യസ്തമായി നിരവധി ചിത്രങ്ങൾ തിയേറ്ററുകളിൽ കൈയ്യടി നേടി. വേറിട്ട ചിത്രവുമായി വിജയ് സേതുപതി ഇത്തവണയും തന്‍റെ സ്ഥാനം അരക്കെട്ടുറപ്പിച്ചു. വിക്രം വേദയിലൂടെയുണ്ടായ വലിയ വിജയത്തിലൂടെ സേതുപതി സൂപ്പർതാര പദവിക്ക് കൂടി അർഹമായി. 

ഹിറ്റ് ചിത്രങ്ങൾ
തല അജിത്ത് ചിത്രം വിവേഗം, വിജയ് ചിത്രം മെർസൽ, വിക്രം വേദ, കുട്ട്രം 23, സൂര്യയുടെ സിങ്കം 3, കാർത്തിയുടെ തീരൻ അധികം ഒൻട്ര്, വിശാലിന്‍റെ തുപ്പരിവാളൻ, ജ്യോതികയുടെ മഗിളർ മട്ടും, നയൻതാരയുടെ ഡോറ, ജയം രവിയുടെ ബോഗൻ എന്നിവ തിയേറ്ററുകളിൽ വിപണി വിജയം കൊയ്തു. 

മികച്ച ചിത്രങ്ങൾ
മാനഗരം, കുരങ്ങുബൊമ്മൈ, വിക്രംവേദ, അരം, തീരൻ അധികാരം ഒൻട്ര്, താരാമണി, അരുവി എന്നീ ചിത്രങ്ങൾ നിരൂപകശ്രദ്ധ നേടി. 

ഹോളിവുഡ് ഹിറ്റുകൾ

ഗെറ്റ് ഒൗട്ട്, ഡൻകിർക്, വണ്ടർ വുമൻ, ഇറ്റ്, കോകോ, വാർ ഫോർ ദ പ്ലാനറ്റ് ഒാഫ് ദ ആപ്, ദ ബിഗ് സിക്ക്, ദ സ്പൈഡർമാൻ; ഹോം കമിങ് എന്നിവയാണ് ഹോളിവുഡിലെ ബിഗ് ഹിറ്റുകൾ

വിവാദങ്ങൾ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ ചരിത്രത്തിൽ വിള്ളൽ വീഴ്ത്തിയ കാലമാണ്. ഈ വർഷമാണ് സംഭവമുണ്ടായതെങ്കിലും അതിന്‍റെ അലയൊലി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സംഭവം സിനിമ സംഘടനകളിൽ തന്നെ വിള്ളൽ വീഴ്ത്തുകയും ചെയ്തു. ഈ വിവാദത്തിന്‍റെ ബാക്കി പത്രമായാണ് സിനിമയിലെ സ്ത്രീവിരുദ്ധത ചർച്ചയായത്. അതിപ്പോഴും തുടരുന്നു. സനൽകുമാർ ശശിധരന്‍റെ ‘എസ് ദുർഗ’യും വിവാദങ്ങളിൽ അകപ്പെട്ടു. വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരം നേടിയ ചിത്രത്തിന്​ ഇന്ത്യയിൽ പ്രദർശനാനുമതി ലഭിച്ചില്ല. ഗോവ ചലച്ചിത്ര മേളയിൽ നിന്ന് ചിത്രം പിൻവലിക്കുകയും പിന്നീട് സെൻസർ ബോർഡ് ചിത്രത്തിന്‍റെ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു.

