കാഞ്ചന കണ്ടോ വെള്ളിത്തിരയിലെ മൊയ്തീനെ?

മുക്കത്തിന്‍റെ ഹീറോ മൊയ്തീന്‍റെയും അവരുടെ പ്രേയസി കാഞ്ചനമാലയുടെയും ജീവിതം അഭ്രപാളിയിലൂടെ സംസ്ഥാനമാകെ ഒരു തരംഗമായിരിക്കുകയാണ്. മതജാതിപ്രായ ഭേദമന്യേ ഒരു ജനത മുഴുവന്‍ മൊയ്തീനെയും കാഞ്ചനമാലയേയും നെഞ്ചിലേറ്റിയിരിക്കുന്നു. വലിയ രാഷ്ട്രീയ നേതാക്കളോ സിനിമാ താരങ്ങളോ ഒന്നുമല്ലാതിരുന്നിട്ടും സ്വന്തം ജീവിതത്തില്‍ കാത്തു സൂക്ഷിച്ച ഉറവ വറ്റാത്ത പ്രണയത്തിന്‍റെ പേരില്‍ മാത്രം ജനങ്ങളില്‍ നിന്ന് ഇത്രയധികം സ്നേഹവും ആദരവും പിടിച്ചു പറ്റിയ അപൂര്‍വ വ്യക്തിത്വങ്ങളായി കാഞ്ചനയും മൊയ്തീനും തിളങ്ങി നില്‍ക്കുന്നു.

എന്നിട്ടും ഈ പറയുന്ന മൊയ്തീന്‍റെ കാഞ്ചന എവിടെയെന്ന് ആരെങ്കിലും തിരക്കുന്നുണ്ടോ? തന്‍റെ പ്രിയതമനെ അവര്‍ വെള്ളിത്തിരയില്‍ ഒരു നോക്കു കണ്ടോ?


'എന്ന് നിന്‍റെ മൊയ്തീന്‍' സിനിമ പുറത്തിറങ്ങിയ ശേഷം അവരുടേതായി മാധ്യമങ്ങളില്‍ വന്ന ഒരു വാര്‍ത്ത ഈ സിനിമ അവര്‍ക്ക് കാണാനാകില്ല എന്ന അവരുടെ ഒരു പ്രസ്താവനയാണ്. എന്താണ് അതിനു കാരണമെന്ന് ആ വാര്‍ത്തകള്‍ വ്യക്തമാക്കുന്നില്ല. അവരുമായി സംസാരിച്ച മാധ്യമ പ്രവര്‍ത്തകരോടൊക്കെ തനിക്ക് സിനിമയെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞതായാണ് അറിയാന്‍ സാധിക്കുന്നത്. കാഞ്ചനച്ചേച്ചി ഈ സിനിമ കണ്ടോ എന്ന് സംവിധായകന്‍ ആര്‍.എസ് വിമലിനോട് ഒരു ചാനല്‍ ചര്‍ച്ചയില്‍ അവതാരകന്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും അതില്‍നിന്ന് ഒഴിഞ്ഞു മാറിയതല്ലാതെ ഒരു ഉത്തരം അദ്ദേഹത്തില്‍ നിന്ന് ലഭിക്കുകയുണ്ടായില്ല.

സിനിമ ഇറങ്ങുന്നതിന് മുമ്പ് കാഞ്ചനമാലയുടെതായി വന്ന വാര്‍ത്തകള്‍ ഈ സിനിമ ഇറങ്ങിയാല്‍ താന്‍ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന ആ അമ്മയുടെ പരസ്യ പ്രസ്താവനകളായിരുന്നു. വയസ്സുകാലത്തും സിനിമക്കെതിരില്‍ അവര്‍ കോടതി കയറിയെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ കേസിന്‍റെ തുടര്‍ നടപടികള്‍ എന്തായിരുന്നെന്നതിനെ സംബന്ധിച്ചും മാധ്യമങ്ങളില്‍ ഫോളോഅപ്പുകള്‍ കാണുന്നില്ല.

