'പുരുഷാധിപത്യ സമൂഹത്തിൽ അവർ ചെയ്ത മറ്റൊരു വേഷമായിരുന്നു അത്...'; സാവിത്രിയെക്കുറിച്ച് കമൽഹാസൻ

60 വർഷത്തിലേറെയായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് നടൻ കമൽഹാസൻ. നിരവധി പ്രതിഭാധനരായ അഭിനേതാക്കളുമായും സംവിധായകരുമായും പ്രവർത്തിച്ച പരിചയം അദ്ദേഹത്തിന് ഉണ്ട്. അടുത്തിടെ നടന്ന മനോരമ ഹോർത്തൂസിൽ സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സിനിമ നടിയും സംവിധായകയുമായ സാവിത്രിയെക്കുറിച്ചും കമൽഹാസൻ സംസാരിച്ചു.

നടിമാർ അഭിനയിക്കാൻ മാത്രം കഴിവുള്ളവരാണെന്ന് പണ്ട് പറയാറുണ്ടായിരുന്നല്ലോ എന്ന് അവതാരകൻ പറഞ്ഞപ്പോൾ കമൽഹാസൻ ഇടപെടുകയായിരുന്നു. സംവിധായകരേക്കാൾ മികച്ച നടിമാരെ താൻ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാവിത്രി അങ്ങനെയൊരു വ്യക്തിയായിരുന്നെന്നും അവർ തനിക്ക് അമ്മയെപ്പോലെയാണെന്നും കമൽഹാസൻ പറഞ്ഞു. 'സാവിത്രി കൂടുതൽ സിനിമകൾ സംവിധാനം ചെയ്യാൻ പ്രാപ്തി ഉള്ളവരായിരുന്നു. പക്ഷെ അവർ മൗനം അഭിനയിച്ചു. പുരുഷാധിപത്യ സമൂഹത്തിൽ അവർ ചെയ്ത മറ്റൊരു വേഷമായിരുന്നു അത്'- കമൽഹാസൻ പറഞ്ഞു.

1968ൽ പുറത്തിറങ്ങിയ 'ചിന്നാരി പാപലു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാവിത്രി സംവിധായികയായി അരങ്ങേറ്റം കുറിച്ചത്. ജവ്വയ്യ, ജമുന, സൗക്കാർ ജാനകി എന്നിവർ ചിത്രത്തിൽ അഭിനയിച്ചു. ഇതേ ചിത്രം തമിഴിൽ 'കുഴന്തൈ ഉള്ളം' എന്ന പേരിൽ പുനർനിർമിച്ചു. ജെമിനി ഗണേശൻ, വാണിശ്രീ, സൗക്കാർ ജാനകി എന്നിവർ അഭിനയിച്ചു. എന്നാൽ ഇതിനുശേഷം സാവിത്രി മറ്റൊരു സിനിമയും സംവിധാനം ചെയ്തില്ല.

അതേസമയം, ഹോർത്തൂസിന്‍റെ വേദിയിൽ കമല്‍ഹാസനൊപ്പം മഞ്ജു വാര്യരും ഉണ്ടായിരുന്നു. കേരളം എന്ന് മഞ്ജു വാര്യരെ ശ്രദ്ധിച്ച് തുടങ്ങിയോ അന്ന് താനും ശ്രദ്ധിച്ച് തുടങ്ങിയെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കേരളം ശ്രദ്ധിക്കുന്നതെല്ലാം താനും ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ എപ്പോഴും കേരളത്തിന്റെ ഒരു പ്രേക്ഷകനാണ്. അങ്ങനെ കണ്ടതാണ് മഞ്ജുവിനെയും. ‘ഇതാരാണ്’ എന്ന് ചോദിക്കുന്നതാണ് ഒരു കലാകരനെ കുറിച്ച് കേള്‍ക്കാവുന്ന ഏറ്റവും മികച്ച ചോദ്യം. മലയാളികള്‍ മഞ്ജുവിനെ ശ്രദ്ധിച്ച് തുടങ്ങിയത് മുതല്‍ ഞാനും മഞ്ജുവിനെ ശ്രദ്ധിക്കുന്നുണ്ട്. മഞ്ജുവിന് തമിഴ് വായിക്കാനും എഴുതാനും അറിയാം. പക്ഷേ എനിക്ക് മലയാളം വായിക്കാനറിയില്ല’ -കമല്‍ഹാസന്‍ പറഞ്ഞു. 

Tags:    
News Summary - Kamal Haasan praises this legendary actor's directorial skills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.