നടൻ ഹരീഷ് കണാരൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ബാദുഷ. വിഷയത്തിൽ ഹരീഷ് കണാരൻ പ്രതികരിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് ഫേസ് ബുക്കിലൂടെയാണ് പ്രതികരണം. ബാദുഷ വിളിച്ചിരുന്നോ എന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ വിളിച്ചിരുന്നു സെറ്റിലാക്കാം എന്ന് പറഞ്ഞു എന്നാണ് ഹരീഷ് പറയുന്നത്. എന്നാൽ താൻ വിളിച്ചിട്ട് ഹരീഷും ഭാര്യയെയും ഫോൺ എടുത്തില്ലെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
'ഹരീഷിനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ വിളിച്ചു ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ഈ ജനങ്ങളുടെ മുന്നിൽ ഇത്രക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്തുതീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്‍റെ റേച്ചൽ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്‍റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരുപാട് നന്ദി' - ബാദുഷ എഴുതി.
ബാദുഷാക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹരീഷ് കണാരൻ മുന്നോട്ട് വെച്ചത്. 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിട്ട് തിരിച്ചുനൽകിയില്ലെന്നും സംഘടനയില്‍ അടക്കം പരാതി നൽകിയതിന്റെ പേരിൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് ഹരീഷ് കണാരൻ പറഞ്ഞത്. കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റിനിർത്താൻ ഇടപെടുന്നതെന്ന് നേരത്തെ തന്നെ ഹരീഷ് കണാരൻ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ബാദുഷയാണ് ആ നിർമാതാവെന്ന് ഹരീഷ് വെളിപ്പെടുത്തിയത്.
അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു. 'ഞാൻ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര്. ബാദുഷ. ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് തീരെ സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്. സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. 'എ.ആർ.എം'അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു.
പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു. എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'എ.ആർ.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി.' എന്ന് ഹരീഷ് കണാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.