അതേസമയം സിനിമ ചരിത്രവുമായി നീതി പുലര്‍ത്തിയില്ല എന്ന് സോഷ്യല്‍ മീഡിയയിലും മറ്റും പരക്കെ ആക്ഷേപമുയരുന്നുണ്ട്. മൊയ്തീന്‍റെ രാഷ്ര്ടീയത്തെ വികലമായും വസ്തുതാവിരുദ്ധവുമായുമാണ് ചിത്രീകരിച്ചതെന്ന് വി.ടി ബല്‍റാം എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇത് ഞങ്ങളുടെ മൊയ്തീനല്ല, വിമലിന്‍റെ മൊയ്തീനാണെന്ന് മുക്കത്തുകാരും പറയാന്‍ തുടങ്ങി. സിനിമയുടെ കലാമൂല്യവും ഉന്നത നിലവാരവുമാണ് അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നത്. കാഞ്ചന ^മൊയ്തീന്‍ ജീവിതം ഒരു സിനിമയില്‍ ഒതുങ്ങില്ളെന്നും അത് വെച്ച് എത്ര സിനിമ വേണമെങ്കിലും ചെയ്യാമെന്ന് നടന്‍ പൃഥ്വിരാജും പ്രതികരിച്ചു. അങ്ങനെ ഒരാളുടെ ജീവിതം വെച്ച് ആര്‍ക്കും തോന്നിയ രീതിയില്‍ എത്ര സിനിമ വേണമെങ്കിലും ചെയ്യാമോ?


അറിഞ്ഞിടത്തോളം ബയോപിക് (ജീവചരിത്ര സിനിമ) വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. ജീവിച്ചിരിക്കുന്ന കാഞ്ചന കൊറ്റങ്ങലിന്‍റേയും മരിച്ചു പോയ ബി.പി. മൊയ്തീന്‍റെയും കഥയാണ് ഈ സിനിമ എന്ന രീതിയില്‍ തന്നെയാണ് ഷൂട്ടിങ്ങിനും മുമ്പു തൊട്ടേ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതിനെ മാര്‍ക്കറ്റു ചെയ്യുന്നത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള ബന്ധം തന്നെയാണ് ഈ സിനിമക്ക് ഇത്ര ജനപ്രീതി നേടിക്കൊടുത്തതെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. അപ്പോള്‍ പിന്നെ ബയോപിക് സിനിമകളില്‍ ചെയ്യേണ്ട മിനിമം നീതി ആ അമ്മയോട് പാലിക്കപ്പെട്ടോ എന്ന് അന്വേഷിക്കേണ്ടതല്ലേ?

ബയോപിക് സിനിമകള്‍ ഇറങ്ങിയിടത്തോളം അവയെച്ചൊല്ലി വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അതില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികളുടെ ജീവിതത്തോടും സംഭവങ്ങളോടും തിരക്കഥകള്‍ നീതി പുലര്‍ത്താത്തതിന്‍റെ പേരിലായിരുന്നു അതില്‍ ഭൂരിഭാഗം തര്‍ക്കങ്ങളും. ഒരു സംഭവകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരു സിനിമ ചെയ്യുന്നതു പോലെയല്ല ഒരു ബയോപിക് ചെയ്യുന്നത്. ബയോപിക് സിനിമകളിലെ വീഴ്ചകള്‍ മാനഹാനി പോലുള്ള വകുപ്പുകള്‍ പ്രകാരം നിയമപരമായി നേരിടാവുന്ന കുറ്റമാണ്. അതു കൊണ്ടാണ് താന്‍ ആകെ സംവിധാനം ചെയ്ത 12 സിനിമകളില്‍ മംഗല്‍ പാണ്ടെ ഉള്‍പ്പെടെ നാല് ബയോപിക് സിനിമകള്‍ ചെയ്തിട്ടുള്ള ബോളിവുഡിലെ കേതന്‍  മെഹ്ത ബയോ പിക് സിനിമ ചെയ്യുന്നതാണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലെ ബയോപിക് സിനിമയായ 'മാഞ്ചി' പുറത്തിറങ്ങിയ വേളയില്‍ കഴിഞ്ഞ മാസം പ്രസ്താവിച്ചത്. അത്തരം സിനിമകളില്‍ വസ്തുതകളില്‍ പിഴവു പറ്റാതിരിക്കാന്‍ (കലാമൂല്യം വര്‍ദ്ധിപ്പിക്കാനല്ളെന്ന് പ്രത്യേകം ശ്രദ്ധിക്കണം) വര്‍ഷങ്ങളുടെ ഗവേഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രം കാണേണ്ടവര്‍ക്ക് ഡോക്യുമെന്‍ററി കണ്ടാല്‍ പോരേ എന്ന് മറുചോദ്യം ഉന്നയിക്കുന്നവര്‍ എന്താണര്‍ത്ഥമാക്കുന്നതെന്ന് അവര്‍ക്കു തന്നെ ബോധ്യമുണ്ടോയെന്ന് നിശ്ചയമില്ളെന്ന് വേണം കണക്കാക്കാന്‍. വസ്തുതകളില്‍ കണിശത കാണിച്ചാല്‍ സിനിമ വിരസമാകും എന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് സംവിധായകന്‍റെ കഴിവിനെ പുച്ഛിക്കുന്നതിനു തുല്യമാണ്. വസ്തുതകളെ വസ്തുതകളായി തന്നെ അവതരിപ്പിച്ച 'ഭാഗ് മില്‍കാ ഭാഗ്' പോലുള്ള സിനിമകള്‍ എത്ര മനോഹരമായാണ് ചെയ്തിരിക്കുന്നത്. ആ സിനിമയുടെ പേരു തന്നെയായ 'ഭാഗ്.. മില്‍കാ...ഭാഗ്' ('ഓടൂ.... മില്‍കാ... ഓടൂ..') എന്ന വാചകം സിനിമയില്‍ ഉടനീളം സംഭാഷണത്തിന്‍റെ ഭാഗമായി ചേര്‍ത്തിരിക്കുന്നു. പറക്കും സിങിന്‍റെ ജീവിതത്തില്‍ അത്തരമൊരു വാചകം ഉണ്ടായിരുന്നേയില്ളെന്നാണ് പറയപ്പെടുന്നത്. എന്നിട്ടും സംവിധായകന്‍ അതുപയോഗിച്ചത്, വസ്തുതകള്‍ക്ക് നിര്‍ദോഷമായ അല്ളെങ്കില്‍ വസ്തുതകളെ പരിപോഷിപ്പിക്കുന്ന അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ കണ്ടത്തൊന്‍ ഒരു നല്ല സംവിധായകന് കഴിയും എന്നാണ്  തെളിയിക്കുന്നത്.
 

