നടിയെ ആക്രമിച്ച കേസിലെ വിധിയോടുള്ള വിയോജിപ്പ് പരസ്യപ്പെടുത്തി പല പ്രമുഖരും രംഗത്തെത്തുന്നുണ്ട്. ഭാഗ്യ ലക്ഷ്മി, പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, കെ.കെ രമ, ഉമ തോമസ്, കെ.കെ ഷൈലജ തുടങ്ങി നിരവധിപ്പേർ അതിജീവിതക്ക് ഐക്യദാർഢ്യം അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടിയെ ആക്രമിച്ച കേസിനെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് പോസ്റ്റ്.
താൻ വായിക്കുന്ന പുസ്തകത്തെക്കുറിച്ചുള്ള പോസ്റ്റിൽ 'ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു' എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇത് കേസിന്‍റെ വിധിയിൽ പ്രതികരിച്ചതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
"വിലയ്ക്കു വാങ്ങാം"
ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ'' কড়ি দিয়ে কিনলাম "ന്റെ മലയാള പരിഭാഷ "വിലയ്ക്കു വാങ്ങാം". മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.
കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയതിൽ വിമർശനം ഉയരുന്നുണ്ട്. കേസിൽ ദിലീപ് ഉൾപ്പെടെ 10 പ്രതികളായിരുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.