കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ കഥാപാത്രത്തെ ബോളിവുഡ് നടൻ രൺവീർ സിങ് അനുകരിച്ചത് വിമർശനത്തിന് വഴിവെച്ചിരുന്നു. അദ്ദേഹം ക്ഷമാപണം നടത്തിയതിന് ശേഷവും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ, പവിത്രമായ ദൈവ പാരമ്പര്യത്തെ അപമാനിച്ചുകൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബംഗളൂരുവിൽ നിന്നുള്ള അഭിഭാഷകൻ പ്രശാന്ത് മെത്തൽ നടനെതിരെ പരാതി നൽകിയിരിക്കുകയാണ്.
എന്നാൽ, ഇതുവരെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഗോവയിൽ നടന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐ.എഫ്.എഫ്.ഐ) സമാപന ചടങ്ങിനിടെ വേദിയിൽ രൺവീർ പവിത്രമായ 'ദൈവ' പാരമ്പര്യത്തെ പരിഹസിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
'ബോളിവുഡ് നടൻ രൺവീർ സിങ്ങിന്റെ നിയമവിരുദ്ധവും കുറ്റകരവുമായ പ്രവൃത്തികൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ് ഞാൻ ഈ പരാതി നൽകുന്നത്. ഇത് എന്റെയും ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും, പ്രത്യേകിച്ച് കർണാടകയിലെ തുളു സംസാരിക്കുന്ന സമൂഹത്തിന്റെയും വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി' -എന്ന് പ്രശാന്ത് പരാതിയിൽ പറയുന്നു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 299 (മതവികാരങ്ങളെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ പ്രവൃത്തി), 302 (മറ്റൊരു വ്യക്തിയുടെ മതവികാരങ്ങളെ മനഃപൂർവം മുറിവേൽപ്പിക്കൽ), 196 (മതം, വംശം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ വിദ്വേഷം വളർത്തൽ) എന്നിവ പരാതിയിൽ ഉദ്ധരിക്കുന്നുണ്ട്.
എന്നാൽ സിനിമയിലെ ഋഷഭിന്റെ അവിശ്വസനീയമായ പ്രകടനത്തെ എടുത്തുകാണിക്കുക എന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്നും ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എത്രമാത്രം പരിശ്രമം ആവശ്യമാണെന്ന് തനിക്കറിയാമെന്നും രൺവീർ സിങ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. രാജ്യത്തെ എല്ലാ സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും എപ്പോഴും ബഹുമാനിച്ചിട്ടുണ്ട്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു എന്നും രൺവീർ സിങ് എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.