വസ്തുതകളിലെ പിഴവു മാത്രമല്ല, ബയോപിക് സിനിമകള്‍ അതില്‍ പ്രതിപാദിക്കപ്പെടുന്ന ആളുകള്‍ക്ക് കോടിക്കണക്കിന് രൂപക്കു വില്‍ക്കാനുള്ള അവകാശവും ഉണ്ട്. തന്‍റെ ജീവിതം സിനിമയാക്കാനുള്ള അവകാശം മില്‍കാ സിങ് ഭാഗ് മില്‍കാ ഭാഗിന്‍റെ സംവിധായകന് കേവലം ഒരു രൂപക്കു വില്‍ക്കുകയാണുണ്ടായത്. യുവാക്കള്‍ക്ക് എന്‍റെ ജീവിതം കൊണ്ടുള്ള ഒരു സിനിമ ഒരു പ്രചോദമനമാവുകയാണെങ്കില്‍ തനിക്ക് സന്തേഷമേയുള്ളൂ എന്ന് പറഞ്ഞാണ് അദ്ദേഹം അതിന്‍റെ വില കേവലം ഒരു രൂപയില്‍ ഒതുക്കിയത്. എന്നാലും അവിടെ ഒരു വില്‍പന നടന്നു എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം. അതേ സമയം തന്നെ, സിനിമയുടെ ലാഭത്തിന്‍റെ നിശ്ചിത ശതമാനം തന്‍റെ പേരിലുള്ള ട്രസ്റ്റിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കണമെന്നും മില്‍കാ സിങ് സിനിമക്കു മുമ്പേ കരാര്‍ ഉറപ്പിച്ചിരുന്നു. സിനിമ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ തുക കിട്ടിയില്ളെന്ന് മാധ്യമങ്ങളില്‍ അദ്ദേഹം കോളിളക്കം സൃഷ്ടിച്ചതും നാം കണ്ടതാണ്.

