??????? ???????????

കൊതിപ്പിച്ച സിനിമകള്‍

വേറിട്ട ശൈലികൊണ്ടും ആശയങ്ങള്‍ കൊണ്ടും സമ്പന്നമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഇറാന്‍ സംവിധായകന്‍ അബ്ബാസ് കിയറോസ്തമിയുടെ സിനിമകള്‍. ലളിതവും സങ്കീര്‍ണവുമായ മുഹൂര്‍ത്തങ്ങള്‍ അദ്ദേഹത്തിന്‍െറ സിനിമകളില്‍ ഒരേപോലെ ഒന്നിക്കുന്നു. ലോകത്തിലെ തന്നെ പുതുതലമുറയില്‍ പെട്ട പലരെയും സിനിമാ സംവിധാനത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തി അബ്ബാസ് കിയറോസ്തമിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, പ്രത്യേകിച്ച് കേരളത്തില്‍. അതുവരെ മറ്റാരും സ്വീകരിക്കാത്ത ശൈലിയാണ് സംവിധാനത്തില്‍ അദ്ദേഹം സ്വീകരിച്ചത്.

എല്ലാവരും പ്രധാന നടന്മാരെയോ അല്ളെങ്കില്‍ അഭിനയത്തില്‍ മുന്‍പരിചയമുള്ളവരെയോ അഭിനേതാക്കളായി തെരഞ്ഞെടുത്തപ്പോള്‍ അതിസാധാരണക്കാരായവരെ നടന്മാരാക്കുകയാണ് അദ്ദേഹം ചെയ്തത്. പതിവു സംവിധായകരീതികളെ അപേക്ഷിച്ച് ഏറെ ബുദ്ധിമുട്ടേറിയതാണ് ഈ ശൈലി. പക്ഷേ, അതിവിദഗ്ധമായി തന്‍െറ ‘സാധാരണ’ നടന്മാരെ അദ്ദേഹം കാമറക്കു മുന്നില്‍ ജീവിപ്പിച്ചു. അതുതന്നെയാണ് അദ്ദേഹത്തിന്‍െറ വലിയ പ്രത്യേകതയും. ഈ ശൈലി മലയാളത്തിലെ പല പുതിയ സംവിധായകരും പരീക്ഷിക്കുന്നതു കാണാം.

1977ല്‍ ‘റിപ്പോര്‍ട്ട്’ എന്ന ചിത്രത്തിലൂടെയാണ് കിയറോസ്തമി സിനിമാസംവിധാനരംഗത്തേക്ക് വരുന്നത്. 1987ല്‍ പുറത്തിറങ്ങിയ ‘വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം?’ എന്ന ചിത്രമാണ് അദ്ദേഹത്തിന് ആദ്യമായി പുരസ്കാരം നേടിക്കൊടുക്കുന്നത്. വീണ്ടും പത്തു വര്‍ഷത്തിനുശേഷം 1997ലാണ് കിയറോസ്തമി ലോകസിനിമയില്‍ കൃത്യമായ ആധിപത്യമുറപ്പിക്കുന്നത്. ആ വര്‍ഷം പുറത്തിറങ്ങിയ ‘ടേസ്റ്റ് ഓഫ് ചെറീസ്’ അദ്ദേഹത്തിന് പാം ഡി ഓര്‍ പുരസ്കാരം നേടിക്കൊടുത്തു. മുപ്പതു വര്‍ഷങ്ങള്‍ക്കിടയിലുള്ള അദ്ദേഹത്തിന്‍െറ പ്രയത്നവും കാത്തിരിപ്പും കൂടി കിയറോസ്തമി പുതിയ തലമുറയിലെ സംവിധായകരെ പഠിപ്പിക്കുന്നുണ്ട്, എങ്ങനെ മികച്ച സിനിമക്കാരനാവാമെന്നും അതിനെത്ര കണ്ട് പ്രവര്‍ത്തിക്കണമെന്നും.

ഇറാന്‍ സിനിമയെ ലോകം മുഴുവന്‍ എത്തിക്കുന്നതിലും പ്രധാന പങ്ക് അദ്ദേഹത്തിനുതന്നെയായിരുന്നു. പല ചലച്ചിത്രമേളകളിലും ഇറാന്‍ സിനിമകളെ ജനകീയമാക്കുന്നതില്‍ കിയറോസ്തമിയുടെ സിനിമകള്‍ തന്നെയാണ് തുടക്കം കുറിച്ചത്. പിന്നീട് പലരും ഇറാനില്‍ നിന്ന് ലോകസിനിമയിലത്തെിയെങ്കിലും ഇറാനിലെ മികച്ച സംവിധായകന്‍ കിയറോസ്തമി തന്നെയാണെന്നാണ് എന്‍െറ അഭിപ്രായം. സിനിമയെ മറ്റൊരു തലത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്. കാവ്യാത്മകമായും ദാര്‍ശനികമായും ഫ്രെയിമിലൂടെ കാഴ്ചക്കപ്പുറം പറഞ്ഞുമൊക്കെയാണ് അദ്ദേഹത്തിന്‍െറ സിനിമകള്‍ കാഴ്ചക്കാരനെ കൊതിപ്പിക്കുന്നത്. ഒരേ സമയം ചിത്രകാരനും കവിയും ഫോട്ടോഗ്രാഫറും സംവിധായകനുമായതിനാലാവാം ആ സിനിമകളില്‍ അതു സാധ്യമായത്.