ദീപിക പദുകോണും റൺവീർ സിങ്ങും പ്രധാന വേഷത്തിലെത്തിയ ‘പത്മാവതി’ക്കെതിരെ ഹിന്ദു സംഘടനകൾ രംഗത്തെത്തിയതോടെ ചിത്രത്തിന്‍റെ റിലീസിങ് നീട്ടിവെച്ചു. 14ാം നൂ​റ്റാ​ണ്ടി​ലെ ര​ജ​പു​ത്ര രാ​ജ്​​ഞി പ​ത്മാ​വ​തി​യു​ടെ ക​ഥ​യാ​ണ്​ സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. ഖിൽജിയും പത്മാവതിയും തമ്മിൽ ഇടകലർന്ന് അഭിനയിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധമുയർന്നത്.
വിജയ് ചിത്രം മെർസലും വാർത്തകളിൽ ഇടം നേടി. ചിത്രത്തിൽ ജി.എസ്.ടിയെയും ഡിജിറ്റൽ ഇന്ത്യയെയും പരിഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി രംഗത്തെത്തിയതോടെ വിവാദം മുറുകി. ഇത് ചിത്രത്തിന് അനുകൂലമായി ഭവിക്കുകയും ചിത്രം വലിയ വിജയം നേടുകയും ചെയ്തു.

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിയെ  ഈ വർഷത്തെ ഐ.എഫ്.എഫ്കെയിൽ ആദരിക്കാത്തതും വാർത്തയായി. സുരഭിയെ ക്ഷണിച്ചില്ലെന്നും എന്നാൽ ഗോവ ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ പാർവതിയെ ക്ഷണിച്ചുവെന്നും ചൂണ്ടിക്കാട്ടി സോഷ‍്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു. പിന്നീട് സുരഭി തന്നെ ചലച്ചിത്ര മേളക്കെത്തി വിവാദം അവസാനിപ്പിച്ചു. അതിനിടെ ചലച്ചിത്ര മേളയിൽ പങ്കെടുത്ത പാർവതി ‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയതും ചർച്ചയായി. പാർവതി മമ്മൂട്ടിയെ വിമർശിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും പാർവതിയെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തുവന്നത് കാണാനും ചലച്ചിത്ര ലോകം സാക്ഷിയായി.

ലൈംഗിക അതിക്രമങ്ങൾ തുറന്നുപറയാൻ സ്ത്രീകൾക്ക് പ്രചോദനമായ ട്വിറ്റർ ക്യാമ്പൈന് തുടക്കമിട്ടത് ഹോളിവുഡാണ്. മീ ടൂ എന്ന് പേരിട്ടിരിക്കുന്ന ഹാഷ്ടാഗ് ക്യാമ്പൈൻ അമേരിക്കൻ അഭിനേത്രിയായ അലീസ മിലാനോയുടെ ട്വീറ്റാണ് ക്യാമ്പൈന് തുടക്കം കറിച്ചത്. പിന്നീട് നിരവധി നടിമാർ ലൈംഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞു. ഇന്ത്യയിൽ നിന്ന് ആയിരങ്ങൾ "മീ ടു' വിനൊപ്പം ചേർന്നപ്പോൾ കേരളത്തിൽ നിന്നും നടിമാരായ റിമ കല്ലിങ്കൽ, സജിത മഠത്തിൽ തുടങ്ങിയ പ്രമുഖരുൾപ്പെടെ നിരവധിപ്പേരും ക്യാമ്പൈന്‍റെ ഭാഗമായി.

ഐ.എം.ഡി.ബി തെരഞ്ഞെടുത്ത പത്ത് ഇന്ത്യൻ ചിത്രങ്ങൾ

ഇന്‍റര്‍നെറ്റ് മൂവി ഡേറ്റ ബേസ് അഥവ ഐ.എം.ഡി.ബി 2017 ലെ മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ മലയാള ചിത്രവും രണ്ട് തമിഴ് ചിത്രങ്ങളും ഉൾപെട്ടുവെന്നത് തെല്ലൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. 

1-മാധവനും വിക്രം സേതുപതിയും തകര്‍ത്തഭിനയിച്ച ‘വിക്രംവേദ’

2-ബാഹുബലി

3-തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡി

3- സീക്രട്ട് സൂപ്പര്‍ സ്റ്റാർ

 4-ഹിന്ദി മീഡിയം

5-ദ ഘാസി അറ്റാക്ക്

 6-ടോയ്‌‌ലറ്റ് ഏക് പ്രേം കഥ

7-ജോളി എല്‍എല്‍ബി

8-മെര്‍സൽ

9-ദ ഗ്രേറ്റ് ഫാദര്‍

 

Tags:    
News Summary - Best Movies in 2017 Year Ender-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.