പറഞ്ഞു വരുന്നത്, കാഞ്ചനച്ചേച്ചിയുടേയും ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടെന്ന് ഉറപ്പു വരുത്തേണ്ടതല്ലേയെന്നാണ്. ജനങ്ങള്‍ ആ സിനിമക്കു നല്‍കുന്ന പണ്ത്തിന്റെ ഒരു പങ്ക് അവരുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന അശരണരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുതല്‍ക്കൂട്ടാക്കുവാന്‍ അവര്‍ക്ക് അവകാശമില്ലേ?  പണത്തിന്റെ കാര്യത്തില്‍ കാഞ്ചനച്ചേച്ചി കടുംപിടുത്തം കാണിക്കില്ലെന്ന് ആ മനസ്സറിയുന്നവര്‍ക്കറിയാമെങ്കിലും കച്ചവട സിനിമക്കാര്‍ അവരോട് ഈ കാര്യത്തില്‍ നീതി കാണിച്ചോ എന്ന് പരിശോധിക്കേണ്ടതല്ലേ?


ഈ സാഹചര്യങ്ങളില്‍ കാഞ്ചനച്ചേച്ചിയുടെ മൗനം അവരുടെ നിസ്സഹായാവസ്ഥയായിരിക്കുമോ? പ്രത്യേകിച്ച് ബി.പി മൊയ്തീന്‍റെ അനിയന്‍റെ മകന്‍ സിനിമയില്‍ അഭിനയിക്കുകയും അനിയന്‍റെ സാക്ഷ്യപത്രം സിനിമയില്‍ കാണിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍? അങ്ങനെ തോന്നുന്നത് നമ്മുടെ വെറും തെറ്റിദ്ധാരണയായിരിക്കട്ടേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. സംവിധായകന്‍ വിമലിനും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ വ്യകതമായ ഉത്തരം നല്‍കാന്‍ ബാധ്യതയില്ലേ? കാഞ്ചനച്ചേച്ചിയെക്കുറിച്ച് ഇന്നേ വരെ എഴുതിയ മാധ്യമപ്രവര്‍ത്തകരൊന്നും എന്തേ ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നില്ല? കാഞ്ചനമാലയുടെ ഒൗദ്യേഗിക ജീവചരിത്രകാരനായ പി.ടി.മുഹമ്മദ് സാദിക്കിനും ഈ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ധാര്‍മിക ഉത്തരവാദിത്വമില്ളേ? ഇവരുടെയെല്ലാം ഇക്കാര്യത്തിലെ മൗനം കുറ്റകരമല്ലേ?

അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരില്‍ അവഹേളനപരമായ സൂചനകളുണ്ടായപ്പോള്‍ കേരളം മുഴുവന്‍ അന്ന് പ്രതിഷേധമുണ്ടായി. മൊയ്തീന്‍ ഞങ്ങള്‍ മുക്കത്തുകാരുടെ മാത്രം ഹീറോ ആയതു കൊണ്ടാണോ അദ്ദേഹത്തിനു വേണ്ടി ആരും പ്രതിഷേധിക്കാത്തത്? ചരിത്രത്തിനും വലിപ്പച്ചെറുപ്പമുണ്ടോ?


പ്രാണനാഥനോടുള്ള പ്രണയത്തിന്‍റെ  ത്യാഗസ്മരണയല്ല കാഞ്ചനച്ചേച്ചിയുടെ ജീവിതം. ഒരു സമൂഹത്തിലെ മതാന്ധതക്കെതിരിലുള്ള സ്വയം സമര്‍പ്പണത്തിന്‍റെ ജീവിക്കുന്ന സ്മാരകമാണവര്‍. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പട്ടാള ഭീകരതക്കെതിരെ വര്‍ഷങ്ങളായി നിരാഹാരമിരിക്കുന്ന ഇറോം ഷര്‍മിള അവിടുത്തെ ജനങ്ങള്‍ക്ക് എപ്രകാരമാണോ, അപ്രകാരം തന്നെയാണ് സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തില്‍ ഒരു സാമൂഹ്യ മാറ്റത്തിനായി സ്വയം സമര്‍പ്പിച്ച കാഞ്ചനച്ചേച്ചിയും. അവരുടെ ജീവിതത്തെ ആഘോഷിക്കുമ്പോള്‍  ആ  മനസ്സ് വേദനിക്കുന്നില്ളെന്ന് മാത്രം നമുക്ക് ആശിക്കാം. സിനിമയുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആരും ആ ജീവിതത്തെ ഉപയോഗിച്ചിട്ടില്ളെന്നും നാം ഉറപ്പു വരുത്തേണ്ടതല്ളേ? ആ ജീവിതത്തോട് ഇത്രയെങ്കിലും സ്നേഹം കാണിക്കാത്ത നാം എങ്ങനെയാണ് പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും വാചാലരാവുക!
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.