പുതുമുഖങ്ങളെ കൈപ്പിടിച്ചുയര്‍ത്താനും കിയറോസ്തമി എന്നും ശ്രമിച്ചിരുന്നു. പലരുടെയും സിനിമ നിര്‍മിക്കാനും തിരക്കഥ എഴുതാനും അദ്ദേഹം മടി കാണിച്ചില്ല. ശിഷ്യനായ ജാഫര്‍ പനാഹിയുടെ ആദ്യസിനിമക്ക് തിരക്കഥ തയാറാക്കിയത് കിയറോസ്തമിയായിരുന്നു. ഇറാനില്‍ അഹ്മദിനജാദ് അധികാരത്തിലത്തെിയപ്പോള്‍ രാജ്യം വിട്ട അദ്ദേഹം വീണ്ടും രണ്ടു സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. 2010ല്‍ ഇറ്റലിയില്‍ വെച്ച് ‘സര്‍ട്ടിഫൈഡ് കോപ്പി’ എന്ന ചിത്രവും 2012ല്‍ ജപ്പാനില്‍ വെച്ച് ‘ലൈക്ക് സംവണ്‍ ഇന്‍ ലവ്’ എന്ന ചിത്രവും. മതയാഥാസ്ഥിതികര്‍ക്ക് എന്നും കണ്ണിലെ കരടായിരുന്ന അദ്ദേഹം ഒടുവില്‍ സിനിമയെയും ഫ്രെയിമുകളെയും വിട്ടുപറന്നതും മറ്റൊരു രാജ്യത്തു വെച്ചുതന്നെ.

ഇറാന്‍ സിനിമയില്‍ പുതിയ തരംഗത്തിന് തുടക്കം കുറിച്ച അദ്ദേഹത്തിന്‍െറ ഭാഷയും ശൈലിയും പലരും പിന്നീട് ഏറ്റെടുത്തു. 2015ല്‍ ഇറാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്‍െറ സിനിമ പ്രദര്‍ശിപ്പിച്ചത് ആ പ്രതിഭക്ക് നിഷേധിക്കാനാവാത്ത അംഗീകാരം തന്നെയായിരുന്നു. ഡോക്യുമെന്‍ററികളും സിനിമകളുമടക്കം അമ്പതോളം സിനിമകള്‍ അദ്ദേഹത്തിന്‍െറതായുണ്ട്. ‘കാണുമ്പോള്‍ ഉറക്കം തൂങ്ങുന്ന ചില സിനിമകളാണ് പിന്നീട് ഉറക്കം നഷ്ടപ്പെടുത്തി ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതെ’ന്നായിരുന്നു സിനിമകളെ കുറിച്ച് അദ്ദേഹത്തിന്‍െറ നിരീക്ഷണം.

2004ല്‍ അബ്ബാസ് കിയറോസ്തമി കേരളത്തിലത്തെിയിരുന്നു. ഐ.എഫ്.എഫ്.കെയില്‍ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്താനായിരുന്നു അദ്ദേഹമത്തെിയത്. ഞാന്‍ അന്നു സിനിമകള്‍ കണ്ടുതുടങ്ങിയ കാലമായിരുന്നു, കിയറോസ്തമിയെ കുറിച്ച് കാര്യമായ അറിവില്ലാത്ത സമയം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കാണാനോ പ്രഭാഷണം കേള്‍ക്കാനോ കഴിഞ്ഞില്ല. പിന്നീട് അദ്ദേഹത്തിന്‍െറ സിനിമകള്‍ കണ്ടപ്പോഴാണ് എനിക്കുണ്ടായ നഷ്ടത്തിന്‍െറ ആഴം മനസ്സിലാവുന്നത്. പിന്നീട് പല ലോകസംവിധായകരെയും കാണാന്‍ കഴിഞ്ഞെങ്കിലും ആ നഷ്ടബോധം ഇന്നും ബാക്കിയാണ്. സമാനതകളില്ലാത്ത ആ ചലച്ചിത്ര വിസ്മയത്തെ കുറിച്ചറിയാന്‍ ഗൊദാര്‍ദിന്‍െറ വരികള്‍ മാത്രം മതി, ‘ലോക സിനിമ ഗ്രിഫിത്തില്‍ തുടങ്ങി അബ്ബാസ് കിയറോസ്തമിയില്‍ അവസാനിക്കുന്നു’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.