ചെന്നൈ: സമാന്തരമായി വളര്‍ന്ന ചരിത്രമാണ് മലയാള സിനിമക്കും മഞ്ഞിലാസിനുമുള്ളത്. ബ്ളാക് ആന്‍ഡ് വൈറ്റ് കാലത്ത് വെള്ളിത്തിരയില്‍ നിര്‍മാതാവിന്‍െറ റോളില്‍ തെളിഞ്ഞുനിന്ന പേരാണ് മഞ്ഞിലാസ്. അമരക്കാരന്‍ തൃശൂരിലെ മഞ്ഞിലാസ് കുടുംബത്തില്‍ നിന്നുള്ള എം.ഒ. ജോസഫ് എന്ന ചുറുചുറുക്കുള്ള യുവാവ്. 1951ലാണ് ജോസഫ് ചലച്ചിത്ര രംഗത്തേക്ക് വന്നത്. തുടക്കത്തില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവിന്‍െറ റോള്‍ അണിഞ്ഞ ജോസഫ് പിന്നീട് ചലച്ചിത്ര കുടുംബത്തിന്‍െറ നാഥനായി. അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സിന്‍െറ ബാനറില്‍ പ്രമുഖ നിര്‍മാതാവായ ടി.ഇ. വാസുദേവനുമൊരുമിച്ച് ഏതാനും സിനിമകളില്‍ സഹകരിച്ചാണ് നിര്‍മാണരംഗത്ത് കാലെടുത്ത് വെച്ചത്.
അമ്മ, ആശാദീപം, സ്നേഹ സീമ തുടങ്ങിയ സിനിമകളാണ് ആദ്യം പിറന്നത്. പോള്‍ ബല്‍ത്താറുമൊരുമിച്ച് നാടന്‍ പെണ്ണ്, തോക്കുകള്‍ കഥ പറയുന്നു എന്നീ ചിത്രങ്ങളുടെയും നിര്‍മാതാവായി. തുടര്‍ന്ന് സ്വതന്ത്ര നിര്‍മാതാവായി. കുടുംബപ്പേരായ മഞ്ഞിലാസിന്‍െറ ബാനറില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകള്‍ നിര്‍മിച്ചു.
ആദ്യ സ്വതന്ത്ര നിര്‍മാണത്തിലൂടെ 1968ല്‍ മലയാറ്റൂരിന്‍െറ ‘യക്ഷി’ പുറത്തിറങ്ങി. തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ കെ.എസ.് സേതുമാധവനായിരുന്നു സംവിധാനം. സത്യന്‍- ശാരദ ജോടികളുടെ ഈ ചിത്രം വന്‍ വിജയമായതോടെ മഞ്ഞിലാസിന് സ്വന്തമായ മേല്‍വിലാസമായി. ഇവിടെ നിന്ന് തുടങ്ങിയ ജോസഫ് - സേതുമാധവന്‍ കൂട്ടുകെട്ടില്‍ തിയറ്ററുകള്‍ നിറഞ്ഞുകവിഞ്ഞു. കടല്‍പാലം, അടിമകള്‍(1969), അരനാഴികനേരം, വാഴ്വേമായം,(1970), അനുഭവങ്ങള്‍ പാളിച്ചകള്‍(1971), ദേവി, പുനര്‍ജന്മം(1972), ചുക്ക്, കലിയുഗം(1973), ചട്ടക്കാരി(1974), അണിയറ(1978), പറങ്കിമല(1981) തുടങ്ങിയ ചിത്രങ്ങള്‍ മഞ്ഞിലാസിന്‍െറ ബാനറില്‍ ഇറങ്ങി. സത്യനായിരുന്നു മിക്ക സിനിമകളിലെയും നായകന്‍.
സത്യന്‍െറ മരണത്തോടെ എം.ഒ. ജോസഫ്- കെ.എസ്. സേതുമാധവന്‍ കൂട്ടുകെട്ട് നിലച്ചു. പലതും ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.